ഒമാന്‍ എയര്‍ വിമാനക്കമ്പനി ഓഹരി മൂലധനം ഉയര്‍ത്തുന്നു

Posted on: March 31, 2014 10:44 pm | Last updated: March 31, 2014 at 10:44 pm
SHARE

മസ്‌കത്ത്: ദേശീയ വിമാന കമ്പനിയായ ഒമാന്‍ എയര്‍ തങ്ങളുടെ ഓഹരി മൂലധനം വര്‍ധിപ്പിക്കുന്നു. 200 ദശലക്ഷം റിയാലായാണ് ഓഹരിമൂലധനം ഉയര്‍ത്തുന്നത്. ഒമാന്‍ എയറിന്റെ വാര്‍ഷിക റിപ്പോര്‍ട്ടാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കഴിഞ്ഞ സാമ്പത്തിക റിപ്പോര്‍ട്ട് 113 ദശലക്ഷം റിയാലിന്റെ നഷ്ടം രേഖപ്പെടുത്തിയ പശ്ചാത്തലത്തിലാണ് കമ്പനിയുടെ തീരുമാനം.
അതേസമയം, ഒമാന്‍ എയറില്‍ യാത്രക്കാരും വിമാന സര്‍വീസുകളും വര്‍ധിച്ചതായി റിപ്പോര്‍ട്ട് പറയുന്നു. ഇതുവഴിയുള്ള വരുമാനവും വര്‍ധിച്ചു. കാര്‍ഗോ സര്‍വീസ് രംഗത്തും വിമാനത്തിന് വളര്‍ച്ച കൈവരിക്കാനായി. വാര്‍ഷിക റിപ്പോര്‍ട്ടില്‍ വിമാന കമ്പനിയുടെ നഷ്ടം മുന്‍ വര്‍ഷത്തെ റിപ്പോര്‍ട്ടിനേക്കാള്‍ 16 ശമതാനം ഉയര്‍ന്നതായി ചെയര്‍മാന്‍ ദാര്‍വീശ് ബിന്‍ ഇസ്മാഈല്‍ അല്‍ ബലൂഷി പറഞ്ഞു. പുതിയ വിമാനങ്ങള്‍ വാങ്ങുന്നതിനായി നടത്തിയ നിക്ഷേപമാണ് നഷ്ടം വര്‍ധിക്കാന്‍ കാരണമായത്. ഗ്രൗണ്ട് ഹാന്‍ഡ്‌ലിംഗ്, കാര്‍ഗോ ഹാന്‍ഡ്‌ലിംഗ്, ഡ്യൂട്ടി ഫ്രീ സേവനങ്ങള്‍ വികസിപ്പിച്ചതായും റിപ്പോര്‍ട്ട് പറയുന്നു.
ഗ്രൗണ്ട് സേവനം ഉള്‍പെടെയുള്ള രംഗങ്ങളില്‍ കൂടുതല്‍ വികസനത്തിനുള്ള തയാറെടുപ്പുകള്‍ നടന്നു വരുന്നുണ്ട്. വൈകാതെ തന്നെ പ്രാവര്‍ത്തികമാകും. ഈ വര്‍ഷത്തെ റിപ്പോര്‍ട്ടില്‍ 113.3 ദശലക്ഷം റിയാലാണ് കമ്മി കാണിക്കുന്നത്. രാജ്യത്തിന്റെ സമ്പദ് മേഖലയുടെ വളര്‍ച്ചക്ക് ഒമാന്‍ എയര്‍ നേരിട്ടും അല്ലാതെയും സംഭാവനയര്‍പ്പിക്കുന്നു. വിമാന കമ്പനിയുടെ സാമ്പത്തിക നഷ്ടം നികത്തുന്നത് സര്‍ക്കാറാണ്. 400 ദശലക്ഷത്തിലധികം തുക കമ്പനി സര്‍ക്കാറിനു നല്‍കാനുണ്ട്.
ഈ വര്‍ഷം ഒമാന്‍ എയറിന് പുതിയ 20 വിമാനങ്ങള്‍ വരും. നേരത്തെ നല്‍കിയ ഓര്‍ഡറുകള്‍ അനുസരിച്ചാണിത്. കമ്പനിയുടെ കഴിഞ്ഞ വര്‍ഷത്തെ വരുമാനത്തില്‍ 10 ശതമാനം വര്‍ധനവാണുണ്ടായത്. യാത്രക്കാര്‍ 13 ശതാനം ഉയര്‍ന്നു. വിമാനങ്ങളില്‍ യാത്രക്കാരുടെ ശേഷി കിലോമീറ്ററിന് 14.9 ബില്യന്‍ സീറ്റായി ഉയര്‍ന്നു. കാര്‍ഗോ സേവനത്തില്‍ ഏഴു ശതമാനത്തിന്റെ വളര്‍ച്ചയാണ് കൈവരിച്ചത്. നിലവാരം മെച്ചപ്പെടുത്തുന്നതിലാണ് കഴിഞ്ഞ വര്‍ഷം പ്രധാനമായും ശ്രദ്ധ ചെലുത്തിയത്. ഉപഭോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാന്‍ വ്യത്യസ്ത സേവനങ്ങള്‍ നല്‍കുന്നതിലും ശ്രദ്ധ പുലര്‍ത്തി. അടുത്ത ഘട്ടത്തിലേക്കുള്ള വികസനത്തിന് തയാറെടുത്തു വരികയാണ്. കമ്പനിയുടെ വരുമാനത്തില്‍ പത്തു ശതമാനത്തിന്റെ വര്‍ധന ശുഭസൂചനയാണ് നല്‍കുന്നതെന്നും യാത്രക്കാര്‍ 13 ശതമാനം വര്‍ധിച്ചതും സാധ്യതകളെ സൂചിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.