വാഹനാപകടം: നഷ്ടപരിഹാരം അപ്പീല്‍ കോടതി ശരിവെച്ചു

Posted on: March 31, 2014 7:25 pm | Last updated: March 31, 2014 at 8:06 pm
SHARE

ദുബൈ: മലയാളിക്ക് കീഴ്‌ക്കോടതി വിധിച്ച വാഹനാപകട നഷ്ടപരിഹാരം അപ്പീല്‍ കോടതി ശരിവെച്ചു. കണ്ണൂര്‍ പുതിയങ്ങാടി കുണ്ടപ്പന്‍ വീട്ടില്‍ അബ്ദുല്‍ കബീറിനാണ് വാഹനാപകട കേസില്‍ 10 ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം ലഭിക്കുക. ദുബൈ പ്രാഥമിക കോടതിയുടെ വിധിക്കെതിരെ ഇന്‍ഷ്വറന്‍സ് കമ്പനി ഫയല്‍ ചെയ്ത അപ്പീല്‍ തള്ളിക്കൊണ്ടാണ് കീഴ്‌ക്കോടതി വിധി അപ്പീല്‍കോടതി ശരിവെച്ചത്.
കഴിഞ്ഞ 17 വര്‍ഷക്കാലമായി അബുദാബി ഡിഫന്‍സിന്റെ ഇന്റലിജന്‍സ് വിഭാഗത്തില്‍ പാചകക്കാരനായിരുന്ന കബീര്‍ സഹപ്രവര്‍ത്തകരും യു എ ഇ സ്വദേശികളുമായ രണ്ടു യുവാക്കളോടൊപ്പം 2012 മാര്‍ച്ച് ഒന്നാം തിയതി അബുദാബിയില്‍ നിന്നും ഫുജൈറയിലേക്ക് പോകവെ ദുബൈ ബൈപാസ് റോഡില്‍ വെച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം തലകീഴായി മറിഞ്ഞാണ് അപകടമുണ്ടായത്. മുന്‍സീറ്റില്‍ ഉണ്ടായിരുന്ന യു എ ഇ സ്വദേശികള്‍ പരിക്കില്ലാതെ അപകടത്തില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു.
എന്നാല്‍ പിന്‍ സീറ്റിലിരുന്ന കബീര്‍ സീറ്റ് ബല്‍റ്റ് ധരിക്കാത്തതിനാല്‍ കാര്‍മറിഞ്ഞ ആഘാതത്താല്‍ നട്ടെല്ലിന് സാരമായി പരിക്കേറ്റു. തല്‍ക്ഷണം ദുബൈ റാശിദ് ആശുപത്രിയില്‍ എത്തിക്കുകയും അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കുകയും ചെയ്തു. മൂന്നു മാസത്തെ ചികിത്സക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോവുന്നതിനു മുമ്പ് ഇദ്ദേഹത്തിന്റെ ബന്ധുക്കള്‍ ദുബൈ അല്‍ കബ്ബാന്‍ അഡ്വക്കേറ്റ്‌സിലെ സീനിയര്‍ ലീഗല്‍ കണ്‍സള്‍ട്ടന്റായ അഡ്വ ഷംസുദ്ദീന്‍ കരുനാഗപള്ളിയുമായി ബന്ധപ്പെട്ട് നിയമോപദേശം തേടുകയും തുടര്‍ന്ന് ദുബൈ കോടതിയില്‍ നിന്ന് നോട്ടറി പബഌക്കിനെ റാശിദ് ആശുപത്രിയില്‍ കൊണ്ടുപോയി കബീറിന്റെ വക്കാലത്ത് അല്‍ കബ്ബാന്‍ അഡ്വക്കേറ്റ്‌സിന് നല്‍കുകയുമായിരുന്നു.
20 ലക്ഷം ദിര്‍ഹം നഷ്ട പരിഹാരം ആവശ്യപ്പെട്ടു കൊണ്ട് ദുബൈ കോടതിയില്‍ ഫയല്‍ ചെയ്ത കേസില്‍ 10 ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം വിധിച്ചിരുന്നു.
ഈ വിധിക്കെതിരെ ഇന്‍ഷ്വറന്‍സ് കമ്പനി അപ്പീല്‍ കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്യുകയായിരുന്നു. അപ്പീല്‍ക്കോടതി കീഴ്‌ക്കോടതിയുടെ വിധി ശരിവെച്ചുകൊണ്ട് ഉത്തരവിടുകയായിരുന്നു. കഴിഞ്ഞ ദിവസം ഇന്‍ഷ്വറന്‍സ് കമ്പനി 10 ലക്ഷം ദിര്‍ഹവും കോടതിചെലവും പലിശയും ഉള്‍പ്പെടെ 10,26,530 ദിര്‍ഹം കോടതിയില്‍ അടച്ചിട്ടുണ്ട്. ഈ തുക കോടതിയില്‍ നിന്നു ലഭിച്ചാലുടന്‍ കബീറിന് കൈമാറുമെന്ന് അഡ്വ. ഷംസുദ്ദീന്‍ അറിയിച്ചു.