Connect with us

Ongoing News

കുടമാറ്റം കാത്ത് ഇടത്

Published

|

Last Updated

കളം മാറ്റി രണ്ടാം അങ്കത്തിനിറങ്ങിയ കെ പി ധനപാലന്‍. കഴിഞ്ഞ തവണ നഷ്ടപ്പെട്ട വിജയതാളം കൈപ്പിടിയിലൊതുക്കാന്‍ പതിനെട്ടടവുമായി സി എന്‍ ജയദേവന്‍. സ്ഥാനാര്‍ഥിത്വം പ്രതീക്ഷിച്ചിച്ച ശോഭാ സുരേന്ദ്രനെ പാലക്കാട്ടേക്ക് പാക്ക് ചെയ്ത് നാലാമങ്കത്തിനിറങ്ങി കെ പി ശ്രീശന്‍. ജനമാണ് ശക്തി എന്ന മുദ്രാവാക്യവുമായി അഴിമതിക്കെതിരെ ചൂല്‍ വിപ്ലവം സൃഷ്ടിക്കാന്‍ പ്രൊഫ. സാറാ ജോസഫ്. തൃശൂര്‍ പൂരത്തിന് തെക്കേ ഗോപുര നടയില്‍ കുടമാറ്റത്തിന് മുഖാമുഖം നില്‍ക്കുന്ന ഗജവീരന്‍മാരുടെ പ്രൗഢിയെ ഓര്‍മപ്പെടുത്തും വിധമാണ് ഇത്തവണ തൃശൂരിലെ സ്ഥാനാര്‍ഥി നിര.

