കസ്തൂരിരംഗന്‍ രംഗം വാഴുന്നു; കണ്‍ഫ്യൂഷനിലായി വലതും ഇടതും

  Posted on: April 1, 2014 1:10 am | Last updated: April 1, 2014 at 1:10 am
  SHARE

  IDUKKIഹൈറേഞ്ച് ഹൈടെന്‍ഷനിലാണ്. ഒരിക്കലും ഒരുമിക്കാത്ത കത്തോലിക്കാ സഭയും കമ്മ്യൂണിസ്റ്റ്് പാര്‍ട്ടിയും ഒരു വശത്ത്. എസ് എന്‍ ഡി പി പിന്തുണയോടെ യു ഡി എഫ് മറുവശത്ത്. എന്നും ജനാധിപത്യ ചേരിയില്‍ നിലനിന്ന ഇടുക്കിയുടെ മനസ്സ് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് വിജ്ഞാപനത്തിന്റെ പേരില്‍ ഇളകുമോ എന്ന് ഉറ്റുനോക്കുകയാണ് രാഷ്ട്രീയ കേരളം.

  കത്തോലിക്കാ സഭ മുന്‍കൈയെടുത്ത് രൂപവത്കരിച്ച ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ നിയമോപദേശകനാണ് എല്‍ ഡി എഫ് സ്വതന്ത്രന്‍ ജോയിസ് ജോര്‍ജ്. കസ്തൂരിരംഗന്‍ വിഷയത്തില്‍ സഭക്ക് എതിരായ നിലപാട് സ്വീകരിച്ച സിറ്റിംഗ് എം പി. പി ടി തോമസിന് സീറ്റ് നഷ്ടമായപ്പോള്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസിനാണ് യു ഡി എഫില്‍ നറുക്കു വീണത്.
  2009ല്‍ 74,796 വോട്ടുകള്‍ക്കാണ് ഫ്രാന്‍സിസ് ജോര്‍ജില്‍ നിന്നും പി ടി തോമസ് സീറ്റ് പിടിച്ചെടുത്തത്. അന്ന് ഇടുക്കി ലോക്‌സഭാ മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലും യു ഡി എഫ് കനത്ത ഭൂരിപക്ഷം നേടിയിരുന്നു. പിന്നീട് മാണി ഗ്രൂപ്പില്‍ ലയിച്ച് യു ഡി എഫിലെത്തിയ കേരളാ കോണ്‍ഗ്രസ് (ജെ)യുടെ നേതാവ് ഫ്രാന്‍സിസ് ജോര്‍ജ് ഇടുക്കി സീറ്റിന് വേണ്ടി ഇക്കുറി ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല. ജോസഫ് വിഭാഗം എത്തിയിട്ടും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടുക്കി, മൂവാറ്റുപുഴ, കോതമംഗലം, തൊടുപുഴ നിയോജക മണ്ഡലങ്ങളില്‍ മാത്രമാണ് യു ഡി എഫിന് വിജയിക്കാനായത്.
  ദേവികുളം, പീരുമേട്, ഉടുമ്പഞ്ചോല മണ്ഡലങ്ങള്‍ എല്‍ ഡി എഫ് നിലനിര്‍ത്തി. എങ്കിലും കണക്കുകളില്‍ യു ഡി എഫിന് ആശ്വസിക്കാം. മൂന്ന് മണ്ഡലം നഷ്ടപ്പെട്ടിട്ടും യു ഡി എഫിന് ഇടുക്കി ലോക്‌സഭാ മണ്ഡലത്തില്‍ 37,371 വോട്ടിന്റെ ഭൂരിപക്ഷമുണ്ട്. 1977ല്‍ മണ്ഡലം പിറന്നപ്പോള്‍ മുതല്‍ 2009 വരെ മൂന്ന് വട്ടമൊഴികെ ഇടുക്കി യു ഡി എഫിനൊപ്പമായിരുന്നു എന്ന മണ്ഡലത്തിന്റെ അടിസ്ഥാന മനസ്സും അവര്‍ക്കു ബലം പകരുന്നു. പക്ഷേ, സഭയും ഇടുക്കി ബിഷപ്പും ഉടക്കിനില്‍ക്കുന്നതും എല്‍ ഡി എഫ് സ്ഥാനാര്‍ഥി സഭയുടെ സ്വന്തം ആളാകുകയും ചെയ്തതും സഭയുടെ കുഞ്ഞാടുകളായ കേരളാ കോണ്‍ഗ്രസിന്റെ പതര്‍ച്ചയും യു ഡി എഫിനെ വിഷമവൃത്തത്തിലാക്കുന്നു.
