എ കെ ജിയുടെ ചരിത്ര നേട്ടം തിരുത്താന്‍ ആര്‍ക്കാകും?

  Posted on: March 31, 2014 7:31 am | Last updated: March 31, 2014 at 7:31 am
  SHARE

  a k gപാവങ്ങളുടെ പടത്തലവനെന്നറിയപ്പെടുന്ന എ കെ ഗോപാലന്‍ ആദ്യ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ നിന്ന് നേടിയെടുത്ത ചരിത്ര നേട്ടം ഇപ്പോഴും അദ്ദേഹത്തിന് മാത്രം സ്വന്തം. കേരളം പിറന്നിരുന്നില്ലെങ്കിലും കണ്ണൂര്‍ മണ്ഡലത്തിലെ അന്നത്തെ വോട്ടുനില വെച്ച് എ കെ ജി വിജയിച്ചത് റെക്കോര്‍ഡ് ഭൂരിപക്ഷത്തിനാണ്. അന്നത്തെ വോട്ടര്‍മാരെക്കാള്‍ എത്രയോ ഇരട്ടി വോട്ടര്‍മാര്‍ ഇപ്പോഴുണ്ടായിട്ടും അറുപത് വര്‍ഷം മുമ്പുള്ള എ കെ ജിയുടെ ഭൂരിപക്ഷത്തെ വെല്ലാന്‍ ഇന്നും ആര്‍ക്കും കഴിഞ്ഞിട്ടില്ല. 1971ല്‍ കണ്ണൂര്‍ മണ്ഡലം രൂപപ്പെട്ടതിന് ശേഷം നടന്ന പതിനൊന്ന് തിരഞ്ഞെടുപ്പുകളില്‍ 2004ല്‍ മാത്രമാണ് എ കെ ജിയുടെ ഭൂരിപക്ഷത്തിന് നാലായിരം വോട്ടിന് താഴെയെങ്കിലുമെത്താന്‍ കണ്ണൂരില്‍ നിന്ന് വിജയിച്ച സ്ഥാനാര്‍ഥിക്ക് കഴിഞ്ഞത്.
  ആന്ധ്രയും കര്‍ണാടകയും പോണ്ടിച്ചേരിയുമെല്ലാം ഉള്‍പ്പെട്ടിരുന്ന മദ്രാസ് സംസ്ഥാനത്തിലായിരുന്നു 1951ലെ ആദ്യ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് കണ്ണൂര്‍ മണ്ഡലം ഉള്‍പ്പെട്ടിരുന്നത്. മദ്രാസ് സംസ്ഥാനത്തെ 58-ാം ലോക്‌സഭാ മണ്ഡലമായിരുന്നു കണ്ണൂര്‍. എ കെ ജി യാണ് കണ്ണൂരില്‍ നിന്ന് ആദ്യം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രതിനിധിയായി മത്സരിച്ചത്. എതിരിടാന്‍ പ്രഗത്ഭനായ പേരുകേട്ട കോണ്‍ഗ്രസ് നേതാവ് സി കെ ഗോവിന്ദന്‍ നായരായിരുന്നു രംഗത്തുണ്ടായത്. മൂന്ന് ലക്ഷത്തില്‍ പരം വോട്ടര്‍മാര്‍ മാത്രമാണ് ആ തിരഞ്ഞെടുപ്പില്‍ സമ്മതിദാനാവകാശം വിനിയോഗിച്ചത്. എ കെ ജിക്ക് 1,66,299 വോട്ടാണ് കിട്ടിയത്. പ്രഗത്ഭനും ജനകീയനുമായ കോണ്‍ഗ്രസ് നേതാവായിട്ടും സി കെ ഗോവിന്ദന്‍നായര്‍ക്ക് 79,270 വോട്ടുകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. എ കെ ജിയുടെ അന്നത്തെ ഭൂരിപക്ഷം 87,029 വോട്ടായിരുന്നു. ജനമനസ്സില്‍ എ കെ ജിക്കുള്ള സ്ഥാനം വിളിച്ചോതുന്നതായിരുന്നു ആ തിരഞ്ഞെടുപ്പിന്റെ ഫലം.
