Connect with us

Palakkad

വരള്‍ച്ച: 3.69 കോടിയുടെ കൃഷിനാശം

Published

|

Last Updated

പാലക്കാട്: കഴിഞ്ഞ വര്‍ഷത്തെ വരള്‍ച്ചാ ദുരിതാശ്വാസ ആനുകൂല്യങ്ങള്‍ ഇനിയും കിട്ടാനിരിക്കേ, വരള്‍ച്ച ഇക്കുറിയും കര്‍ഷകരെ ദുരിതത്തിലാക്കി. ഈവര്‍ഷം ഇതുവരെ 3.69 കോടിയുടെ കൃഷിനാശമാണ് കൃഷിവകുപ്പ് കണക്കാക്കിയിട്ടുള്ളത്.
യഥാര്‍ഥ നഷ്ടം ഇതിന്റെ അഞ്ചിരട്ടിയോളം വരും. പ്രകൃതിക്ഷോഭംമൂലമുണ്ടായ വിളനാശത്തിന്റെ 1.74 േകാടിയും കിട്ടാനുണ്ട്. ആവശ്യത്തിലേറെ മഴ ലഭിച്ചിട്ടും സമയത്തിന് വെള്ളം വിട്ടുകിട്ടാതിരുന്നതാണ് ഒന്നാംവിളതന്നെ നശിക്കാന്‍ കാരണമായത്. ജില്ലയിലാകെ 1,451 കര്‍ഷകരാണ് ഇതുവരെ വരള്‍ച്ചാ ദുരിതാശ്വാസത്തിന് അപേക്ഷിച്ചത്.
ഏറ്റവുംകൂടുതല്‍ വരള്‍ച്ച ബാധിച്ചത് പെരുവെമ്പ് പഞ്ചായത്തിലാണ്. 375 കര്‍ഷകരാണ് ഇവിടെനിന്ന് വിളനാശത്തിനുള്ള ആനുകൂല്യത്തിന് അപേക്ഷിച്ചിട്ടുള്ളത്. ഒറ്റപ്പാലത്തുനിന്ന് 262 കര്‍ഷകരും അപേക്ഷിച്ചിട്ടുണ്ട്. ആകെ 865 ഹെക്ടര്‍ പ്രദേശത്തെ വിള നശിച്ചെന്നാണ് ഔദ്യോഗിക കണക്ക്. അഞ്ച് ഹെക്ടറോളം സ്ഥലത്തെ പച്ചക്കറിക്കൃഷിയെയും വരള്‍ച്ച ബാധിച്ചു.
നെല്‍ക്കൃഷിക്ക് ഏക്കറിന് 10,000 രൂപയാണ് സര്‍ക്കാര്‍ നല്‍കുന്ന നഷ്ടപരിഹാരം. യഥാര്‍ഥ നഷ്ടം 40,000 രൂപയായിരിക്കെയാണിത്.— 2012-13 വര്‍ഷത്തില്‍ ജില്ലയില്‍ നൂറ് കോടിയിലധികം രൂപയുടെ നഷ്ടമുണ്ടായപ്പോള്‍ സര്‍ക്കാര്‍ അനുവദിച്ചത് 14.—5 കോടിയാണ്. ഇതിലെ 2.5 കോടി രൂപയാണ് ഇപ്പോള്‍ വിതരണം ചെയ്തുകൊണ്ടിരിക്കുന്നത്.
അപേക്ഷിച്ച 21,634 കര്‍ഷകര്‍ക്ക് കൊടുക്കാന്‍ ആകെ കിട്ടിയതാണ് 2.5 കോടി. ബാക്കി തുക ഇനി ഇക്കുറി കിട്ടില്ലെന്നാണ് റവന്യുവകുപ്പില്‍നിന്ന് കൃഷിവകുപ്പിന് ലഭിച്ച വിവരം. ഇതോടെ, അപേക്ഷകരില്‍ 90 ശതമാനവും ആനുകൂല്യത്തിനായി ഇനിയും കാത്തിരിക്കേണ്ടിവരും. ഒന്നാംവിളയിലെ കൃഷിനാശംകൂടിയാകുമ്പോള്‍ കര്‍ഷകന്റെ ദുരിതം പൂര്‍ണമാകും.—
സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തികപ്രതിസന്ധിയും ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതുമാണ് ദുരിതാശ്വാസ തുക കൊടുക്കാതിരിക്കാന്‍ കാരണമായി റവന്യുവകുപ്പ് ചൂണ്ടിക്കാണിക്കുന്നത്. അതിനിടെ, സമയത്തിന് വെള്ളം വിടാന്‍ ചെറുകിട ജലവിഭവ വകുപ്പ് തയ്യാറാകുന്നില്ലെന്ന പരാതി കര്‍ഷകര്‍ ആവര്‍ത്തിക്കുന്നുണ്ട്. വരുംദിവസങ്ങളില്‍ വരള്‍ച്ചാ ദുരിതാശ്വാസത്തിനപേക്ഷിക്കുന്ന കര്‍ഷകരുടെ എണ്ണം കൂടാനാണ് സാധ്യത.

Latest