Connect with us

Malappuram

ഹജ്ജ് നറുക്കെടുപ്പ് 19ന്

Published

|

Last Updated

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി നറുക്കെടുപ്പ് ഈ മാസം 19 ന് നടക്കും. ഹജ്ജ് അപേക്ഷകളില്‍ തുടര്‍ നടപടികള്‍ നേരത്തെ പൂര്‍ത്തിയാക്കിയതിനാല്‍ നറുക്കെടുപ്പ് നേരത്തെയാക്കാന്‍ സംസ്ഥാന കമ്മിറ്റി കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ അനുമതി തേടിയിരുന്നു.ഇതു പ്രകാരം ഈ മാസം 26 നു നിശ്ചയിച്ചിരുന്ന നറുക്കെടുപ്പ് ഒരാഴ്ച നേരത്തെ 19 ന് നടത്താന്‍ അനുമതി നല്‍കുകയാണുണ്ടായത്. ഇതുമൂലം അവസരം ലഭിക്കുന്നവര്‍ക്ക് പണമടക്കുന്നതുള്‍പ്പടെ യാത്രാ രേഖകള്‍ നേരത്തെ തന്നെ ശരിയാക്കാനാകും .
സുപ്രീം കോടതി നിര്‍ദ്ദേശിച്ച ഹജ്ജ് ഹൈ പവര്‍ കമ്മിറ്റി അംഗംങ്ങള്‍ മെയ് 12,13 തിയതികളില്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റിയുമായി ചര്‍ച്ച നടത്തും. ജസ്റ്റിസ് ബിലാല്‍നാസഖിയുടെ നേതൃത്വത്തിലുള്ള സംഘത്തില്‍ ബീഗം നൂര്‍ ബാനു, മഹ്മൂദ് റഹ്മാന്‍ എന്നിവര്‍ക്ക് പുറമെ കേന്ദ്ര ഹജ്ജ് കാര്യ വകുപ്പ് ജോയിന്റ് സെക്രട്ടരി മൃദുല്‍ കുമാര്‍, ഡോ: എ.കെ കൗശിഖ് എന്നിവരും സഘത്തിലുണ്ട്. സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ സംഘം വിലയിരുത്തും. 35 കുട്ടികള്‍ ഉള്‍പ്പടെ ഈ വര്‍ഷത്തെ മൊത്തം അപേക്ഷകരുടെ എണ്ണം 56,088 ആണ്. ഇവരില്‍ 2,209 പേര്‍ 70 വയസ് പൂര്‍ത്തിയായ റിസര്‍വ് കാറ്റഗറി എ വിഭാഗത്തില്‍ പെട്ടവരും 7,696 പേര്‍ തുടര്‍ച്ചയായി നാല്‌വര്‍ഷം അപേക്ഷിച്ചവരുമാണ്. ബാക്കിയുള്ള 46,148 പേര്‍ ജനറല്‍ വിഭാഗത്തിലാണ് ഉള്‍പ്പെടുന്നത്. ഈ വര്‍ഷം സഊദി സര്‍ക്കാര്‍ വെട്ടിക്കുറച്ച 20 ശതമാനം ഹജ്ജ് കമ്മിറ്റികളില്‍ നിന്നു കൂടിയായതിനാല്‍ സംസ്ഥാനത്തു നിന്ന് മാത്രം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 500 ല്‍ അധികം പേര്‍ക്ക് അവസരം നഷ്ടമാകും. ഈ വര്‍ഷവും ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ അപേക്ഷകര്‍ കേരളത്തില്‍ നിന്നാണ്.

Latest