യു പി എ വന്നാല്‍ രാജ്യത്താകമാനം അതിവേഗ കോടതികള്‍ സ്ഥാപിക്കും: ആന്റണി

Posted on: April 1, 2014 12:59 am | Last updated: April 1, 2014 at 12:59 am
SHARE

കല്‍പ്പറ്റ: യു പി എ വീണ്ടും അധികാരത്തിലെത്തിയാല്‍ സ്ത്രീപീഡനങ്ങള്‍ അവസാനിപ്പിക്കാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി എ കെ ആന്റണി. വയനാട് പ്രസ്് ക്ലബ്ബ് സംഘടിപ്പിച്ച ‘മീറ്റ് ദ പ്രസ് ‘ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആദിവാസി പെണ്‍കുട്ടികളെയടക്കം ലൈംഗികമായി പീഡിപ്പിക്കുന്ന സംഭവങ്ങള്‍ നിരവധിയാണ്. വയനാട്, അട്ടപ്പാടി തുടങ്ങി ഇന്ത്യയിലുടനീളം പീഡനങ്ങള്‍ തുടര്‍ക്കഥയാകുകയാണ്. പെണ്‍കുട്ടികളെ പ്രലോഭിപ്പിച്ച് ലൈംഗിക വ്യാപാരത്തിനും മറ്റും കൊണ്ടുപോകുന്നതും നിത്യസംഭവമാണ്. ക്രൂരവും പൈശാചികവുമായ ഇത്തരം പീഡനങ്ങള്‍ അവസാനിപ്പിക്കണം. ജോലി സ്ഥലങ്ങളില്‍ പോലും സ്ത്രീകള്‍ക്ക് സുരക്ഷിതമായി ജോലി ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയുണ്ട്. സ്ത്രീപീഡനക്കേസുകളുമായി ബന്ധപ്പെട്ട നിയമം യു പി എ സര്‍ക്കാര്‍ ഭേദഗതി ചെയ്തു. മരണശിക്ഷ വരെ ലഭിക്കുന്ന രീതിയിലേക്ക് നിയമം മാറ്റാന്‍ സാധിച്ചു. സ്ത്രീപീഡനക്കേസുകളില്‍ തീര്‍പ്പാക്കാന്‍ വര്‍ഷങ്ങളെടുക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇതിന് പരിഹാരം കാണുന്നതിനായി യു പി എ അധികാരത്തിലെത്തിയാല്‍ രാജ്യത്താകമാനം അതിവേഗ കോടതികള്‍ സ്ഥാപിക്കും. രാജ്യത്തെ പോലീസ് സേനയില്‍ 25 ശതമാനം സ്ത്രീ സംവരണം കൊണ്ടുവരുമെന്നും കോണ്‍ഗ്രസ് പ്രകടനപത്രികയുമായി ബന്ധപ്പെടുത്തി അദ്ദേഹം പറഞ്ഞു. കോര്‍പ്പറേറ്റുകള്‍ നടത്തുന്ന ചാനല്‍ സര്‍വേകളില്‍ വിശ്വാസമില്ല. സര്‍വേകള്‍ എക്കാലത്തും യു ഡി എഫിനെതിരായിരുന്നു. ഇന്ത്യ തിളങ്ങുന്നുവെന്ന മുദ്രാവാക്യമുയര്‍ത്തി ബി ജെ പിക്ക് ഒത്താശ ചെയ്തു ചില ചാനലുകള്‍ നടത്തിയ സര്‍വേ തീര്‍ത്തും തെറ്റാണെന്ന് തെളിയിക്കുന്നതായിരുന്നു 2004 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം. പരമ്പരാഗത ഇടതുപക്ഷ കോട്ടകളില്‍ പോലും യു ഡി എഫ് ഇത്തവണ വിജയം നേടും.
മൂന്നാംമുന്നണിക്കായി സി പി എം മുട്ടിയ വാതിലുകളെല്ലാം ആദ്യം തുറന്നെങ്കിലും പിന്നീട് കൊട്ടിയടക്കുകയായിരുന്നു. ബി ജെ പി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തി ക്കാട്ടുന്ന വ്യക്തി ഭിന്നിപ്പിച്ച് ഭരിക്കുകയെന്ന തത്വത്തിനുടമയാണ്. ഇന്ത്യക്ക് തന്നെ മാതൃകയായ മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നത്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളുമായി ബന്ധപ്പെട്ട ആശങ്കകള്‍ക്ക് അടിസ്ഥാനമില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യു പി എ നേതൃത്വത്തെ അംഗീകരിക്കുന്ന ഏത് കക്ഷികളോടും അയിത്തമുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.