Connect with us

Ongoing News

കുരുക്ഷേത്രഭൂമിയില്‍ ക്യാപ്റ്റനും ജെയ്റ്റ്‌ലിയും

Published

|

Last Updated

അമൃത്‌സര്‍: ബി ജെ പിയില്‍ മോദി പക്ഷത്തിന്റെ കാര്യങ്ങള്‍ തീരുമാനിക്കുന്നതില്‍ പ്രമുഖന്‍. രാജ്യസഭയിലെ പ്രതിപക്ഷ നേതാവ്. അമൃത്‌സറില്‍ ആദ്യ അങ്കത്തിനിറങ്ങുന്ന അരുണ്‍ ജെയ്റ്റ്‌ലിക്ക് വിശേഷണങ്ങള്‍ ഏറെയാണ്. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ലോക്‌സഭയിലേക്കോ ഏതെങ്കിലും നിയമസഭയിലേക്കോ അരുണ്‍ ജെയ്റ്റ്‌ലി ഇതുവരെ മത്സരിച്ചിട്ടില്ലെന്നത് പുറമെ നിന്നും പാര്‍ട്ടിക്കുള്ളില്‍ നിന്നു തന്നെയും ശക്തമായി ഉയര്‍ന്നിരുന്നു. ഇതിന്റെ മുനയൊടിക്കാന്‍ തന്നെയാണ് ഇത്തവണ കന്നിയങ്കത്തിന് കച്ചകെട്ടിയിറങ്ങിയത്. പാര്‍ട്ടിയിലെ മോദി അനുഭാവികളായ മുതിര്‍ന്ന നേതാക്കള്‍ക്ക് അവര്‍ക്കിഷ്ടപ്പെട്ട സീറ്റ് തീരഞ്ഞെടുക്കാനാകുമെന്ന സ്വാതന്ത്ര്യത്തിന്റെ അടിസ്ഥാനത്തില്‍ ജെയ്റ്റ്‌ലി തിരഞ്ഞെടുത്തതാണ് പഞ്ചാബിലെ അമൃത്സര്‍ മണ്ഡലം. 2004 മുതല്‍ തുടര്‍ച്ചയായി മണ്ഡലത്തെ പ്രതിനിധാനം ചെയ്ത ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ അംഗമായ നവജ്യോത് സിംഗ് സിദ്ദുവിനെ മാറ്റിയാണ് ജെയ്റ്റ്‌ലിക്ക് അമൃത്സര്‍ നല്‍കിയത്. എതിര്‍പക്ഷത്ത് ആര് സ്ഥാനാര്‍ഥിയാകുമെന്നത് തീരുമാനിക്കുന്നത് വരെ ജെയ്റ്റ്‌ലി വിജയം ഉറപ്പിച്ചതാണ്. എന്നാല്‍, പഞ്ചാബ് മുന്‍ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിനെ കോണ്‍ഗ്രസ് രംഗത്തിറക്കിയതോടെ ശക്തമായ പോരാട്ടത്തിനാണ് അമൃത്സര്‍ വേദിയാകുന്നത്.

കോണ്‍ഗ്രസിന് പഞ്ചാബില്‍ നിന്നുള്ള ശക്തനായ നേതാവ്. പട്യാലയിലെ മഹാരാജാവ്. നിലവില്‍ പട്യാല മണ്ഡലത്തില്‍ നിന്നുള്ള വിധാന്‍സഭാംഗം. ഗാന്ധി കുടുംബത്തോട് ഏറെ അടുപ്പം പുലര്‍ത്തുന്ന അമരീന്ദറിനെയല്ലാതെ ബി ജെ പിയില്‍ നിന്നുള്ള ശക്തനായ പോരാളിയെ നേരിടാന്‍ കോണ്‍ഗ്രസിന് മറ്റൊരാളില്ലായിരുന്നു. ഹൈക്കമാന്‍ഡിന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് അമരീന്ദര്‍ മത്സരത്തിന് തയ്യാറായത്. കോണ്‍ഗ്രസിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയ അമരീന്ദര്‍ സിംഗ് പിന്നീട് ബ്ലൂ സ്റ്റാര്‍ ഓപറേഷനില്‍ പ്രതിഷേധിച്ച് ശിരോമണി അകാലിദളിലേക്ക് മാറി. അകാലിദളില്‍ നിന്ന് വീണ്ടും കോണ്‍ഗ്രസിലെത്തിയ അമരീന്ദര്‍ ഇതിനകം ലോക്‌സഭയിലേക്കും നിയമസഭയിലേക്കും മത്സരിച്ച് ജയിച്ചിട്ടുണ്ട്.
സിഖ് മതവിശ്വാസികള്‍ വിശുദ്ധമായി കാണുന്ന സുവര്‍ണ ക്ഷേത്രം ഉള്‍പ്പെടെ സ്ഥിതി ചെയ്യുന്ന അമൃത്സര്‍ അതിര്‍ത്തി മണ്ഡലം കൂടിയാണ്. അരുണ്‍ ജെയ്റ്റ്‌ലി പഞ്ചാബുകാരനല്ലെന്ന പ്രചാരണമാണ് അമരീന്ദര്‍ സിംഗ് ഇവിടെ പ്രധാനമായും ഉയര്‍ത്തുന്നത്. ഡല്‍ഹിക്കാരനാണെങ്കിലും തന്റെ പിന്‍ഗാമികള്‍ പഞ്ചാബികളാണെന്ന വാദമുയര്‍ത്തി ജെയ്റ്റ്‌ലി ഇതിനെ പ്രതിരോധിക്കുന്നു. ഒപ്പം കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ഏത് സംസ്ഥാനത്ത് നിന്നുള്ളവരാണെന്നും ചോദിക്കുന്നു. ഓപറേഷന്‍ ബ്ലൂ സ്റ്റാര്‍ വിഷയവും ജെയ്റ്റ്‌ലി എടുത്തിടുന്നുണ്ട്. നാടിന്റെ വികസനമാണ് കോണ്‍ഗ്രസ് ഉയര്‍ത്തുന്ന പ്രധാന വിഷയം. അകാലിദള്‍- ബി ജെ പി സര്‍ക്കാര്‍ വികസനത്തിനായി യാതൊന്നും ചെയ്തിട്ടില്ലെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു.
ജാട്ട്, സിഖ്, ഹിന്ദു വോട്ടുകള്‍ ഒരുപോലെ നിര്‍ണായകമാണ് ഇവിടെ. ജാട്ട് സമുദായത്തിന് സംവരണം അനുവദിച്ചത് നേട്ടമാകുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. ശിരോമണി അകാലിദളുമായി സഖ്യമായാണ് ബി ജെ പി ഇത്തവണയും തിരഞ്ഞെടുപ്പിനെ നേരിടുന്നത്. സിറ്റിംഗ് എം പിയായ സിദ്ദുവിന് സീറ്റ് നിഷേധിച്ചത് ബി ജെ പിയുടെ വോട്ട് ബേങ്കിനെ ബാധിക്കുമെന്നു തന്നെയാണ് വിലയിരുത്തല്‍. ജെയ്റ്റ്‌ലിക്ക് വേണ്ടി സിദ്ദു പ്രചാരണത്തിന് ഇതുവരെ എത്തിയിട്ടില്ല. ഈ മാസം മുപ്പതിനാണ് അമൃത്സറില്‍ തിരഞ്ഞെടുപ്പ്.