ഒമാനി പൗരന്‍മാര്‍ക്ക് തൊഴില്‍ പരിശീലനം

Posted on: March 31, 2014 10:59 pm | Last updated: March 31, 2014 at 10:59 pm
SHARE

മസ്‌കത്ത്: രാജ്യത്തെ സ്വദേശി പൗരന്‍മാരെ വിവിധ തൊഴില്‍ മേഖലയില്‍ പ്രാപ്തരാക്കി തൊഴില്‍ നല്‍കുന്നതിനായി ഭരണ, സാങ്കേതിക മേഖലകളില്‍ പരിശീലനം നല്‍കന്നു. മാന്‍ പവര്‍ മന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ് സ്വദേശി തൊഴിലന്വേഷകര്‍ക്കായി പരിശീലനം നല്‍കുന്നത്. സ്വദേശികള്‍ക്ക് വേണ്ടത്ര പരിജ്ഞാനമില്ലെന്നത് പരിഹരിച്ച് സ്വകാര്യ മേഖലയിലെ ഉയര്‍ന്ന തസ്തികകളില്‍ അവസരം സൃഷ്ടിക്കുകയാണ് ലക്ഷ്യം.
സ്വദേശികള്‍ക്ക് പരിശീലനം നല്‍കുന്നതിന് വിവിധ സ്ഥാപനങ്ങളുമായിയ മന്ത്രാലയം കരാറിലെത്തി. സ്ഥാപനങ്ങളില്‍ പാലിക്കേണ്ട പെരുമാറ്റച്ചട്ടങ്ങള്‍, ഹെവി വാഹനങ്ങളും മെഷീനുകളും പ്രവര്‍ത്തിപ്പിക്കല്‍, വീടുകളിലെ ഇലക്ട്രിക് ജോലികള്‍, കാഷ്യര്‍ തുടങ്ങി വ്യത്യസ്ത തൊഴില്‍ മേഖലകളിലാണ് പരിശീലനം നല്‍കുന്നതിനാണ് ഒരു സ്വകാര്യ സ്ഥാപനവുമായി കരാറിലെത്തിയിരിക്കുന്നതെന്ന് മന്ത്രാലയം വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. സെയില്‍സ്, കാഷ്യര്‍, സ്റ്റോര്‍ കീപ്പര്‍, ടൈപിംഗ്, കമ്പ്യൂട്ടര്‍ ഡ്രോയിംഗ്, കസ്റ്റമര്‍ സര്‍വീസ് എന്നീ രംഗങ്ങളില്‍ 352 പേര്‍ക്ക് പരിശീലനം നല്‍കുന്നതിനുള്ള മറ്റൊരു കരാറിലും മന്ത്രാലയം ഒപ്പു വെച്ചിട്ടുണ്ട്. ഈ വര്‍ഷം 1197 പേര്‍ക്ക് വ്യത്യസത രംഗങ്ങളില്‍ വിദഗ്ധ പരിശീലനം നല്‍കും.
കഴിഞ്ഞ മാസങ്ങളില്‍ 700 പേര്‍ സാങ്കേതിക പരിശീലനം പൂര്‍ത്തിയാക്കി. ഹെവി എക്യുപ്‌മെന്റ് ഓപറേഷന്‍, മെക്കാനിക്ക്, ഇലക്ട്രിസിറ്റി, ഇലക്ട്രിക്കല്‍ വയറിംഗ്, ഹെവി എക്യുപ്‌മെന്റ് മെഷീനുകളുടെ ഇന്‍സ്റ്റാളിംഗ്, കാര്‍പന്ററി, വെല്‍ഡിംഗ്, കണ്‍സട്രക്ഷന്‍ എന്നീ മേഖലകളിലാണ് പരിശീലനം നല്‍കിയത്. രാജ്യത്ത് അംഗീകൃത വൊക്കേഷനല്‍ കോഴ്‌സുകളും തൊഴില്‍ പരിശീലനത്തിനായി നടപ്പിലാക്കുന്നു. പാചകം, റിസപ്ഷന്‍, ട്രാവല്‍ ആന്‍ഡ് ടൂറിസം, ഹോസ്പിറ്റാലിറ്റി തുടങ്ങിയ മേഖലകളിലും സ്വദേശികള്‍ക്ക് പരിശീലനം നല്‍കുന്നു. കൂടുതല്‍ രംഗങ്ങളില്‍ സ്വദേശി യുവാക്കളെ പ്രാപ്തരാക്കുന്നതിന് കൂടുതല്‍ സ്ഥാപനങ്ങളുമായി കരാറുണ്ടാക്കി പദ്ധതി നടപ്പിലാക്കുമെന്നും രാജ്യത്തെ എല്ലാ ഗവര്‍ണറേറ്റുകളിലും ട്രൈനിംഗ് സെന്ററുകള്‍ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.