  ഇടുക്കിയില്‍ കത്തോലിക്കാ സഭയുമായി അടുപ്പമുള്ളയാളാണ് ഡീന്‍ കുര്യോക്കോസ്. രാഹുല്‍ ബ്രിഗേഡിലെ കരുത്തന്‍. കാസര്‍കോട്ടു നിന്ന് തിരുവനന്തപുരത്തേക്ക് യുവകേരളയാത്ര നടത്തി ഡീന്‍ ശ്രദ്ധനേടി. ഈ യാത്രയില്‍ പങ്കാളിയാകാനെത്തിയപ്പോഴാണ് രാഹുല്‍ ഗാന്ധി പോലീസ് വാഹനത്തിനു മുകളില്‍ കയറിയതും വിവാദമായതും.
  ഇടുക്കിയിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ഡീന്‍ പ്രത്യക്ഷപ്പെട്ടതു തന്നെ പി ടി തോമസിന്റെ താങ്ങിലും തണലിലുമാണ്. എന്നാല്‍, പി ടി തോമസ് സഭയോട് ഇടഞ്ഞപ്പോഴും യൂത്ത് കോണ്‍ഗ്രസ് നേതാവെന്ന നിലയില്‍ ഡീന്‍ കുര്യാക്കോസ് ഇത്തരം വിഷയങ്ങളില്‍ പ്രതികരിച്ചിരുന്നില്ല. യൂത്ത് കോണ്‍ഗ്രസ് ഇടുക്കി പാര്‍ലിമെന്റ് മണ്ഡലം പ്രസിഡന്റ് ബിജോ മാണിയാണ് അത്തരം സന്ദര്‍ഭങ്ങളില്‍ പി ടിക്കുവേണ്ടി രംഗത്തിറങ്ങിയിരുന്നത്. എന്നാല്‍, നിര്‍ണായക സന്ദര്‍ഭം വന്നപ്പോള്‍ ഡീനിന്റെ തന്നെ പേര് മുന്നോട്ടുവെക്കാന്‍ പി ടി തോമസ് മടിച്ചില്ല. ഡീനിന്റെ ഈ വിവാദരഹിതമുഖമാണ് കോണ്‍ഗ്രസിന് പ്രതീക്ഷ പകരുന്നത്. പക്ഷേ, ഇടുക്കി രൂപത ആസ്ഥാനത്തെത്തിയ ഡീനിനെ ബിഷപ്പ് പരസ്യമായി ശകാരിച്ചതും അതേ തുടര്‍ന്നുണ്ടായ വിവാദങ്ങളും പുത്തരിയില്‍ കല്ലുകടിയായി.
  ഇടുക്കിയിലെ ആദ്യകാല കുടിയേറ്റ കര്‍ഷകനും വാഴത്തോപ്പ് മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായ പാലിയത്ത് പി ജെ ജോര്‍ജിന്റെയും മേരിയുടെയും മകനാണ് എല്‍ ഡി എഫ്- ഹൈറേഞ്ച് സംരക്ഷണ സമിതി സംയുക്ത സ്ഥാനാര്‍ഥി ജോയിസ് ജോര്‍ജ്. 2006 മുതല്‍ ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ നിയമോപദേഷ്ടാവാണ്. പട്ടയ കേസുകളില്‍ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും ഹൈറേഞ്ച് സംരക്ഷണ സമിതിക്കുവേണ്ടി ഹാജരായി. നിലവില്‍ ഗാഡ്ഗില്‍- കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ സംബന്ധിച്ച കേസുകളില്‍ സമിതിക്കുവേണ്ടി ദേശീയ ഹരിത ട്രൈബ്യൂണല്‍ മുമ്പാകെ ഹാജരാകുന്നു.
  ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് സാബു വര്‍ഗീസിനെയാണ് ബി ജെ പി രംഗത്തിറക്കിയിരിക്കുന്നത്. 2004ല്‍ 58,290 വോട്ട് നേടിയ ബി ജെ പിക്ക് 2009ല്‍ ഇവിടെ ലഭിച്ചത് 28,227 വോട്ട് മാത്രമാണ്. എല്‍ ഡി എഫ് സ്വതന്ത്ര സ്ഥാനാര്‍ഥി അഡ്വ. ജോയിസ് ജോര്‍ജിന് രണ്ട് അപരന്‍മാരുടെ ഭീഷണിയുണ്ട്. മറ്റ് പതിനാറ് സ്ഥാനാര്‍ഥികളാണ് ഇടുക്കിയില്‍ മത്സരരംഗത്തുള്ളത്. കസ്തൂരിരംഗന്‍ ചര്‍ച്ചയും മറ്റു ആരോപണങ്ങളും നടമാടുമ്പോള്‍ തിരഞ്ഞെടുപ്പ് ഫലം എന്താകുമെന്ന് കണ്ടറിയുക തന്നെവേണം.