പോളിംഗ് ബൂത്തിലേക്കുള്ള വഴി ഭൂപടത്തിലൂടെ അറിയാം

Posted on: April 1, 2014 1:01 am | Last updated: April 1, 2014 at 1:03 am
SHARE

തിരുവനന്തപുരം: വോട്ടര്‍ മാര്‍ക്ക് കൂടുതല്‍ സേവനങ്ങള്‍ നല്‍കി തിരഞ്ഞെടുപ്പ് കമ്മീഷന്‍. പോളിംഗ് ബൂത്തിലേക്കുള്ള വഴി ഭൂപടത്തില്‍ നോക്കി കണ്ടുപിടിക്കാമെന്നതാണ് ഇത്തവണത്തെ സവിശേഷത. ചീഫ് ഇലക്ടറല്‍ ഓഫീസറുടെ വെബ്‌സൈറ്റിലാണ് ഈ നൂതന സംവിധാനം ഒരുക്കിയിരിക്കുന്നത്. രാജ്യത്തെ തിരഞ്ഞെടുപ്പ് ചരിത്രത്തിലാദ്യമായാണ് ഇത്തരമൊരു പദ്ധതി നടപ്പിലാക്കുന്നത്.
ചീഫ് ഇലക്ടറല്‍ ഓഫീസറുടെ വെബ്‌സൈറ്റില്‍ (www.ceo.kerala.gov.in) ഇലക്ടറല്‍ റോള്‍ സെര്‍ച്ച് ക്ലിക്ക് ചെയ്ത് ജില്ല, നിയോജക മണ്ഡലം, സമ്മതിദായകന്റെ പേര്, തിരഞ്ഞെടുപ്പ് കാര്‍ഡിലെ നമ്പര്‍ എന്നിവ രേഖപ്പെടുത്തിയാല്‍ വോട്ട് ചെയ്യേണ്ട ബൂത്ത് കണ്ടുപിടിക്കാം.
ബൂത്തിന്റെ സ്ഥാനവും ബൂത്തിലേക്കുള്ള വഴിയും കണ്ടെത്താന്‍ വെബ്‌സൈറ്റില്‍ ഫൈന്‍ഡ് യുവര്‍ പോളിംഗ് ബൂത്ത് (Find Your Polling Booth ) എന്ന ഭാഗത്ത് ക്ലിക്ക് ചെയ്യണം. തുടര്‍ന്ന് തെളിയുന്ന ഇന്ത്യയുടെ ഭൂപടത്തിന്റെ മുകളില്‍ വലതു ഭാഗത്തുള്ള സേര്‍ച്ച് പോളിംഗ് സ്റ്റേഷന്‍ ക്ലിക്ക് ചെയ്യുക. ഇടതു ഭാഗത്ത് കാണുന്ന ബ്ലോക്ക്, അസംബ്ലി, ലോക്കല്‍ ബോഡി, പാര്‍ലിമെന്റ് ഇവയിലേതെങ്കിലും ക്ലിക്ക് ചെയ്ത ശേഷം പോളിംഗ് സ്റ്റേഷന്റെ പേര് ടൈപ്പ് ചെയ്യുമ്പോള്‍ ഭൂപടത്തില്‍ പാര്‍ലിമെന്റ്, അസംബ്ലി, ലോക്കല്‍ ബോഡി, ബ്ലോക്ക് എന്നിവയില്‍ തിരഞ്ഞെടുത്തതിന്റെ അതിര്‍ത്തിയും പോളിംഗ് സ്റ്റേഷന്റെ സ്ഥാനവും തെളിയും. ഭൂപടത്തിന്റെ വലിപ്പം കൂട്ടുകയും കുറയ്ക്കുകയും ചെയ്യാം.
പോളിംഗ് ബൂത്തിലേക്ക് വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വഴി ഭൂപടത്തില്‍ കാണാം, ഒപ്പം ദേശീയ പാത, നദികള്‍, ജലാശയങ്ങള്‍, ആരാധാനാലയങ്ങള്‍, സ്ഥാപനങ്ങള്‍ എന്നിവയും ഭൂപടത്തില്‍ തെളിയും. ഇതിനു പുറമെ ബൂത്തിന്റെ വിവരം, ബൂത്ത് ലെവല്‍ ഓഫീസറുടെ പേര്, തസ്തിക, ഫോണ്‍ നമ്പര്‍ എന്നിവയും അറിയാം.
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റില്‍ രാജ്യത്തെ പോളിംഗ് കേന്ദ്രങ്ങള്‍ ഭൂപടത്തില്‍ കണ്ടുപിടിക്കാനും സംവിധാനവുമുണ്ട്.