Connect with us

Editorial

കുവൈത്ത് പ്രഖ്യാപനം

Published

|

Last Updated

പൊതുവിഷയങ്ങളില്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്ന പ്രഖ്യാപനത്തോടെ ഈയിടെ സമാപിച്ച അറബ് ലീഗ് ഉച്ചകോടി പ്രതീക്ഷ പകരുന്നതാണ്. വലിയ നിലപാട് മാറ്റങ്ങള്‍ക്ക് തയ്യാറല്ലെന്ന സന്ദേശമാണ് ഉച്ചകോടിക്ക് ശേഷം പുറത്തിറക്കിയ കുവൈത്ത് പ്രഖ്യാപനം നല്‍കുന്നതെങ്കിലും വ്യക്തമായ ചില നീക്കങ്ങള്‍ക്ക് അത് തുടക്കമിടുന്നുണ്ട്. ദശകങ്ങളായി തുടരുന്ന ഫലസ്തീന്‍ പ്രശ്‌നത്തില്‍ അറബ് കൂട്ടായ്മ നടത്തിയ തുറന്ന പ്രഖ്യാപനം ധീരമെന്ന വിശേഷണം അര്‍ഹിക്കുന്നതാണ്.
ഇസ്‌റാഈലിനെ ജൂതരാഷ്ട്രമായി അംഗീകരിക്കാനാകില്ലെന്നും ജറൂസലം തലസ്ഥാനമായി സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം രൂപവത്കരിക്കുക മാത്രമാണ് പ്രശ്‌നപരിഹാരത്തിനുള്ള പോംവഴിയെന്നും കുവൈത്ത് പ്രഖ്യാപനം വ്യക്തമാക്കുന്നു. ഫലസ്തീന്‍ വിഷയത്തില്‍ ഐക്യരാഷ്ട്രസഭ അംഗീകരിച്ച പ്രമേയങ്ങള്‍ പാലിക്കാന്‍ ഇസ്‌റാഈലിനെ ലോകരാഷ്ട്രങ്ങള്‍ നിര്‍ബന്ധിക്കണം. 1967 ന് ശേഷം കൈയേറിയ പ്രദേശങ്ങള്‍ ഫലസ്തീനിന് വിട്ടുനല്‍കണം. സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്ര രൂപവത്കരണത്തിന് വിലങ്ങുതടിയായി ഇസ്‌റാഈല്‍ ഇടക്കിടെ ഗാസയിലും വെസ്റ്റ്ബാങ്കിലും നടത്തുന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കുകയും കുടിയേറ്റ കേന്ദ്രങ്ങളുടെ നിര്‍മാണം നിര്‍ത്തിവെക്കുകയും വേണമെന്നും പ്രഖ്യാപനത്തില്‍ ആവശ്യപ്പെടുന്നു.
ജൂതരാഷ്ട്രമായി ഇസ്‌റാഈലിനെ അംഗീകരിക്കുകയെന്നതിന് അര്‍ഥം ഫലസ്തീന്‍ രൂപവത്കരണ സ്വപ്‌നങ്ങളും ഇസ്‌റാഈലിലെ അറബ് വംശജരുടെ സമാധാനപൂര്‍ണമായ അസ്തിത്വവും അടിയറ വെക്കുകയെന്നാണ്. അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി ഈയിടെ നടത്തിയ സമാധാന ശ്രമങ്ങളെ സംശയത്തോടെ കാണുന്നത് ഈ പശ്ചാത്തലത്തിലാണ്. ഇസ്‌റാഈലിന്റെ നിലനില്‍പ്പിനാണ് കെറി ഊന്നല്‍ നല്‍കുന്നതെന്ന് വ്യക്തം. ചര്‍ച്ചയില്‍ ഫലസ്തീന്‍ പക്ഷത്തെ പ്രതിനിധാനം ചെയ്യുന്ന ഫലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് തന്നെ ഇപ്പോള്‍ ഇത് തിരിച്ചറിയുന്നുണ്ട്. ഗാസയുടെ നിയന്ത്രണം കൈയാളുന്ന ഹമാസ് ഈ ചര്‍ച്ചകളെ ഒരു ഘട്ടത്തിലും അംഗീകരിച്ചിട്ടില്ല. കെറി മുന്നോട്ട് വെക്കുന്ന ദ്വിരാഷ്ട്ര പരിഹാരത്തിലെ അടിസ്ഥാനപരമായ ചതി അത് ഫലസ്തീനിന്റെ ന്യായമായ അതിര്‍ത്തി അംഗീകരിക്കുന്നില്ലെന്നതാണ്. 1967ലെ അധിനിവേശത്തിന് മുമ്പുള്ള അതിര്‍ത്തി ഇസ്‌റാഈല്‍ ഒരിക്കലും അംഗീകരിക്കാന്‍ പോകുന്നില്ലെന്ന് ഏറ്റവും പുതിയ സംഭവവികാസങ്ങള്‍ കാണിക്കുന്നു.
