ജമാഅത്തെ ഇസ്‌ലാമിയുടെ ഇരട്ട മുഖം തുറന്ന് കാട്ടി ചര്‍ച്ചാ സമ്മേളനം

Posted on: March 31, 2014 7:43 am | Last updated: March 31, 2014 at 7:43 am
SHARE

മലപ്പുറം: ജമാഅത്തെ ഇസ്‌ലാമി രാജ്യത്തിന്റെ മതേതരത്വത്തിന് ഭീഷണിയാണെന്ന് എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി മലപ്പുറത്ത് സംഘടിപ്പിച്ച ചര്‍ച്ചാസമ്മേളനം അഭിപ്രായപ്പെട്ടു. മൗദൂദി രാഷ്ട്രീയം അപകടം, ജമാഅത്തെ ഇസ്‌ലാമിയെ തിരിച്ചറിയുക എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചാസമ്മേളനം ജമാഅത്തി ന്റെ ആശയ പാപ്പരത്തം തുറന്ന് കാണിക്കുന്നതായിരുന്നു. രാഷ്ട്രീയപരമായി രാജ്യത്തിന്റെ സുരക്ഷിതത്തെ വെല്ലുവിളിച്ച് കൊണ്ടാണ് ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്നത്. പ്രതിലോമപരമായ രാഷ്ട്രീയ നിലപാടാണ് അവരുടേത്. ഇരട്ടമുഖവുമായി ജനാധിപത്യ വിശ്വാസികളെ വഞ്ചിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കേരളത്തില്‍ വേരോട്ടമുണ്ടാക്കാനായിട്ടില്ല.
മത രാജ്യത്ത് മാത്രമേ മുസ്‌ലിംകള്‍ക്ക് ജീവിക്കാന്‍ സാധ്യമാകൂ എന്ന ജമാഅത്ത് സിദ്ധാന്തം തന്നെ ഇസ്‌ലാമിനെതിരാണ്. ജനാധിപത്യത്തെ അംഗീകരിക്കുന്നത് തെറ്റാണെന്നാണ് അവരുടെ വ്യവസ്ഥിതി. ഇത്തരം പൊതുജനത്തിന് സ്വീകാര്യമല്ലാത്ത ആശയങ്ങളാണ് മുന്നില്‍വെക്കുന്നത് എന്നതിനാല്‍ സ്ഥാപക നേതാവിനെ പോലും തള്ളിപ്പറയേണ്ടി വരുന്നു. സ്ഥാപക നേതാവായ അബുല്‍ അഅ്‌ലാ മൗദൂദിയെ തള്ളിപ്പറഞ്ഞ വ്യക്തിയാണ് ജമാഅത്ത് അമീര്‍ ആരിഫലി. എങ്കില്‍ പിന്നെ ആരുടേതാണ് ജമാഅത്തെ ഇസ്‌ലാമിയുടെ സിദ്ധാന്തങ്ങള്‍ എന്ന് വിഷയവാതരണം നടത്തിയ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി എം എ മജീദ് ചോദിച്ചു. ആര്‍ എസ് എസിനോടൊപ്പം ജമാഅത്തിനെയും രണ്ട് തവണ നിരോധിക്കപ്പെടുകയുണ്ടായി. ഇവര്‍ തിരഞ്ഞെടുപ്പില്‍ സജീവമാകുന്നതിനെ പൊതുസമൂഹം തിരച്ചിറിയണം. മൗദൂദിയന്‍ ആശയങ്ങള്‍ ഇന്ത്യന്‍ മതേതരത്വത്തിന് മാത്രമല്ല മുറിവേല്‍പിക്കുന്നത്; ന്യൂനപക്ഷ മുസ്‌ലിംകളെ കൂടിയാണ്. സവര്‍ണ ഹൈന്ദവ രാഷ്ട്രീയത്തിനാണ് ഇത് ഗുണം ചെയ്യുക’ – മജീദ് പറഞ്ഞു. ജമാഅത്തെ ഇസ്‌ലാമി മുന്നോട്ട് വെക്കുന്ന മത സാര്‍വദേശീയ വാദം കപട പ്രത്യയശാസ്ത്രമാണെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത ഇടതുപക്ഷ ചിന്തകനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ പ്രൊഫ. എം എം നാരായണന്‍ അഭിപ്രായപ്പെട്ടു. വോട്ട് ചെയ്യരുതെന്ന് പറഞ്ഞ് പ്രകടനം നടത്തിയവര്‍ക്ക് രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കി മലക്കം മറിച്ചില്‍ നടത്തേണ്ടി വന്നത് നിലനില്‍പ്പിന് മറ്റ് മാര്‍ഗങ്ങളില്ലാത്തത് കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. മതരാഷ്ട്രീ വാദത്തിന്റെ പേരില്‍ ജനങ്ങള്‍ക്കിടയില്‍ സംഘര്‍ഷമുണ്ടാക്കി നേട്ടമുണ്ടാക്കുകയാണ് ജമാഅത്ത് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കലാലയങ്ങളില്‍ നിന്നും സര്‍ക്കാര്‍ ജോലികളില്‍ നിന്നും ജുഡീഷ്യറില്‍ സംവിധനങ്ങളില്‍ നിന്നും മുസ്‌ലിം ചെറുപ്പക്കാരെ വഴിതിരിച്ച് വിട്ട് പ്രതിലോമപരമായ സമൂഹത്തിന്റെ സൃഷ്ടിപ്പിന് ആഹ്വാനം ചെയ്തവരാണ് ജമാഅത്തെ ഇസ്‌ലാമിഎന്ന് ‘ജമാഅത്ത് 25 വര്‍ഷങ്ങള്‍’ എന്ന പുസ്തകം ഉദ്ധരിച്ച് എസ് വൈ എസ് സംസ്ഥാന സെക്രട്ടറി സുലൈമാന്‍ സഖാഫി മാളിയേക്കല്‍ സമര്‍ത്ഥിച്ചു. അല്ലാഹുവിന് പരമാധികാരം നിലനില്‍ക്കുന്ന ഭൂമിയില്‍ മറ്റൊരു ഭരണം വരുന്നതോടെ അല്ലാഹുവിന്റെ അധികാരം നഷ്ടപ്പെട്ടുവെന്ന വരട്ട് സിദ്ധാന്തമാണ് ഇവരുടേതെന്നും അദ്ദേഹം പറഞ്ഞു. എസ് എസ് എഫ് മുന്‍ സംസ്ഥാന പ്രസിഡന്റ് എന്‍ എം സ്വാദിഖ് സഖാഫി ചര്‍ച്ച നിയന്ത്രിച്ചു. എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി അംഗം പി എ അഹമ്മദ് കബീര്‍, എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി കെ കലാം, എ പി ബശീര്‍ ചെല്ലക്കൊടി, എന്‍ വി അബ്ദുര്‍റസാഖ് സഖാഫി, ഉമര്‍ ഓങ്ങല്ലൂര്‍ പ്രസംഗിച്ചു.