Connect with us

Articles

വിമാനത്തില്‍ വരുന്ന വോട്ടുകള്‍

Published

|

Last Updated

പതിവു പോലെ ഈ വര്‍ഷവും ഏപ്രില്‍ മാസത്തിലാണ് വിഷു. പ്രവാസി മലയാളികള്‍ക്ക് ഈ വിഷുവിന് ഒരു വര്‍ഷത്തെ പഴക്കമുണ്ട്. കാരണം കഴിഞ്ഞ വര്‍ഷത്തെ വിഷുവാകുമായിരുന്നു ശരിക്കും വിഷു. അന്ന് “എയര്‍ കേരള” വിമാനം ആകാശത്ത് ചിറകു വിടര്‍ത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രഖ്യാപിച്ചിരുന്നു. 2012 ഒക്‌ടോബര്‍ ആദ്യത്തിലായിരുന്നു മുഖ്യമന്ത്രിയുടെ അറിയിപ്പ്. ഐ എ എന്‍ എസിനു നല്‍കിയ അഭിമുഖത്തിലായിരുന്നു വിഷു ദിവസം പ്രവാസി മലയാളികളുടെ ചിരകാല സ്വപ്‌നം ടേക് ഓഫ് ചെയ്യുമെന്ന് ഉമ്മന്‍ ചാണ്ടിയുടെ അറിയിപ്പ്. ഈ തിരഞ്ഞെടുപ്പില്‍ നിറയെ വോട്ടുകളുമായി തിരുവനന്തപുരത്തും കൊച്ചിയിലും കോഴിക്കോട്ടും പറന്നിറങ്ങേണ്ട വിഷുപ്പക്ഷി പക്ഷേ, പാടിയും പറന്നുമില്ല. ഇപ്പോള്‍ പ്രവാസികള്‍ “കാലമിനിയുമുരുളും വിഷു വരും വര്‍ഷം വരും തിരുവോണം വരും പിന്നെയോരോ തളിരിനും പൂ വരും കായ് വരും അപ്പോഴാരെന്നും എന്തെന്നും ആര്‍ക്കറിയാം ?” എന്ന് ചോദിച്ച് നെടുവീര്‍പ്പിടുന്നു.
യു ഡി എഫ് സര്‍ക്കാര്‍ അതിന്റെ വ്യവസായ, വികസന നയങ്ങളുടെ വിഷ്വല്‍ പ്രസന്റേഷന്‍ നടത്തിയ “എമര്‍ജിംഗ് കേരള”യില്‍ പ്രഖ്യാപിച്ച പ്രധാന പദ്ധതികളിലൊന്നായിരുന്നു “എയര്‍ കേരള”. നൂറ് കോടി രൂപ മൂലധനവുമായി പ്രവാസി നിക്ഷേപം സ്വീകരിച്ചു ആരംഭിക്കുമെന്നായിരുന്നു അറിയിപ്പ്. കേന്ദ്രത്തിന് അപേക്ഷ നല്‍കിയെന്നും സര്‍ക്കാര്‍ സ്ഥാപനം എന്ന പരിഗണനയില്‍ എയര്‍ ഇന്ത്യാ എക്‌സ്പ്രസിനു നല്‍കിയ നിബന്ധനയിളവുകള്‍ കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രിയും പ്രവാസി മന്ത്രിയും മറ്റു മന്ത്രിമാരുമെല്ലാം അറിയിച്ചിരുന്നു. അഞ്ച് വര്‍ഷത്തെ ആഭ്യന്തര സര്‍വീസും സ്വന്തമായി 20 വിമാനങ്ങളും എന്നതാണ് കേന്ദ്ര സിവില്‍ വ്യോമയാന നിയമം. ടാറ്റയും എയര്‍ ഏഷ്യയുമുള്‍പ്പെടെയുള്ള ഭീമന്‍മാര്‍ വിമാന കമ്പനിയുമായി വരുമ്പോള്‍ നിയമത്തില്‍ ഇളവ് ചെയ്യാന്‍ കേന്ദ്ര വ്യോമയാന മന്ത്രി അജിത്‌സിംഗ് പല തവണ വ്യഗ്രതപ്പെട്ടു കൊണ്ടിരിക്കേയാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടത്.
