വടക്കു കിഴക്കന്‍ ഗവര്‍ണറേറ്റുകളില്‍ വന്‍ കിട വെള്ളച്ചാലുകള്‍ നിര്‍മിക്കുന്നു

Posted on: March 31, 2014 10:49 pm | Last updated: March 31, 2014 at 10:49 pm
SHARE

മസ്‌കത്ത്: മഴവെള്ളം ഒഴുകിപ്പോകാന്‍ സൗകര്യമില്ലാത്തതു സൃഷ്ടിക്കുന്ന അപകടങ്ങളും പ്രതിസന്ധികളും കണക്കിലെടുത്ത് രാജ്യത്തിന്റെ വടക്കു കിഴക്കന്‍ ഗവര്‍ണറേറ്റുകളില്‍ വെള്ളച്ചാലുകള്‍ നിര്‍മിക്കുന്നു. പ്രാദേശിക നഗരസഭ, ജലവിഭവ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ അടിയന്തര പ്രാധാന്യത്തോടെ നിര്‍മിക്കുന്ന പദ്ധതിയുടെ ടെന്‍ഡര്‍ നടപടികള്‍ക്ക് രണ്ടിനു തുടക്കമാകുമെന്ന് മന്ത്രാലയം നോര്‍ത്ത് ഈസ്റ്റ് ഡയറക്ടര്‍ ജനറല്‍ സൈദ് ബിന്‍ സലീം അല്‍ കല്‍ബാനി അറിയിച്ചു.

കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയില്‍ വടക്കു കിഴക്കന്‍ ഗവര്‍ണറേറ്റുകളില്‍ നാശനഷ്ടമുണ്ടായിരുന്നു. ആറു പേരുടെ മരണത്തിനിടയാക്കിയ മഴ ദുരന്തം കൂടുതലും ഈ പ്രദേശത്തായിരുന്നു. വാഹനങ്ങള്‍ ഒഴുക്കില്‍ പെടുകയും കെട്ടിടങ്ങള്‍ക്കും റോഡുകള്‍ക്കും കേടു പറ്റുകയും ചെയ്തിരുന്നു. മലകളില്‍നിന്നും ഉയരമുള്ള പ്രദേശങ്ങളില്‍നിന്നും ഒഴുകിയെത്തുന്ന വെള്ളത്തിന് ഒലിച്ചു പോകാന്‍ സംവിധാനമില്ലാത്തതാണ് ജനവാസ കേന്ദ്രങങ്ങളിലും റോഡുകളിലും വെള്ളം നിറഞ്ഞു നിന്ന് അപകടങ്ങള്‍ക്കു വഴിവെക്കുന്നതെന്നു മനസ്സിലാക്കിയാണ് അടിയന്തരമായി വെള്ളച്ചാലുകള്‍ നിര്‍മിക്കുന്നതിന് പദ്ധതി തയാറാക്കി നടപടികള്‍ സ്വീകരിക്കുന്നത്. അഴുക്കു ചാല്‍ പദ്ധതിക്ക് നേരത്തെ തന്നെ ടെന്‍ഡര്‍ ക്ഷണിച്ചിരുന്നു. ഇന്ന് ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി കരാര്‍ കമ്പനികള്‍ക്ക് ജോലി ഏല്‍പിക്കുമെന്ന് അദ്ദേഹം വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.
പദ്ധതിയുടെ ഭാഗമായി നിര്‍മിക്കുന്ന പ്രധാന അഴുക്കുചാലുകളും ഉപ പദ്ധതികളും നിജപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ കാലങ്ങളിലെ മഴയില്‍ കൂടുതല്‍ വെള്ളപ്രശ്‌നം ഉണ്ടായ പ്രദേശങ്ങള്‍ പരിശോധിച്ചാണ് പദ്ധതി തയാറാക്കിയത്. കഴിഞ്ഞ വര്‍ഷവും ഇവിടെ മഴവെള്ള പ്രശ്‌നം ഉണ്ടായിരുന്നു. വാദികള്‍ കരകവിഞ്ഞ് ജനവാസ പ്രദേശങ്ങളിലേക്കും റോഡുകളിലേക്കും വെള്ളം കയറിയിരുന്നു.
സ്ഥിരമായി നിര്‍മിക്കുന്ന വെള്ളച്ചാലുകളിലൂടെ മാത്രമേ ഒരു പരിധി വരെയെങ്കിലും മഴ വെള്ളം വഴി തിരിച്ചു വിടാന്‍ കഴിയൂ എന്ന് പഠനങ്ങള്‍ നിര്‍ദേശിച്ചിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് വെള്ളച്ചാലുകളുടെ രൂപരേഖ തയാറാക്കിയതെന്ന് മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയില്‍ ഉണ്ടായ വെള്ളം നഗസരഭകളുടെ നേതൃത്വത്തില്‍ മോട്ടോര്‍ ടാങ്കറുകള്‍ ഉപയോഗിച്ച് വറ്റിച്ചു. കേടു വന്ന റോഡുകള്‍ നന്നാക്കുന്ന ജോലികള്‍ നടന്നു വരികയാണ്.
അതേസമയം, മഴയില്‍ ഒഴുകിയെത്തിയ വെള്ളം ശുദ്ധജല സംഭരണികളില്‍ മാലിന്യം കലരാനിടയാക്കുന്നുവെന്ന ആശങ്കകള്‍ക്ക് സ്ഥാനമില്ലെന്ന് സൈദ് ബിന്‍ സലീം വ്യക്തമാക്കി. ശുദ്ധജല സംഭരണികളിലെ വെള്ളം പരിശോധനക്കു വിധേയമാക്കിയാണ് വിതരണം ചെയ്യുന്നത്. ഒരു തരത്തിലുള്ള മാലിന്യമോ ഉപയോഗയോഗ്യമല്ലാത്ത അവസ്ഥയോ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് അറിയിപ്പില്‍ പറയുന്നു. മഴയില്‍ ചെറിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന സ്ഥലങ്ങളില്‍ ചെറുകിട പദ്ധതികളും താത്കാലിക പദ്ധതികളുമാണ് നടപ്പിലാക്കുന്നത്. വെള്ളം ചോര്‍ന്നു പോകുന്നിതനുള്ള ഓവുകളും ചെറിയ പാലങ്ങളും നിര്‍മിച്ചാണ് പരിഹാരം കാണുക.