പുലാമന്തോളിന് വീണ്ടും ദേശീയ പുരസ്‌കാരം

Posted on: April 1, 2014 12:45 am | Last updated: April 1, 2014 at 12:45 am
SHARE

കൊളത്തൂര്‍ (മലപ്പുറം): കേന്ദ്ര പഞ്ചായത്ത് രാജ് മന്ത്രാലയത്തിന്റെ രാജീവ് ഗാന്ധി പഞ്ചായത്ത് ശാക്തീകരണ അഭിയാന്‍ പദ്ധതിയിലെ പഞ്ചായത്ത് ശാക്തീകരണ പുരസ്‌കാരം വീണ്ടും പുലാമന്തോളിന്. 11 ലക്ഷം രൂപയാണ് പുരസ്‌കാര തുക. രണ്ടാം സ്ഥാനത്ത് എത്തിയ തൃശൂര്‍ ജില്ലയിലെ അടാട്ട് ഗ്രാമപഞ്ചായത്തിന് 11 ലക്ഷം രൂപയും മൂന്നാം സ്ഥാനം പങ്കിട്ട പാലക്കാട് ജില്ലയിലെ തിരുവേഗപ്പുറക്കും കണ്ണൂര്‍ ജില്ലയിലെ ചെമ്പിലോട് ഗ്രാമപഞ്ചായത്തിനും 5.5 ലക്ഷം രൂപ വീതം ലഭിക്കും.
2012-2013 സാമ്പത്തിക വര്‍ഷത്തിലെ വിവിധ മേഖലകളിലെ പ്രവര്‍ത്തന മികവ് കണക്കാക്കിയാണ് അവാര്‍ഡ്്. ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ തയ്യാറാക്കിയ പ്രത്യേക സോഫ്റ്റ്‌വെയര്‍ വഴി അപേക്ഷ ക്ഷണിച്ച് മൂല്യനിര്‍ണയം നടത്തിയാണ് അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുത്തത്.
2011 – 12 സാമ്പത്തിക വര്‍ഷത്തിലെ ഗൗരവ് ഗ്രാമസഭാ പുരസ്‌കാരം, പഞ്ചായത്ത് ശാക്തീകരണ പുരസ്‌കാരം, സംസ്ഥാനതല സ്വരാജ് ട്രോഫി, 2012-13 ജില്ലയിലെ സ്വരാജ് ട്രോഫി എന്നിവയും പുലാമന്തോള്‍ ഗ്രാമ പഞ്ചായത്തിന് ലഭിച്ചിട്ടുണ്ട്.
പദ്ധതി വിഹിതവും മെയിന്റനന്‍സ് ഗ്രാന്റും പൂര്‍ണമായും വിനിയോഗിച്ചും നികുതി പിരിവ് നൂറ് ശതമാനമാക്കിയതും ജനപങ്കാളിത്തത്തോടെ നിരവധി നൂതന പദ്ധതികള്‍ നടപ്പിലാക്കിയതും പഞ്ചായത്തിലെ വിവിധ ഗ്രാമീണ റോഡുകളുടെ സമഗ്ര പുനരുദ്ധാരണം പഞ്ചായത്തിന് വീട്ടുകിട്ടിയ സ്ഥാപനങ്ങളായ വിവിധ അങ്കണ്‍വാടികള്‍, സ്‌കൂളുകള്‍, ആശുപത്രികള്‍ തുടങ്ങിയവയില്‍ നടത്തിയ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍, ദരിദ്ര ജനവിഭാഗങ്ങള്‍ക്കുള്ള ഭവനനിര്‍മാണം, തെരുവ് വിളക്കുകള്‍ വിപുലികരിച്ചത്, സമ്പൂര്‍ണ പെന്‍ഷന്‍ പഞ്ചായത്താക്കി മാറ്റിയത് തുടങ്ങിയവ പഞ്ചായത്തിന് നേട്ടമായി. പഞ്ചായത്ത് ഓഫീസില്‍ നിന്ന് ജനങ്ങള്‍ക്ക് വളരെ വേഗത്തില്‍ സേവനങ്ങള്‍ നല്‍കിയത്, മാനസികരോഗികള്‍ക്കും ജീവിത ശൈലിരോഗങ്ങള്‍ മൂലം ബുദ്ധിമുട്ടുന്നവര്‍ക്കും വയോജനങ്ങള്‍ക്കും കിടപ്പിലായ രോഗികള്‍ക്കും നടപ്പാക്കിയ ആരോഗ്യ മേഖലയിലെ പദ്ധതികള്‍, സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും വിദ്യാഭ്യാസ ഗുണ നിലവാരം മെച്ചപ്പെടുത്തുന്നതിനും നടപ്പിലാക്കിയ പദ്ധതികള്‍, കാര്‍ഷിക മേഖലയിലും കുടിവെള്ളം മേഖലകളിലും പൂര്‍ത്തിയാക്കിയ വിവിധ പദ്ധതികള്‍, ആശ്രയ, പരിരക്ഷ പദ്ധതികളുടെ കാര്യക്ഷമമായ നടത്തിപ്പ്, പട്ടികജാതി കോളനികളുടെ സമഗ്ര വികസനം, പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക്് വേണ്ടി നടപ്പിലാക്കിയ വിവിധ പദ്ധതികള്‍ എന്നിവയും അവാര്‍ഡിന് പരിഗണിച്ചിട്ടുണ്ട്.