ഒരു വിഷുവും വിമാനവും ഈ തിരഞ്ഞെടുപ്പില്‍ അതിപ്രധാനമായ വിഷയമല്ല. എന്നാല്‍ ഈ വിമാനം പ്രവാസി മലയാളികളെ സംബന്ധിച്ച് ഒരു പ്രതീകമാണ്. നിറവേറ്റപ്പെടാത്തതും നടപ്പിലാകാത്തതുമായ വാഗ്ദാനങ്ങള്‍ കൊണ്ടു മാത്രം ഒരു ജനതയെ കടലിനപ്പുറത്തു നിര്‍ത്താമെന്ന ഇന്ത്യന്‍ രാഷ്ട്രീയ പ്രഭുത്വത്തിന്റെ ഒടുവിലെ വലിയ ഉദാഹരണമാണ് “എയര്‍ കേരള”. പ്രവാസികളുടെ കൊടിയടയാളം വിമാനം തന്നെയാണ്. സര്‍വീസ് രംഗത്ത് ഇപ്പോള്‍ യഥേഷ്ടം വിമാനങ്ങളുള്ളതിനാല്‍ പ്രവാസികള്‍ക്ക് യാത്രക്ക് വലിയ കഷ്ടപ്പാടില്ല. എന്നാലും വിമാനം തന്നെയായിരിക്കും പ്രവാസികളുടെ അവകാശത്തിന്റെയും അവഗണനയുടെയും പ്രതീകാത്മക സൂത്രവാക്യം. അതുകൊണ്ടു തന്നെ ഏപ്രില്‍ പത്തിനും അതിനു മുമ്പുള്ള ദിവസങ്ങളിലും കേരളത്തില്‍ വിമാനത്തില്‍ വന്നിറങ്ങുന്ന വോട്ടുകള്‍ക്ക്, അഥവാ പ്രവാസി മലയാളികള്‍ക്ക് ഈ തിരഞ്ഞെടുപ്പിലും മൂക സാക്ഷികളോ യാന്ത്രികമായ വിരലമര്‍ത്തികളോ ആകാന്‍ തന്നെയാണ് വിധി.
ആം ആദ്മി പാര്‍ട്ടിയും വെല്‍ഫെയര്‍ പാര്‍ട്ടിയും വരെ പ്രകടനപത്രികള്‍ പുറത്തിറക്കിയല്ലോ. മൂന്നാം ലോക രാജ്യങ്ങളുടെ കൂട്ടായ്മ രൂപവത്കരിക്കുമെന്നു വരെ വാഗ്ദാനം ചെയ്യപ്പെട്ട ഫലിതം നിറഞ്ഞ പത്രികകളില്‍ പോലും പ്രവാസികളടെ സ്ഥാനം എന്താണ്. ആരും പറഞ്ഞു കേട്ടില്ല, പറയാന്‍ തരവുമില്ല. കാരണം, രാഷ്ട്രീയം ആട്ടിയോടിച്ചു കടല്‍ കടത്തിയവരാണ് പ്രവാസികള്‍. അന്യ ദേശത്ത് രാഷ്ട്രീയാഭയം തേടിയവരാണവര്‍. ഒരു രാഷ്ട്രത്തിലെ പൗരന്‍മാന്‍ തൊഴില്‍ തേടി കൂട്ടത്തോടെ പലായനം ചെയ്യുന്നുവെങ്കില്‍ അത് സ്വരാജ്യത്ത് ജീവിക്കാന്‍ ആവശ്യമായ വിഭവങ്ങള്‍ ഒരുക്കിക്കൊടുക്കുന്നതില്‍ രാജ്യത്ത് രാഷ്ട്രീയം പരാജയപ്പെടുന്നു എന്നാണ്. ഇന്ത്യയിലെ, വിശിഷ്യാ കേരളത്തിലെ പ്രവാസിളുടെ പലായന ചരിത്രം ഇതു തന്നെയാണ് സൂചിപ്പിക്കുന്നത്.
