ജീവിതപ്പെരുവഴിയില്‍ പിതാവിനെ ഉപേക്ഷിച്ച് മകന്‍ കടന്നുകളഞ്ഞു

Posted on: April 1, 2014 12:41 am | Last updated: April 1, 2014 at 12:41 am
SHARE
Sayyed at Village Office Varandha
സയ്യിദ് അവശനിലയില്‍ തെക്കില്‍ വില്ലേജ് ഓഫീസ് വരാന്തയില്‍

കാസര്‍കോട്: മകന്‍ വൃദ്ധപിതാവിനെ വില്ലേജ് ഓഫീസ് വരാന്തയില്‍ ഉപേക്ഷിച്ചു. ചട്ടഞ്ചാല്‍ മൈലാട്ടിയിലെ സയ്യിദിനെ(75) യാണ് മകന്‍ കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് ചട്ടഞ്ചാലില്‍ പ്രവര്‍ത്തിക്കുന്ന തെക്കില്‍ വില്ലേജ് ഓഫീസ് വരാന്തയില്‍ ഉപേക്ഷിച്ചു പോയത്.
അവശനിലയില്‍ വില്ലേജ് ഓഫീസ് വരാന്തയില്‍ക്കണ്ട സയ്യിദിന് നാട്ടുകാര്‍ ഭക്ഷണവും മറ്റും നല്‍കുകയായിരുന്നു. ഇയാളെ നാട്ടുകാരുടെ സഹായത്തോടെ വില്ലേജ് ഓഫീസറും പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തകരും ചേര്‍ന്ന് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം രാവിലെ വില്ലേജ് ഓഫീസറും ജീവനക്കാരും എത്തിയ ശേഷമാണ് പാലിയേറ്റീവ് കെയര്‍ അധികൃതരെ വിവരം അറിയിച്ചത്. കന്നഡയിലാണ് ഇയാള്‍ സംസാരിക്കുന്നതെങ്കിലും മലയാളവും വശമുണ്ട്.
വില്ലേജ് ഓഫീസര്‍ രമേശന്‍ പൊയിനാച്ചി, ചെമനാട് പഞ്ചായത്ത് പാലിയേറ്റീവ് കെയര്‍ നഴ്‌സ് ബിന്ദു, ജെ എച്ച് ഐമാരായ ബിജു, ഷിജു, പൊതു പ്രവര്‍ത്തകനായ അബൂബക്കര്‍ കണ്ടത്തില്‍ എന്നിവരുടെ നേതൃത്വത്തിലാണ് സയ്യിദിനെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചത്. പിതാവിനെ ഉപേക്ഷിച്ച മകനെതിരെ സബ് കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നും സംരക്ഷണം നല്‍കാത്ത മകനെതിരെ നിയമ നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെടുമെന്നും വില്ലേജ് ഓഫീസര്‍ അറിയിച്ചു.