കുരുമുളക് വിപണി സജീവമായി; വെളിച്ചെണ്ണ റെക്കോര്‍ഡ് പുതുക്കി

Posted on: March 31, 2014 7:40 am | Last updated: March 31, 2014 at 7:40 am
SHARE

marcket watchകൊച്ചി: കുരുമുളക് വിപണി ആഭ്യന്തര ഡിമാന്‍ഡില്‍ ഉയര്‍ന്നു. വിപണയില്‍ പുതിയ വിദേശ അന്വേഷണങ്ങളില്ലെന്നാണ് റിപ്പോര്‍ട്ട്. വെളിച്ചെണ്ണ വീണ്ടും റെക്കോര്‍ഡ് പുതുക്കിയത് വിപണിയെ സജീവമാക്കി. കൊപ്രയുടെ ലഭ്യത കൂടിയില്ല. റബ്ബര്‍ വിലയില്‍ നേരിയ മൂന്നേറ്റമുണ്ടായിട്ടുണ്ട്. സംസ്ഥാനത്ത് സ്വര്‍ണ വില താഴ്ന്നു.
പിന്നിട്ട വാരം കുരുമുളകിന് 700 രൂപ ഉയര്‍ന്നു. ആഭ്യന്തര ഡിമാന്‍ഡ് നിരക്ക് ഉയര്‍ത്തി. അതേ സമയം വിദേശ വിപണികളില്‍ നിന്ന് പുതിയ ഓര്‍ഡറില്ല. ആഗോള വിപണിയില്‍ ഇന്ത്യന്‍ കുരുമുളക് വില ടണ്ണിന് 9000 ഡോളറില്‍ നിന്ന് 9200 ലേക്ക് കയറി. ഈ നിരക്കില്‍ പുതിയ കരാറുകളില്‍ ഏര്‍പ്പെടാന്‍ ഇറക്കുമതി രാജ്യങ്ങള്‍ താല്‍പര്യം കാണിച്ചില്ല. കൊച്ചിയില്‍ 50,900 ല്‍ നിന്ന് അണ്‍ ഗാര്‍ബിള്‍ഡ് മുളക് 51,600 ലേയ്ക്ക് കയറി. ഗാര്‍ബിള്‍ഡ് കുരുമുളക് വില 53,600 രൂപയാണ്.
ഗ്രാമീണ മേഖലകളില്‍ നാളികേര വിളവെടുപ്പ് മുന്നേറുകയാണെങ്കിലും വിപണിയുടെ പ്രതീക്ഷക്ക് ഒത്തു പുതിയ കൊപ്ര വില്‍പ്പനക്ക് എത്തിയില്ല. കൊപ്രയുടെ ലഭ്യത ചുരുങ്ങി നിന്നതിനാല്‍ മില്ലുകാര്‍ വെളിച്ചെണ്ണയെ 12,500 ല്‍ നിന്ന് 12,800 വരെ ഉയര്‍ത്തി. കൊപ്ര 8900 ല്‍ നിന്ന് 9100 വരെ കയറി. തേങ്ങക്കും കൊപ്രക്കും ഉയര്‍ന്ന വില നിലനില്‍ക്കുന്നതിനാല്‍ വിളവെടുപ്പ് കൂടുതല്‍ സജീവമാകും.
കാര്‍ഷിക മേഖലകളില്‍ നിന്ന് മുഖ്യ വിപണിയിലേക്കുള്ള ചുക്ക് വരവ് നാമമാത്രം. അവിടങ്ങളില്‍ സ്‌റ്റോക്ക് കുറവായതിനാല്‍ ഉല്‍പ്പന്നം കൂടുതല്‍ കരുത്തു കാണിക്കാം. അതേ സമയം വിദേശ ചുക്ക് ഇറക്കുമതി വീും വ്യാപകമായി. കൊച്ചിയില്‍ മീഡിയം ചുക്ക് വില 23,000 രൂപയിലും ബെസ്റ്റ് ചുക്ക് 24,000 രൂപയിലുമാണ്.
റബ്ബര്‍ വിലയില്‍ നേരിയ വര്‍ധന. സര്‍ക്കാര്‍ ഏജന്‍സി സംഭരണം ആരംഭിച്ചെങ്കിലും അതുകൊണ്ട് മത്സരിച്ച് ഷീറ്റ് ശേഖരിക്കാന്‍ വ്യവസായികള്‍ തയ്യാറായില്ല. കൊച്ചി, കോട്ടയം വിപണികള്‍ ഷീറ്റു ക്ഷാമത്തിന്റെ പിടിയിലാണ്. ആര്‍ എസ് എസ് നാലാം ഗ്രേഡ് 14,700 ല്‍ നിന്ന് 14,900 രൂപയായി. അഞ്ചാം ഗ്രേഡ് റബര്‍ 14,500 ല്‍ വിപണനം നടന്നു. കൊച്ചിയില്‍ 800 ടണ്‍ റബ്ബറിന്റെ കൈമാറ്റം നടന്നു.
കേരളത്തില്‍ സ്വര്‍ണ വില വീണ്ടും ഇടിഞ്ഞു. രാഴ്ചക്കിടയില്‍ പവനു 1200 രൂപ കുറഞ്ഞു. പിന്നിട്ടവാരം കുറഞ്ഞത് 680 രൂപ. പവന്‍ 22,160 രൂപയില്‍ നിന്ന് 21,480 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 2770 രൂപയില്‍ നിന്ന് 2685 രൂപയായി. ന്യൂയോര്‍ക്കില്‍ സ്വര്‍ണ വില ഔണ്‍സിന് 1335 ഡോളറില്‍ നിന്ന് 1294 ഡോളറായി.