വ്യാപാരമോ മികച്ച തൊഴില്‍ അഭിവൃദ്ധിയോ തേടിപ്പോകുന്നവരല്ല ഭൂരിഭാഗം ഗള്‍ഫുകാരും. വിശപ്പടക്കാനുള്ള ധാന്യങ്ങളുടെയും പലചരക്ക് സാധനങ്ങളുടെയും പിന്നെ പെട്രോളിന്റെയും വിലകള്‍ ക്രമാതീതമായി ഉയരുമ്പോള്‍ അതിനു മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ മാത്രം വരുമാനമില്ലാതെ വിദേശ നാടുകളില്‍ തീ വെയില്‍ കൊണ്ട് പണിയെടുക്കാന്‍ വന്നവരാണവര്‍. “നാട്ടില്‍ നിന്നിട്ടു വലിയ ഗുണമില്ല. എങ്ങനെയെങ്കിലും ഗള്‍ഫില്‍ പോകാന്‍ നോക്കണം” എന്ന ശരാശരി മലയാളിയുടെ അഭിപ്രായത്തെ രൂപപ്പെടുത്തിയ രാഷ്ട്രീയം ആട്ടിയോടിക്കലിന്റെതാണ്. ദിവസങ്ങളോളം ഉപ്പു വെള്ളം കുടിച്ച് ലോഞ്ചില്‍ വന്ന് തീരം കാണുമ്പോള്‍ കടലില്‍ ചാടി നീന്തിക്കയറിയാണ് ആദിമ പ്രവാസിമലയാളി അറബ് നാട് പറ്റിയത്. അവര്‍ കണ്ടുപിടിച്ച അറബിപ്പൊന്നിന്റെ നാട്ടില്‍ വന്ന അഭിവൃദ്ധികള്‍ക്കൊത്ത് ഗള്‍ഫ് നാടുകളിലും ഗള്‍ഫുകാരിലും സാരമായ മാറ്റം വന്നുവെങ്കില്‍ ഈ മാറ്റത്തിന്റെ പ്രസന്നത അതിവേഗം ആവാഹിച്ച നാടുകൂടിയാണ് കേരളം. പ്രവാസി മലയാളികള്‍ കേരളത്തെ മാറ്റിപ്പണിയുകയായിരുന്നു. ആട്ടിയോടിക്കപ്പെട്ട സമൂഹം തിരിച്ചു വന്ന് സ്വന്തം നാട്ടില്‍ നടത്തിയ നിര്‍മാണാത്മകമായ രാഷ്ട്രീയ പ്രവര്‍ത്തനമാണ് കേരളത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്ന വികസനത്തിന്റെ ഗോപുരങ്ങള്‍.
പ്രവാസികള്‍ നാട്ടില്‍ ഉപേക്ഷിച്ചു പോന്ന കുടുംബത്തിന് ജീവിക്കാനും പഠിക്കാനും ചികിത്സിക്കാനുമെല്ലാം മാസാമാസം പണം അയച്ചു കൊടുക്കുകയും സംസ്ഥാനത്തിന്റെ ധന നട്ടെല്ലായി നിവര്‍ന്നു നില്‍ക്കുകയും ചെയ്യുക എന്നത് ഒരു സമാന്തര രാഷ്ട്രീയ പ്രവര്‍ത്തനമാണ്. അധ്വാനിക്കുകയും നാടു നിര്‍മിക്കുകയും ചെയ്യുന്ന തൊഴിലാളിവര്‍ഗത്തിന്റെ രാഷ്ട്രീയം. പ്രവാസി മലയാളം അതിന്റെ ആദ്യ ദശകങ്ങളില്‍ തന്നെ ഇങ്ങനെ ഒരു രാഷ്ട്രീയമായി രൂപാന്തരം പ്രാപിച്ചിരുന്നു. രാജ്യത്തിന്റെ കറന്‍സിയുടെ മൂല്യത്തെക്കുറിച്ച് ധാരണയുള്ള രാഷ്ട്രീയ പ്രവര്‍ത്തകര്‍ പ്രവാസികളാണ്. ഇന്ത്യയില്‍, സംസ്ഥാനത്ത് എത്ര പേര്‍ക്ക് രൂപയുടെ മൂല്യം ഉയരുകയും താഴുകയും ചെയ്യുന്നതില്‍ ആശങ്കയുണ്ട്. ടു ജി സ്‌പെക്ട്രം, കല്‍ക്കരി അഴിമതിക്കേസുകളിലൂടെ ഖജനാവില്‍ നിന്ന് കോടികള്‍ ചോരുമ്പോഴും ഇന്ധന വില വര്‍ധനവും സൗരോര്‍ജം പോലുള്ള സാമ്പത്തിക തട്ടിപ്പുകളും നാട്ടിലെ സമ്പദ്‌മേഖലയില്‍ ഉലച്ചില്‍ ഉണ്ടുക്കുമ്പോഴും അസ്വസ്ഥതകളനുഭവിക്കുന്നു പ്രവാസികള്‍. അറബ് നാണയത്തിന്റെ ഇന്ത്യന്‍ രൂപയുമായുള്ള വിനിമയ വിലയില്‍ ബന്ധിപ്പിച്ചു നിര്‍ത്തിയിട്ടുള്ള ഈ സമൂഹം എപ്പോഴും പൊട്ടിത്തെറിക്കാവുന്ന ഒരു രാഷ്ട്രീയ ശക്തിയാണിന്ന്.
