Connect with us

Ongoing News

അവസാന ദിനം കോടികള്‍ ഒഴുകി; ട്രഷറികളില്‍ പ്രതിഷേധം

Published

|

Last Updated

തിരുവനന്തപുരം: ബദല്‍ സംവിധാനങ്ങള്‍ക്കൊപ്പം കടുത്ത നിയന്ത്രണങ്ങളുമേര്‍പ്പെടുത്തിയതോടെ സാമ്പത്തിക വര്‍ഷത്തിന്റെ അവസാന ദിവസമെന്ന കടമ്പ ധനകാര്യ വകുപ്പ് കടന്നു. 1139.3 കോടി രൂപയുടെ ബില്ലുകളാണ് സാമ്പത്തിക വര്‍ഷാവസാനമായ ഇന്നലെ ട്രഷറികളിലൂടെ പാസാക്കിയെടുത്തത്. വകുപ്പുകള്‍ ബേങ്കുകളിലേക്ക് മാറ്റിയ പണവും സഹകരണ ബേങ്കുകളിലെ നിക്ഷേപവും ട്രഷറികളിലേക്ക് മാറ്റണമെന്ന നിര്‍ദേശം പൂര്‍ണമായി പാലിക്കപ്പെടാത്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും വിതരണം ചെയ്യുന്ന കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. ശമ്പളവും പെന്‍ഷനും മുടങ്ങില്ലെന്നും കൊടുക്കാനുള്ള പണത്തിന് ഒരു തടസ്സവുമുണ്ടാകില്ലെന്നുമാണ് ഔദ്യോഗിക വിശദീകരണമെങ്കിലും 200 കോടിയോളം രൂപയാണ് ട്രഷറികളില്‍ അവശേഷിക്കുന്നതെന്നാണ് സൂചന.

