സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ 23,499 കന്നി വോട്ട് ഇരു മുന്നണികള്‍ക്കും ആശങ്കയും പ്രതീക്ഷയും

Posted on: March 31, 2014 7:46 am | Last updated: March 31, 2014 at 7:46 am
SHARE

കല്‍പ്പറ്റ: ഇരു മുന്നണികള്‍ക്കും ആശങ്കക്കും അതേസമയം, പ്രതീക്ഷക്കും വകനല്‍കുന്ന ഘടകങ്ങളുള്ളതാണ് ബത്തേരി മണ്ഡലം. യു ഡി എഫ് കോട്ടയായി അറിയപ്പെടുന്ന സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലത്തില്‍ ദേശീയപാതയിലെ രാത്രിയാത്രാ നിരോധം, വയനാട് റെയില്‍വേ, വന്യജീവി ശല്യം, വയനാട് പാക്കേജ് എന്നിവയും തിരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ ചര്‍ച്ചാ വിഷയങ്ങളാണ്.സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ 1,01,938 പുരുഷന്മാരും, 1,04,812 സ്ത്രീകളുമടക്കം 2,06,750 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 23,499 കന്നിവോട്ടര്‍മാരുണ്ട്. ബത്തേരിയില്‍ 2009ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സി പി ഐയിലെ റഹ്മത്തുല്ലയേക്കാള്‍ 19,140 വോട്ടുകളുടെ ഭൂരിപക്ഷം എം ഐ ഷാനവാസിനുണ്ടായിരുന്നു. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ യു ഡി എഫിന്റെ ഭൂരിപക്ഷം 7,583 ആയി കുറഞ്ഞു.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 6545 വോട്ടുകളും നിയമസഭാ തിരഞ്ഞെടുപ്പില്‍ 8829 വോട്ടുകളുമാണ് ബി ജെ പിക്ക് ലഭിച്ചത്.
മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളില്‍ മീനങ്ങാടിയൊഴികെ ഏഴിടങ്ങളിലും ഭരണം യു ഡി എഫിനാണ്.രാത്രിയാത്രാ നിരോധം നിലവില്‍വന്നപ്പോള്‍ ഏറിയാല്‍ മൂന്നുമാസത്തിനുള്ളില്‍ നിരോധം അവസാനിപ്പിക്കുമെന്ന വാഗ്ദാനവും ഫലത്തില്‍വന്നില്ല. നഞ്ചന്‍കോട് നിന്നാരംഭിച്ച് ബത്തേരി വഴി നിലമ്പൂരിലെത്തുന്ന റെയില്‍പാത ഈ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് വിഷയമാണ്.
വയനാടിന്റെ ഈ വികസന സ്വപ്‌നത്തെ വാനോളമുയര്‍ത്തിയത് നീലഗിരി-വയനാട് ദേശീയപാത ആന്‍ഡ് റെയില്‍വേ ആക്ഷന്‍ കമ്മിറ്റിയാണ്.ആക്ഷന്‍ കമ്മിറ്റിയെ അടച്ചാക്ഷേപിക്കുന്ന പ്രതിലോമപരമായ നിലപാടാണ് സി പി എം സ്വീകരിച്ചത്. അതെ സമയം, എം പിയുടെ നിലപാടും വിമര്‍ശിക്കപ്പെടുന്നുണ്ട്.
വനാതിര്‍ത്തികളോട് ചേര്‍ന്നുകിടക്കുന്ന സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ കടുവയുടെ ആക്രമണത്തില്‍ ബത്തേരി തഹസില്‍ദാര്‍ കെ കെ വിജയനടക്കം പരുക്കേറ്റു. കന്നുകാലികള്‍ ഇരകളായി. നായ്ക്കട്ടിയില്‍ റോഡ് ഉപരോധിച്ച നാട്ടുകാര്‍ എം പിയെ തടഞ്ഞു.തത്സമയം മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് കടുവയെ വെടിവെച്ചുകൊല്ലാനുള്ള ഉത്തരവ് പ്രഖ്യാപിച്ച് ഷാനവാസ് കൈയടി നേടി. എന്നാല്‍, പതിറ്റാണ്ടുകളായി വന്യജീവി ഭീഷണി മണ്ഡലത്തില്‍ തുടരുകയാണ്. ഇരു മുന്നണികള്‍ക്കൊപ്പം ബി ജെ പിയും മറ്റു സ്വതന്ത്രന്മാരും മണ്ഡലത്തില്‍ പ്രചാരണം ശക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രി,കെ പി സി സി പ്രസിഡന്റ് തുടങ്ങിയവരുടെ കഴിഞ്ഞദിവസങ്ങളിലെ സന്ദര്‍ശനം യു ഡി എഫ് അണികളില്‍ ആവേശമുയര്‍ത്തിയിട്ടുണ്ട്.