Connect with us

Ongoing News

എസ് ഐ എസ് എഫ് നിയമന നടപടികള്‍ ഇഴയുന്നു

Published

|

Last Updated

തിരുവനന്തപുരം: കേന്ദ്ര സേനയായ സി ഐ എസ് എഫ് മാതൃകയില്‍ സംസ്ഥാന സര്‍ക്കാര്‍ രൂപവത്കരിച്ച സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സിലേക്കുള്ള (എസ് ഐ എസ് എഫ്) നിയമനങ്ങള്‍ ഉള്‍പ്പെടെയുള്ള തുടര്‍പ്രവര്‍ത്തനങ്ങള്‍ ഇഴയുന്നു. തസ്തിക സൃഷ്ടിച്ച് ഒന്നര വര്‍ഷം പിന്നിട്ട ശേഷവും ആകെ 46 നിയമനങ്ങള്‍ മാത്രമാണ് നടന്നത്. 2012 സെപ്തംബറിലാണ് സേനയിലേക്ക് ആവശ്യമായ തസ്തിക സൃഷ്ടിച്ചത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിയത്. കമാന്‍ഡന്റ്, ചീഫ് സെക്യൂരിറ്റി ഓഫീസര്‍, സെക്യൂരിറ്റി ഓഫീസര്‍, അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ്, ജൂനിയര്‍ സൂപ്രണ്ട് എന്നിവക്ക് ഓരോ തസ്തികകളും അസിസ്റ്റന്റ് സെക്യൂരിറ്റി ഓഫീസര്‍ക്ക് നാല് തസ്തികയും സ്റ്റേറ്റ് സെക്യൂരിറ്റി ഗാര്‍ഡിന് 483 തസ്തികകളും ക്ലാര്‍ക്കിന് എട്ട് തസ്തികകളുമാണ് സൃഷ്ടിച്ചത്.

പോലീസ് സേനക്ക് കീഴിലാണ് എസ് ഐ എസ് എഫിന്റെ പ്രവര്‍ത്തനം. സംസ്ഥാനത്തെ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, ബേങ്കുകള്‍ എന്നിവക്കാവശ്യമായ സേവനങ്ങള്‍ നല്‍കുകയാണ് സേനയിലൂടെ സര്‍ക്കാര്‍ പ്രധാനമായും ലക്ഷ്യമിടുന്നത്. സേനയിലെ അംഗങ്ങളുടെയും ഇതര ജീവനക്കാരുടെയും ശമ്പളവും മറ്റു ആനുകൂല്യങ്ങളും നല്‍കുന്നതിന് ആവശ്യമായ ശമ്പള ഹെഡും അതിനുള്ള തുകയും സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്.
ഇതുവരെ തിരുവനന്തപുരത്ത് സംസ്ഥാന ടൂറിസം ഇന്‍ഫ്രാസ്ട്രക്ച്ചറിന് 36ഉം കൊച്ചി ആക്‌സിസ് ബേങ്കിന് മൂന്നും എറണാകുളം നോര്‍ത്ത് പറവൂര്‍ ബേങ്ക് ഓഫ് ഇന്ത്യക്ക് ആറും പേരെയാണ് സേനയില്‍ നിന്ന് നല്‍കിയിരിക്കുന്നത്. നിലവില്‍ എട്ട് മണിക്കൂര്‍ ഡ്യൂട്ടിക്കായി ഒരു എസ് ഐ എസ് എഫ് ഗാര്‍ഡിന് 800 രൂപയാണ് സ്ഥാപനങ്ങളില്‍ നിന്ന് ഈടാക്കുന്നത്. 2013 ഫെബ്രുവരി മുതല്‍ എട്ട് മണിക്കൂര്‍ ഡ്യൂട്ടിക്ക് 1,100 രൂപയായി പുതുക്കി നിശ്ചയിച്ചിരുന്നു.
സേനയിലേക്ക് നിയമിച്ചിരിക്കുന്നത് പോലീസ് വകുപ്പിന്റെ വിവിധ ബറ്റാലിയനുകളില്‍ നിന്നും മറ്റു യൂനിറ്റുകളില്‍ നിന്നുമുള്ള പോലീസുകാരെയാണ്. ഡെപ്യൂട്ടേഷനിലാണ് സേനയിലേക്കുള്ള നിയമനം. സേനയിലേക്ക് മാറ്റിയവര്‍ക്ക് മുമ്പ് ലഭിച്ചിരുന്ന ശമ്പളം തന്നെയാണ് നല്‍കുന്നത്. പോലീസിന് നിഷ്‌കര്‍ച്ചിരിക്കുന്ന യോഗ്യതകള്‍ തന്നെയാണ് സി ഐ എസ് എഫിനും പറഞ്ഞിരിക്കുന്നത്. സേനക്കായി പ്രത്യേക പരിശീലനങ്ങളൊന്നും നല്‍കുന്നില്ല.
സേനയില്‍ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും തുല്യ പ്രാധാന്യമാണ് നല്‍കുന്നത്. എന്നാല്‍ രാത്രികാല ഡ്യൂട്ടിക്കായി സ്ത്രീകളെ നിയോഗിക്കുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്. അതിനാല്‍ വനിതാ പോലീസിനെ ഇതിലേക്ക് കൊണ്ടുവന്നിട്ടില്ല. ഒഴിവുകള്‍ അനുസരിച്ച് പോലീസ് സേനകളില്‍ നിന്ന് അംഗങ്ങളെ ലഭിക്കാതെ വന്നാല്‍ യോഗ്യരായ വിമുക്ത ഭടന്മാരെ താത്കാലിക അടിസ്ഥാനത്തില്‍ നിയമിക്കാനും വ്യവസ്ഥയുണ്ട്.