  ഇന്നത്തെപ്പോലെ വലിയ തോതിലുള്ള നാടിളക്കിയുള്ള പ്രചാരണങ്ങളൊന്നും അന്നുണ്ടായിരുന്നില്ലെങ്കിലും നാട്ടുകാര്‍ക്ക് നല്ല രാഷ്ട്രീയ ബോധമുണ്ടായിരുന്നുവെന്ന് തിരഞ്ഞെടുപ്പില്‍ എ കെ ജിക്കു വേണ്ടി പ്രവര്‍ത്തിച്ച സ്വാതന്ത്ര്യസമര സേനാനി പരിയാരത്തെ വി വി നാരായണന്‍ ഓര്‍ത്തെടുക്കുന്നു.
  എ കെ ജിയോടൊപ്പം അന്ന് തലശ്ശേരിയില്‍ നിന്ന് എന്‍ ദാമോദരനും കോഴിക്കോട്ട് നിന്ന് കെ എ ദാമോദര മേനോനും മലപ്പുറത്ത് നിന്ന് ബി പോക്കറും പൊന്നാനിയില്‍ നിന്ന് കെ കേളപ്പനും വെള്ള ഈച്ചരനുമാണ് തിരഞ്ഞെടുക്കപ്പെട്ടത്. എന്നാല്‍ ഇവര്‍ക്കാര്‍ക്കും എ കെ ജിയുടെ ഭൂരിപക്ഷമുണ്ടായില്ല. നിര്‍ഭാഗ്യവശാല്‍ ആദ്യ ലോക്‌സഭയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് 17 സീറ്റ് മാത്രമാണ് ലഭിച്ചത്. 398 സീറ്റ് ലഭിച്ച കോണ്‍ഗ്രസ് അധികാരത്തിലേറിയപ്പോള്‍ രണ്ടാം സ്ഥാനത്തുള്ള പാര്‍ട്ടിയെന്ന നിലയില്‍ പ്രതിപക്ഷത്തെ ഏറ്റവും വലിയ കക്ഷിയുടെ നേതാവായ എ കെ ജി ആദ്യ പ്രതിപക്ഷ നേതാവുമായി മാറി. പിന്നീട് കണ്ണൂര്‍ മണ്ഡലത്തില്‍ നടന്ന തിരഞ്ഞെടുപ്പുകളിലെല്ലാം ജയിച്ച ഇടതു, വലതു സ്ഥാനാര്‍ഥികളില്‍ ഭൂരിഭാഗം പേരുടെയും ഭൂരിപക്ഷം 60,000ല്‍ താഴെയായിരുന്നു. 1980ല്‍ ഇടതുസ്ഥാനാര്‍ഥിയായ കെ കുഞ്ഞമ്പു നേടിയ 73,257 വോട്ടിന്റെയും 2004ല്‍ അബ്ദുല്ലക്കുട്ടിക്ക് ലഭിച്ച 83,849 വോട്ടിന്റെയും ഭൂരിപക്ഷം മാത്രമാണ് എ കെ ജിയുടെ ഭൂരിപക്ഷത്തിന്റെ തൊട്ടുതാഴെയെങ്കിലുമെത്തിയത്. മണ്ഡല വിഭജനം നടന്ന ശേഷം 1962ലും 1967ലും കാസര്‍കോട് നിന്ന് മത്സരിച്ച് ജയിച്ച എ കെ ജിയുടെ ഭൂരിപക്ഷം ഒന്നര ലക്ഷത്തോളമായിരുന്നു. ഈ ഭൂരിപക്ഷവും തകര്‍ക്കാന്‍ മറ്റാര്‍ക്കും കഴിഞ്ഞിട്ടില്ല.