Connect with us

Ongoing News

വൈദ്യുതി നിയന്ത്രണം: ഒമ്പത് സബ് സ്റ്റേഷന്‍ പരിധികളില്‍ വൈദ്യുതി തടസ്സപ്പെടും

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്തെ ഒമ്പത് സബ്‌സ്റ്റേഷനുകളുടെ പരിധിയിലുള്ള ഫീഡറുകളില്‍ വരും ദിവസങ്ങളില്‍ നേരിയ തോതില്‍ വൈദ്യുതി തടസ്സപ്പെടാന്‍ സാധ്യതയുണ്ടെന്ന് കെ എസ് ഇ ബി അറിയിച്ചു. രാജ്യത്തിന് ഒറ്റ ഗ്രിഡ് എന്ന സങ്കല്‍പ്പം യാഥാര്‍ഥ്യമാക്കാനായി സ്ഥാപിച്ച ഷോളാപ്പൂര്‍- റെയ്ച്ചൂര്‍ 765 കെ വി ലൈനില്‍ വൈദ്യുതി ഫ്രീക്വന്‍സി സ്ഥിരത ഉറപ്പ് വരുത്താന്‍ ദേശീയ ഗ്രിഡുമായി ദക്ഷിണേന്ത്യയെ ബന്ധിപ്പിക്കുന്ന പ്രധാന കെ വി ലൈനുകളില്‍ ഹ്രസ്വമായ തോതില്‍ വൈദ്യുതി ട്രിപ്പ് ചെയ്ത് തടസ്സപ്പെടാന്‍ സാധ്യതയുള്ളതിലാണിത്. ദേശീയ ഗ്രിഡില്‍ ഓവര്‍ ലോഡ്, ട്രിപ്പിംഗ് തുടങ്ങിയ പ്രശ്‌നങ്ങള്‍ ഒഴിവാക്കാനായി ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ നേരത്തെ അംഗീകരിച്ച ധാരണ പ്രകാരമാണിത്. 2012 ജൂലൈയില്‍ ഓവര്‍ലോഡ് മൂലം ദേശവ്യാപകമായി സംഭവിച്ച “ഗ്രിഡ് തകര്‍ച്ച” ഭാവിയില്‍ ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതലെന്ന നിലയിലാണ് ഈ നടപടി. ഷോളാപ്പൂരില്‍ നിന്നോ കോലാറില്‍ നിന്നോ ദക്ഷിണേന്ത്യയിലെ ഫീഡറുകള്‍ക്ക് ലഭിക്കുന്ന ഓവര്‍ലോഡ് മുന്നറിയിപ്പിനെത്തുടര്‍ന്ന് ആ ഫീഡറുകള്‍ സ്വയം ട്രിപ്പ് ചെയ്യും. ഇതുമൂലമാണ് സംസ്ഥാനത്തെ ചില സബ് സ്‌റ്റേഷനുകളുടെ പരിധിയില്‍ വരുന്ന ചിലയിടങ്ങളില്‍ അല്‍പ്പനേരം വൈദ്യുതി തടസ്സപ്പെടുക.
വൈദ്യുതി പ്രസരണത്തിലെ സിസ്റ്റം പ്രൊട്ടക്ഷന്‍ സംവിധാനം അനുസരിച്ച് ഫീഡറുകളുടെ സുരക്ഷ ഉറപ്പാക്കാനും ഈ നടപടി ആവശ്യമാണ്. കെ എസ് ഇ ബിയുടെ നിയന്ത്രണത്തിനപ്പുറത്തുള്ള ഈ നടപടിമൂലം കാഞ്ഞിരോട്, മാടക്കത്തറ, ഇടപ്പോണ്‍, പള്ളം, പോത്തന്‍കോട്, കുണ്ടറ, ഇടമണ്‍, മലാപ്പറമ്പ, അരീക്കോട് എന്നീ സബ് സ്റ്റേഷനുകളുടെ പരിധിയിലുള്ള ഫീഡറുകളിലാണ് നേരിയ തോതില്‍ വൈദ്യുതി തടസ്സപ്പെടാന്‍ സാധ്യതയെന്ന് കെ എസ് ഇ ബി അറിയിച്ചു. ദേശീയ ഗ്രിഡ് സ്ഥാപിക്കുന്നതിന്റെ പ്രാരംഭ ദശയിലുള്ള ബുദ്ധിമുട്ട് മാത്രമാണിത്. ഈ പ്രശ്‌നം ദേശീയ പവര്‍ ഗ്രിഡിന്റെ ശ്രദ്ധയില്‍പ്പെടുത്തി എത്രയും വേഗം പരിഹരിക്കാന്‍ ആവശ്യപ്പെട്ടതായും കെ എസ് ഇ ബി അറിയിച്ചു.