ഇന്നലെ അര്‍ധരാത്രി വരെ പ്രവര്‍ത്തിച്ച ട്രഷറികളില്‍ നിന്ന് കോടികളാണ് ഒഴുകിയത്. സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ബില്ലുകള്‍ മാറുന്നതിന് നിയന്ത്രണളുണ്ടായിരുന്നതിനാല്‍ മാര്‍ച്ച് 31ലെ പതിവ് തിരക്ക് ഇന്നലെ ഉണ്ടായില്ല. അതേസമയം, ബില്ലുകള്‍ മാറി നല്‍കുന്നതിന് ഉദ്യോഗസ്ഥര്‍ തടസ്സവാദമുന്നയിച്ചത് ചില ട്രഷറികളില്‍ സംഘര്‍ഷത്തിന് വഴിവെച്ചു. തിരുവനന്തപുരത്തും കോഴിക്കോട്ടും കോര്‍പറേഷന്‍ മേയര്‍മാരുടെ നേതൃത്വത്തില്‍ ട്രഷറികള്‍ ഉപരോധിച്ച് പണം അനുവദിപ്പിച്ചു. അവസാന നിമിഷം ലഭിച്ച സംസ്ഥാന നികുതിയും കേന്ദ്രത്തില്‍ നിന്നുള്ള ധനസഹായവും വിവിധ വകുപ്പുകള്‍ ബേങ്കുകളില്‍ നിക്ഷേപിച്ച പണം തിരിച്ചെടുത്തും സഹകരണ ബേങ്കുകളില്‍ നിന്നുള്ള നിക്ഷേപവും കൂടി ചേര്‍ന്നതോടെയാണ് ഇന്നലത്തെ ഞെരുക്കം മാറ്റിയത്.
അവസാന ദിന കടമ്പ കടക്കുന്നതോടെ ഖജനാവ് കാലിയാകുന്നത് ഒഴിവാക്കാനാണ് ജില്ലാ സഹകരണ ബേങ്കുകളുടെ നിക്ഷേപവും പദ്ധതി നിര്‍വഹണത്തിനായി വിവിധ വകുപ്പുകള്‍ ബേങ്കുകളില്‍ നിക്ഷേപിച്ചിരിക്കുന്ന പണവും ട്രഷറികളിലേക്ക് മാറ്റാന്‍ നിര്‍ദേശം നല്‍കിയത്. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തിനും പെന്‍ഷനും ഈ പണം ഉപയോഗിക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍, ഈ നീക്കം വേണ്ടത്ര ഫലം കണ്ടിട്ടില്ലെന്നാണ് കണക്കുകള്‍.
ശമ്പളവും പെന്‍ഷനുമായി 2,500 കോടി രൂപയോളമാണ് സര്‍ക്കാറരിന് വേണ്ടത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായാണ് ബേങ്കുകളില്‍ നിന്ന് ട്രഷറികളിലേക്ക് നിക്ഷേപം പ്രതീക്ഷിച്ചത്. നാമമാത്ര തുകയാണ് സഹകരണ ബേങ്കുകളില്‍ നിന്ന് ലഭിച്ചത്. ഞായറാഴ്ച 32.5 കോടി രൂപയും ഇന്നലെ 46 കോടി രൂപയുമാണ് സഹകരണ ബേങ്കുകളില്‍ നിന്ന് ലഭിച്ചത്. നിത്യനിദാന ചെലവുകള്‍ക്കായി കേന്ദ്രത്തില്‍ നിന്ന് 600 കോടി ഉടന്‍ ലഭ്യമാക്കാനാണ് ശ്രമം. 250 കോടി രൂപ ഇതിനകം ലഭിച്ചുകഴിഞ്ഞു. സംസ്ഥാന നികുതി സമാഹരണത്തിലൂടെ 700 കോടിയോളം ലഭ്യമാക്കിയിട്ടുണ്ട്.
ശമ്പളം നല്‍കാന്‍ മാത്രം 1600 കോടിയിലധികം രൂപ വേണ്ടിവരും. ഇത് എവിടെ നിന്ന് കണ്ടെത്തുമെന്നതാണ് അടുത്ത വെല്ലുവിളി. സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ശമ്പളം ഒന്നോ രണ്ടോ ദിവസം മുടങ്ങിയാലും അത്ഭുതപ്പെടാനില്ല. പല വകുപ്പുകളുടെയും ശമ്പള ബില്ലുകളില്‍ പോരായ്മയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഒന്നുരണ്ട് ദിവസത്തെ സമയം നേടിയെടുത്തേക്കുമെന്നും സൂചനയുണ്ട്. പെന്‍ഷന്‍ നല്‍കുന്നതും ഒന്നാം തീയതിയാണ്. ഒന്നിന് ബേങ്ക് അവധിയായാല്‍ ത ലേദിവസം തന്നെ പണം പിന്‍വലിച്ച് ട്രഷറിയിലെത്തിക്കുകയായിരുന്നു പതിവ്. ഇനി തിരുവനന്തപുരത്ത് മൂന്നിനും മറ്റ് ജില്ലകളില്‍ രണ്ടിനും മാത്രമേ പെന്‍ഷന്‍ നല്‍കാന്‍ കഴിയൂ.
അടുത്ത രണ്ട് ദിവസങ്ങളില്‍ നടത്തുന്ന സാമ്പത്തിക സമാഹരണത്തിലൂടെ പ പിച്ച പണത്തില്‍ നിന്ന് 250 കോടിയോളം രൂപ ഇതുവരെ ട്രഷറിയിലെത്തിച്ചിട്ടുണ്ട്. കൃഷി വകുപ്പ്, അനര്‍ട്ട് തുടങ്ങിയവയുടെ പണമാണ് ഇതില്‍ പ്രധാനമായുള്ളത്. ഇനിയും 1200 കോടി രൂപയോളം വിവിധ വകുപ്പുകളുടെതായി ബേങ്കുകളിലുണ്ട്. ഇത് തിരിച്ചുപിടിക്കാനുള്ള തീവ്രയത്‌നത്തിലാണ് ധനകാര്യ പരിശോധനാ വിഭാഗം. ഈ നീക്കങ്ങള്‍ ഫലം കണ്ടില്ലെങ്കില്‍ എല്‍ ഐ സിയടക്കമുള്ള സ്ഥാപനങ്ങളില്‍ നിന്ന് വായ്പയെടുക്കാനും ആലോചനയുണ്ട്.
സഹകരണ ബേങ്കുകളില്‍ നിന്നുള്ള നിക്ഷേപ സമാഹരണം കുറച്ചുകൂടി ഊര്‍ജിതമാക്കാനും ശ്രമം നടക്കുന്നു. സഹകരണ ബേങ്കുകളിലെ നിക്ഷേപം ട്രഷറിയിലേക്ക് മാറ്റണമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തോട് ബേങ്ക് ഭരണ സമിതികളും നിഷേധാത്മക നിലപാടാണ് സ്വീകരിക്കുന്നത്. സി പി എം ഭരിക്കുന്ന ഭരണസമിതികളിലെ പണം ട്രഷറികളിലേക്ക് മാറ്റില്ലെന്ന് പാര്‍ട്ടി നേതൃത്വം തന്നെ നിലപാടെടുത്തു.
മൂന്ന് മാസത്തിനകം തിരികെ നല്‍കാമെന്ന് വാഗ്ദാനം നല്‍കിയെങ്കിലും ഭരണ സമിതികള്‍ സഹകരിക്കാന്‍ കൂട്ടാക്കിയില്ല. ദീര്‍ഘവീക്ഷണമില്ലാതെ സര്‍ക്കാര്‍ വകുപ്പുകളുടെ പണം ട്രഷറികളില്‍നിന്ന് മാറ്റി ബേങ്കുകളില്‍ നിക്ഷേപിച്ചതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ബേങ്കുകളില്‍ നിക്ഷേപിച്ച പണത്തിന്റെ വ്യക്തമായ കണക്കു പോലും ധന വകുപ്പിന്റെ പക്കലില്ല. കൂടാതെ വകുപ്പുകള്‍ പണം നിക്ഷേപിച്ച ബേങ്ക് ഏതെന്നതിനും വ്യക്തതയില്ല.

 

Latest