എസ് എന്‍ ഡി പിയെ സഹായിക്കുന്നവര്‍ക്ക് വ്യക്ത്യാധിഷ്ഠിത പിന്തുണ നല്‍കും: വെള്ളാപ്പള്ളി

Posted on: April 1, 2014 12:58 am | Last updated: April 1, 2014 at 12:58 am
SHARE

ആലപ്പുഴ: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എസ് എന്‍ ഡി പി യോഗത്തെ സഹായിക്കുന്നവരെ അതാത് മണ്ഡലങ്ങളില്‍ തിരിച്ചറിഞ്ഞ് സഹായിക്കുമെന്ന് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. യോഗത്തെ സ്‌നേഹിക്കുകയും യോഗത്തോട് കൂറ് പുലര്‍ത്തുകയും യോഗ നിലപാടുകളോട് സഹകരിച്ചുപോരുന്നവരുമായ സ്ഥാനാര്‍ഥികളെ സഹായിക്കാനും ഇതിനാവശ്യമായ നിലപാടുകള്‍ സ്വീകരിക്കുന്നതിനും ആലപ്പുഴയില്‍ ചേര്‍ന്ന എസ് എന്‍ ഡി പി ഡയറക്ടര്‍ ബോര്‍ഡ് യോഗം തീരുമാനിച്ചതായി അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. തിരഞ്ഞെടുപ്പില്‍ ഇരുമുന്നണികളും ന്യൂനപക്ഷ പ്രീണനത്തിനായി മത്സരിക്കുന്ന കാഴ്ചയാണ്. ഈഴവ സമുദായത്തിന് യു ഡി എഫ് നാല് സീറ്റും ഇടതുമുന്നണി അഞ്ച് സീറ്റും നല്‍കിയിട്ടുണ്ട്. എങ്കിലും ജാതി, മത ചിന്തകള്‍ക്കും രാഷ്ട്രീയത്തിനും അതീതമായി യോഗത്തെ സഹായിക്കുന്നവര്‍ക്ക് വ്യക്ത്യാധിഷ്ഠിത പിന്തുണ നല്‍കാനാണ് തീരുമാനമെന്ന് അദ്ദേഹം വ്യക്തമാക്കി.
കേരളത്തില്‍ ഇരുമുന്നണികളും പരസ്പരം മത്സരിച്ചാലും ഡല്‍ഹിയിലെത്തിയാല്‍ ഒന്നിക്കുന്ന സ്ഥിതിയാണുള്ളത്.തന്നെ പ്രകോപിപ്പിച്ച് മറ്റു സമുദായങ്ങളുടെ വോട്ടുകളില്‍ ധ്രുവീകരണമുണ്ടാക്കാനുള്ള അടവുനയം ചിലര്‍ നടത്തുന്നുണ്ടെന്നും അത്തരക്കാര്‍ക്ക് ഈ അവസരത്തില്‍ മറുപടി പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും ചോദ്യത്തിന് മറുപടിയായി വെള്ളാപ്പള്ളി പറഞ്ഞു. വി എസിന്റെ നിലപാട് മാറ്റത്തോടെ ഇടതുമുന്നണിയുടെ ഗ്രാഫ് ഉയര്‍ന്നു വരികയാണ്. ചീഫ് വിപ്പ് പി സി ജോര്‍ജ് പോലും ആദ്യം നടത്തിയ അവകാശവാദത്തില്‍ നിന്ന് താഴേക്ക് പോയി. വി എസ് പാര്‍ട്ടിക്ക് കീഴ്‌പ്പെടണമെന്ന് മാസങ്ങള്‍ക്ക് മുമ്പേ താന്‍ ആവശ്യപ്പെട്ടിരുന്നതാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. എസ് എന്‍ ഡി പി യോഗത്തിന് രാഷ്ട്രീയമില്ലെന്നും ജനവിധി ലഭിക്കുന്നവര്‍ക്കൊപ്പമാണ് യോഗം എപ്പോഴും നിലകൊള്ളുന്നതെന്നും ജനറല്‍ സെക്രട്ടറി പറഞ്ഞു. കോട്ടയത്ത് ജനതാ ദള്‍ എസിന് സീറ്റ് നല്‍കിയ ഇടതുമുന്നണി നടപടിയെ വെള്ളാപ്പള്ളി വിമര്‍ശിച്ചു. ആര്‍ എസ് പി മുന്നണി വിട്ടപ്പോള്‍ ജനതാ ദളിന് കോട്ടയം സീറ്റ് നല്‍കിയത് വിരണ്ടവന് ഇരുണ്ടതെല്ലാം പിശാചെന്ന് തോന്നും പോലെയാണെന്ന് വെള്ളാപ്പള്ളി കളിയാക്കി. എ കെ ആന്റണി, കൂടെ നില്‍ക്കുന്നവരെ സംരക്ഷിക്കാന്‍ കഴിയാത്തയാളാണെന്നും പി ടി തോമസിന് ഇടുക്കി സീറ്റ് നിഷേധിച്ചതും ധനപാലനെ തൃശൂരിലേക്ക് മാറ്റിയതും ഇതിന് തെളിവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.