അറബിക് കാലിഗ്രാഫി ബിനാലെ ബുധനാഴ്ച തുടങ്ങും

Posted on: March 31, 2014 7:31 pm | Last updated: March 31, 2014 at 8:02 pm
SHARE

ഷാര്‍ജ: ഷാര്‍ജ ആര്‍ട്‌സ് അതോറിറ്റിയുടെ ആഭിമുഖ്യത്തിലുള്ള ആറാമത് അറബിക് കാലിഗ്രാഫി ബിനാലെ ഏപ്രില്‍ രണ്ട് മുതല്‍ ജൂണ്‍ രണ്ട് വരെ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ രക്ഷാകര്‍തൃത്വത്തിലാണ് ഷാര്‍ജയുടെ വിവിധ ഭാഗങ്ങളിലായ നടക്കുന്ന ബിനാലെ സംഘടിപ്പിക്കുന്നത്. പരിചയപ്പെടുക എന്നര്‍ത്ഥം വരുന്ന (തആറഫൂ) എന്ന പ്രമേയത്തിലാണ് പ്രദര്‍ശനം. ലോക പ്രശസ്തരായ 737 കലാകാരന്മാരുടെ 1,218 കലാ സൃഷ്ടികള്‍ പ്രദര്‍ശനത്തിനെത്തും. 36 രാജ്യങ്ങളില്‍ നിന്നുള്ള കലാകാരന്മാരാണ് പങ്കെടുക്കുന്നത്.
ഇതോടനുബന്ധിച്ച് വര്‍ക്‌ഷോപ്പുകള്‍, പ്രഭാഷണങ്ങള്‍, സെമിനാറുകള്‍, പരിശീലനം തുടങ്ങി വ്യത്യസ്ത പരിപാടികള്‍ ഒരുക്കിയിട്ടുണ്ട്.
രണ്ടു മാസം നീളുന്ന പ്രദര്‍ശനങ്ങളുടെ പ്രധാന വേദി ഷാര്‍ജ പൈതൃക കേന്ദ്രത്തിലെ ആര്‍ട് മ്യൂസിയമാണ്. പരമ്പരാഗത ലിപി വൈവിധ്യങ്ങളെ പുതിയ പശ്ചാത്തലത്തിലും സാങ്കേതിക സൗകര്യത്തിലും വിപുലീകരിക്കാനും കൂടുതല്‍ പഠനങ്ങള്‍ക്ക് വിധേയമാക്കാനും ബിനാലെ വേദിയൊരുക്കുമെന്ന് സംഘാടകര്‍ പറഞ്ഞു.