ഒരു വീട്, വോട്ടര്‍മാര്‍ 47

Posted on: March 31, 2014 7:35 am | Last updated: March 31, 2014 at 7:35 am
SHARE

voteപാറ്റ്‌ന: ബീഹാറിലെ പുര്‍ണിയ ജില്ലയിലെ നസീറിന്റെ വീട്ടില്‍ വോട്ട് പിടിക്കാനെത്തുന്നവരുടെ തിരക്കൊഴിയുന്നില്ല. ഈ ഗ്രാമത്തില്‍ വോട്ടഭ്യര്‍ഥിച്ചെത്തുന്ന സ്ഥാനാര്‍ഥികള്‍ ആദ്യം കയറുന്നതും നസീറിന്റെ വീട്ടില്‍ തന്നെ. എന്താണെന്ന് സംശയിക്കാന്‍ വരട്ടെ. ഒറ്റ ഗൃഹസന്ദര്‍ശനത്തില്‍ കിട്ടുന്നത് 47 വോട്ടുകളാണെന്നതാണ് കാര്യം. പുര്‍ണിയ ജില്ലയിലെ കിഷന്‍ഗഞ്ച് മണ്ഡലത്തിലെ ഈ കൂട്ടുകുടുംബത്തില്‍ 85 അംഗങ്ങളാണുള്ളത്. വോട്ടവകാശം ഉള്ളവര്‍ 47 പേരും. പുര്‍ണിയ ജില്ലയില്‍ നിന്ന് 350 കിലോമീറ്റര്‍ അകലെയുള്ള ജിയഗച്ചിയിലാണ് ഈ വലിയ കുടുംബത്തിന്റെ താമസം. ഇത്രയും അംഗങ്ങളുള്ളതിനാല്‍ തന്നെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും പ്രതിനിധികള്‍ നിത്യേന എത്തി വോട്ട് ചോദിക്കാറുണ്ടെന്ന് കുടുംബത്തിലെ മുതിര്‍ന്ന അംഗമായ മുഹമ്മദ് നസീര്‍ പറഞ്ഞു. അറുപത് വയസ്സിനോട് അടുക്കുന്ന നസീര്‍ കൃഷിക്കാരനാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ തന്റെ കുടുംബത്തിന്റെ മൂല്യം ഏറിവരികയാണെന്ന് അദ്ദേഹം പറയുന്നു.
നസീറിന്റെ രണ്ട് ഇളയ സഹോദരന്മാര്‍ അധ്യാപകരാണ്. ഒരു ദിവസം ഇരുപത് കിലോ അരിയാണ് ഭക്ഷണത്തിന് വേണ്ടത്. ഒരേക്കറോളം കൃഷിഭൂമിയും നസീറിന് സ്വന്തമായുണ്ട്. അവിടെ പലവിധ കൃഷിയും നടത്തുന്നു.
കിഷന്‍ഗഞ്ചില്‍ 66.7 ശതമാനവും മുസ്‌ലിംകളാണ്. കോണ്‍ഗ്രസിന്റെ സിറ്റിംഗ് എം പിയായ ഇശാറുള്‍ ഹഖ് ആണ് ഇവിടത്തെ സ്ഥാനാര്‍ഥി. ദിലീപ് ജസ്വാള്‍ ബി ജെ പിക്ക് വേണ്ടി മത്സരിക്കുന്നു. അഖ്തരുണ്‍ ഇമാനാണ് ഐക്യ ജനതാദള്‍ സ്ഥാനാര്‍ഥി. നസീറിന്റെ സഹോദരന്റെ ഭാര്യ പഞ്ചായത്ത് പ്രസിഡന്റാണ്. കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നുണ്ടെന്നും അവര്‍ക്ക് ജീവിക്കാന്‍ ഭാവിയില്‍ കൃഷി ഉപകരിക്കില്ലെന്നും ഈ കര്‍ഷക കുടുംബം പറയുന്നു. ഗ്രാമത്തിലെ തര്‍ക്കങ്ങളും മറ്റും പരിഹരിക്കാന്‍ ഈ കുടുംബം പോലീസിനെ സഹായിക്കാറുണ്ടെന്ന് പോലീസ് ഓഫീസര്‍ മഹീന്ദര്‍ പ്രസാദ് യാദവും പറഞ്ഞു.