2009ല്‍ ടോം വടക്കനെ ചൊല്ലിയുണ്ടായ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ രക്ഷകന്റെ റോളിലെത്തിയ പി സി ചാക്കോയെ തൃശൂരില്‍ നിന്ന് കെട്ടുകെട്ടിച്ചതിന്റെ ക്രെഡിറ്റിലാണ് ജില്ലയിലെ ഐ ഗ്രൂപ്പുകാര്‍. സ്വന്തം ജില്ലയില്‍ നിന്ന് എം പി വേണമെന്നും വരത്തന്‍മാരെ വേണ്ടെന്നുമുള്ള ആവശ്യം പരിഗണിക്കാതെ പറവൂര്‍കാരനായ ചാലക്കുടി എം പി. കെ പി ധനപാലന്‍ തൃശൂരില്‍ മത്സരിക്കാന്‍ വന്നത് പാര്‍ട്ടിക്കാര്‍ അംഗീകരിച്ചു വരുന്നേയുള്ളൂ. തൃശൂര്‍- പൊന്നാനി കോള്‍ വകസന പദ്ധതിയുടെ പ്രവര്‍ത്തനോദ്ഘാടനം, ദേശീയപാതാ വികസനം തുടങ്ങി ചാക്കോ നടത്തിയതും തുടങ്ങിവെച്ചതുമായ വികസന പ്രവര്‍ത്തനങ്ങളുടെയും ചാലക്കുടിയിലെ എം പിയെന്ന പിന്‍ബലത്തിലുമാണ് യു ഡി എഫ് സ്ഥാനാര്‍ഥിയായി ധനപാലന്‍ മത്സരരംഗത്തുള്ളത്. ലോക്‌സഭയില്‍ ഏറ്റവും കൂടുതല്‍ ഹാജര്‍ നിലയുള്ള എം പിമാരിലൊരാളാണ് ധനപാലന്‍. ചാക്കോ മണ്ഡലത്തിലേക്ക് തിരിഞ്ഞു നോക്കിയില്ലെന്നുള്ള കോണ്‍ഗ്രസ് നേതാക്കളുടെ തന്നെ വാക്ക് കടമെടുത്താണ് എതിര്‍ സ്ഥാനാര്‍ഥിയായ എല്‍ ഡി എഫിലെ സി എന്‍ ജയദേവന്റെ പ്രചാരണം. ലീഡറുടെ തട്ടകത്തില്‍ ഗ്രൂപ്പ് തര്‍ക്കം ഇല്ലാതാക്കാന്‍ കെ പി സി സി പത്മജാ വേണുഗോപാലിനെ സംഘടനാ കാര്യചുമതല നല്‍കിയതും ശ്രദ്ധേയമാണ്. ഇതിലൂടെ ഐ ഗ്രൂപ്പിന്റെ എതിര്‍പ്പുകള്‍ ഇല്ലാതാക്കാമെന്ന് പാര്‍ട്ടി കണക്കു കൂട്ടുന്നു. സ്ഥാനാര്‍ഥി നിര്‍ണയത്തിലൂടെ സഭക്കേറ്റ മുറിവും പാര്‍ട്ടിയിലെ പാരവെപ്പും ഇല്ലാതാക്കി വെന്നിക്കൊടി പാറിക്കണമെങ്കില്‍ ധനപാലന്‍ തെല്ല് വിയര്‍പ്പൊഴുക്കേണ്ടി വരും.
കഴിഞ്ഞ തവണത്തെ തോല്‍വിയില്‍ നിന്ന് പാഠമുള്‍ക്കൊണ്ടാണ് സി പി ഐക്കാരനായ സി എന്‍ ജയദേവന്‍ ഇത്തവണ മത്സരത്തിനെത്തിയത്. 2009ല്‍ ആഞ്ഞടിച്ച വലതു തരംഗത്തിലും 25,150 വോട്ടിനാണ് പി സി ചാക്കോയോട് ജയദേവന്‍ തോറ്റത്. ഉള്‍പ്പോരിന്റെ അകമ്പടിയോടെ തിരഞ്ഞടുപ്പിനെ നേരിട്ടതിനാല്‍ ഇടത് കോട്ടകള്‍ അന്ന് തകര്‍ന്നടിയുകയായിരുന്നു. സി പി ഐ ശകതി കേന്ദ്രമായ നാട്ടിക നിയമസഭാ മണ്ഡലത്തില്‍ 5,119ഉം പുതുക്കാടില്‍ 1,349ഉം വോട്ടിന്റെ ഭൂരിപക്ഷമാണ് കഴിഞ്ഞ തവണ എല്‍ ഡി എഫിന് ലഭിച്ചത്. എക്കാലവും ഇടതുപക്ഷത്തെ പിന്തുണക്കുന്ന പഞ്ചായത്തുകളെല്ലാം അന്ന് കൈവിട്ടതോടെ പതനം പൂര്‍ണമാകുകയായിരുന്നു. ഇത്തവണ സി പി എം – സി പി ഐ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായാണ് പ്രവര്‍ത്തിക്കുന്നതെങ്കിലും സി പി എമ്മുകാര്‍ക്ക് ചില മുറിവുകള്‍ ഇപ്പോഴും ഉണങ്ങാതെ കിടക്കുന്നുണ്ട്. സി പി ഐക്കാര്‍ക്ക് പ്രിയപ്പെട്ട നേതാവാണെങ്കിലും മണ്ഡലത്തിലെ പ്രബല കക്ഷിയായ സി പി എമ്മുകാര്‍ക്ക് അത്ര ഇഷ്ടപ്രിയനല്ല സി എന്‍ ജയദേവന്‍. ഒരുവര്‍ഷം മുമ്പ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ശക്തികേന്ദ്രമായ ചേര്‍പ്പില്‍ ഇരുപക്ഷവും തിരഞ്ഞെടുപ്പിലും ശാരീരികമായും ഏറ്റുമുട്ടിയപ്പോള്‍ ശക്തമായ വാക്കുകളുപയോഗിച്ച് രംഗത്തുവന്ന സി എന്‍ ജയദേവന്റെ തനിസ്വരൂപം സി പി എമ്മുകാര്‍ അന്ന് കണ്ടതാണ്. സി പി എം ജില്ലാ സെക്രട്ടറി എ സി മൊയ്തീനും സി എന്‍ ജയദേവനും പരസ്യമായി വാക്കുകളിലൂടെ ഏറ്റമുട്ടിയത് ഇത് പാര്‍ട്ടി പ്രവര്‍ത്തകരുടെ ഉള്ളില്‍ മുറിവായി കിടക്കുന്നുണ്ട്. ഇത് വോട്ടിലൂടെ പ്രതിഫലിച്ചാല്‍ ജയദേവന്‍ വെള്ളം കുടിക്കുമെന്നുറപ്പാണ്.
ജില്ല മാറി മത്സരിക്കാനെത്തുന്ന ബി ജെ പിയിലെ കെ പി ശ്രീശന്‍ ഗ്രൂപ്പ് പോരിന്റെ നടുവില്‍ നിന്നുകൊണ്ട് തന്നെയാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ഗ്രൂപ്പ് പോരുകള്‍ ഒളിഞ്ഞും തെളിഞ്ഞും പാര്‍ട്ടികളില്‍ ഉടലെടുത്തത് എങ്ങനെ പ്രതിഫലിക്കുമെന്ന് കണ്ടറിയേണ്ടിരിക്കുന്നു. മുഖ്യാധാരാ രാഷ്ട്രീയ പാര്‍ട്ടികളുടെ അപചയങ്ങളെ പൊളിച്ചഴുത്ത് നടത്തിയാണ് ആം ആദ്മി സ്ഥാനാര്‍ഥി സാറാ ജോസഫ് പ്രചാരണം നടത്തുന്നത്. ഇരു മുന്നണികളുടെയും വോട്ട് ബേങ്കില്‍ വിള്ളല്‍ വീഴ്ത്താന്‍ കഴിയുമെന്നാണ് ആം ആദ്മി പാര്‍ട്ടി കണക്കു കൂട്ടുന്നു. തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിന്റെ തിരഞ്ഞെടുപ്പ് ഫലം നോക്കുകയാണെങ്കില്‍ കൂടുതല്‍ തവണ ഇടതുപക്ഷമാണ് വിജയിച്ചതെങ്കിലും അടുത്ത കാലങ്ങളില്‍ കൂടുതല്‍ പ്രാവശ്യം ജയിച്ചത് യു ഡി എഫാണെന്നു കാണാം. ഫലത്തെകുറിച്ച് പല പ്രവചനങ്ങള്‍ മണ്ഡലത്തില്‍ നടക്കുന്നുണ്ടെങ്കിലും സീറ്റ് നിലനിര്‍ത്താന്‍ യു ഡി എഫും തിരിച്ചു പിടിക്കാന്‍ എല്‍ എഡി എഫും പഠിച്ച പതിനെട്ടടവും പുറത്തെടുക്കേണ്ടി വരുമെന്ന് തീര്‍ച്ച.

Latest