ജറൂസലം മേഖലയില്‍ ഇസ്‌റാഈല്‍ ആസൂത്രിതമായ വംശീയ ഉന്മൂലനം നടത്തിവരുന്നുവെന്ന് ബ്രിട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ ഗ്രൂപ്പ് ഈയിടെ ചൂണ്ടിക്കാട്ടിയിരുന്നു. ഫലസ്തീനി ഭവനങ്ങള്‍ ഇടിച്ചുനിരത്തുന്നു. ചെറുത്തുനില്‍ക്കുന്ന ഫലസ്തീനികളെ തീവ്രവാദമാരോപിച്ച് അറസ്റ്റ് ചെയ്യുന്നു. തോക്കിനിരയാക്കി ഏറ്റുമുട്ടലായി ചിത്രീകരിക്കുന്നു. ഫലസ്തീനികള്‍ പുതിയ ഭവനങ്ങള്‍ നിര്‍മിക്കുന്നതും പഴയ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കി പുതിയവ സ്ഥാപിക്കുന്നതും ഇസ്‌റാഈല്‍ വിലക്കിയതിനാല്‍ സ്‌കൂളുകള്‍ അടക്കമുള്ളവക്ക് പ്രവര്‍ത്തിക്കാനാകുന്നില്ല. മറുവശത്ത്, ജറൂസലമില്‍ ജൂത കുടിയേറ്റക്കാര്‍ക്കുള്ള പുതിയ പാര്‍പ്പിടനിര്‍മാണം തകൃതിയായി തുടരുകയും ചെയ്യുന്നു. സഹവര്‍ത്തിത്വത്തിന്റെ എല്ലാ സാധ്യതകളും തകര്‍ക്കുന്ന ഇസറാഈല്‍ കെറിയുടെ മധ്യസ്ഥതയില്‍ ഏറ്റവും ഒടുവില്‍ നിലവില്‍ വന്ന കരാറിലെ വ്യവസ്ഥകള്‍ പോലും ലംഘിക്കുകയാണ്. ഫലസ്തീന്‍ തടവുകാരെ കൈമാറുമെന്ന പ്രഖ്യാപനമാണ് നെതന്യാഹു ഭരണകൂടം വിഴുങ്ങിയിരിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ അറബ് ലീഗിന്റെ കുവൈത്ത് പ്രഖ്യാപനത്തിന് ഏറെ പ്രധാന്യമുണ്ട്.
എന്നാല്‍ സിറിയന്‍ വിഷയത്തില്‍ ലീഗ് മുന്നോട്ട് വെക്കുന്ന നിലപാട് വലിയ ചോദ്യങ്ങളുയര്‍ത്തുന്നു. മൂന്ന് വര്‍ഷമായി തുടരുന്ന സിറിയന്‍ പ്രതിസന്ധി അവസാനിപ്പിക്കാന്‍ ലോകരാഷ്ട്രങ്ങള്‍ മുന്‍കൈയെടുക്കണമെന്നും ഇക്കാര്യത്തില്‍ ഐക്യരാഷ്ട്രസഭ കൂടുതല്‍ ഉത്തരവാദിത്വബോധം കാണിക്കണമെന്നും കുവൈത്ത് പ്രഖ്യാപനം ആവശ്യപ്പെടുന്നുണ്ട്. ബശര്‍ അല്‍ അസദ് അധികാരം വിട്ടൊഴിയണമെന്നര്‍ഥം. ഒന്നാം ജനീവ പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തിലുള്ള പരിഹാരമാണ് വേണ്ടത്. അസദ് വിട്ടൊഴിഞ്ഞാല്‍ സംജാതമാകുന്ന അധികാരശൂന്യതയെക്കുറിച്ച് ഗൗരവതരമായ ആലോചന നടന്നിട്ടില്ലെന്നതാണ് ഈ പ്രഖ്യാപനത്തിന്റെ അടിസ്ഥാന പ്രശ്‌നം. ലിബിയയില്‍ മുഅമ്മര്‍ ഗദ്ദാഫിയെ പുറത്താക്കിയപ്പോള്‍ അധികാരമേറ്റെടുത്ത ഇസ്‌ലാമിസ്റ്റുകള്‍ക്ക് രാജ്യത്തെ മുന്നോട്ട് നയിക്കാനായില്ലെന്ന അനുഭവം ലോകത്തിന് മുന്നിലുണ്ട്. സ്വകാര്യ സേനകള്‍ പരസ്പരം പോരടിക്കുന്നത് നോക്കി നില്‍ക്കുകയാണ് അവിടെ+ സര്‍ക്കാര്‍. രാജ്യത്തിന്റെ എണ്ണ സമ്പത്ത് ആരൊക്കെയോ കൊള്ളയടിക്കുന്നു. ഔദ്യോഗികമായ സുരക്ഷാ സംവിധാനങ്ങള്‍ വെറും നോക്കുകുത്തിയാണ്. ലിബിയയില്‍ ഗദ്ദാഫിയെ പാഠം പഠിപ്പിക്കാന്‍ ഒരുപാട് പേരുണ്ടായിരുന്നു. അതിന് ശേഷം ലിബിയന്‍ ജനതയെ തിരിഞ്ഞു നോക്കാന്‍ ആരുമുണ്ടായില്ല. സിറിയന്‍ ഭരണമാറ്റത്തെക്കുറിച്ച് പ്രഖ്യാപനങ്ങള്‍ നടത്തുമ്പോള്‍ ലിബിയയിലേക്ക് ഒന്ന് കണ്ണു പായിക്കണമെന്ന് ചുരുക്കം.

Latest