നാട്ടില്‍ പണിയെടുക്കുന്ന സാധാരണ തൊഴിലാളിക്കു കിട്ടുന്നത്രയും ദിവസക്കൂലി കിട്ടാത്ത, നിത്യവും പന്ത്രണ്ടും പതിനാലും മണിക്കൂര്‍ ജോലി ചെയ്യുന്ന സാധാരണക്കാരാണ് ഗള്‍ഫ് ജോലിക്കാരില്‍ വലിയൊരു വിഭാഗം. പ്രവാസി സമൂഹത്തിന്റെ മധ്യധാരയില്‍ പോലും കാണാന്‍ കഴിയാത്ത, കണ്‍സ്ട്രക്ഷന്‍ സൈറ്റുകളില്‍, പാതിരാ വരെ തുറന്നു വെക്കുന്ന പെട്ടിക്കടകളില്‍ (ബക്കാല), ചായക്കടകളില്‍, അറബി വീടുകളുടെ അടുക്കളകളില്‍, കൃഷിത്തോട്ടങ്ങളില്‍, ഒട്ടകങ്ങളുടെ ആലകളില്‍ പോയാല്‍ മാത്രം കണ്ടുപിടിക്കാവുന്നവര്‍. ഇവരുടെ രാഷ്ട്രീയവും വിമാനത്തെ ചുറ്റിപ്പറ്റിയാണ് വികസിച്ചു വരുന്നത്. അവധിക്കു നാട്ടില്‍ പോകാന്‍ വിമാനത്തില്‍ കയറിയതിനു ശേഷം മാത്രം സ്വതന്ത്രരാകുകയും തിരിച്ചു വിമാനമിറങ്ങുന്നതോടെ ബന്ധിക്കപ്പെടുകയും ചെയ്യുന്ന തൊഴില്‍ സാഹചര്യങ്ങളില്‍ ജീവിക്കുന്നവര്‍. പ്രവാസം തന്നെ ഒരു ബന്ധനം എന്നു കരുതി കഴിയുന്നവര്‍ ഏറെ കൂടുതലുണ്ട്. ഗള്‍ഫ് പ്രവാസികളില്‍ 20 ശതമാനത്തോളം പേര്‍ മാത്രമാണ് കുടുംബമായി ഇവിടെ ജീവിക്കുന്നത്. 80 ശതമാനം പ്രവാസികളും കുടുംബത്തെ നാട്ടില്‍ നിര്‍ത്തിയാണ് ഗള്‍ഫില്‍ തൊഴില്‍ ജീവിതം നയിക്കുന്നത്.
മധ്യനിര, മുന്‍നിര പ്രവാസികളാണ് പ്രതിനിധാനം ചെയ്യപ്പെടുകയോ പ്രവാസി സമൂഹമായി പ്രത്യക്ഷപ്പെടുകയോ ചെയ്യുന്നത്. ഇത് പ്രവാസികളിലെ അടിസ്ഥാന, കീഴാള തൊഴിലാളി വര്‍ഗത്തെ വര്‍ത്തമാന രാഷ്ട്രീയത്തിന്റെ മുന്നിലേക്കു നില്‍ക്കലിനെ തടസ്സപ്പെടുത്തി. കഷ്ടപ്പാടിന്റെയോ പീഡനങ്ങളുടെയോ വല്ലപ്പോഴും വരുന്ന മാധ്യമ വാര്‍ത്തകളിലെ ഒറ്റപ്പെട്ട സംഭവങ്ങളായി പ്രവാസത്തിന്റെ ഈ യഥാര്‍ഥ രാഷ്ട്രീയം തമസ്‌കരിക്കപ്പെടുന്നു. പത്ത് വര്‍ഷം മുമ്പ് ഗള്‍ഫിലെത്തുന്ന രാഷ്ട്രീയ നേതാക്കള്‍ ലേബര്‍ ക്യാമ്പ് സന്ദര്‍ശിക്കുന്നത് ക്ലീഷേ ആയിരുന്നു. ഗല്‍ഫിലെത്തുന്ന ഒരു രാഷ്ട്രീയ നേതാവോ മന്ത്രിയോ ലേബര്‍ ക്യാമ്പ് സന്ദര്‍ശിക്കുന്നോ ഇല്ലയോ എന്നത് അടിസ്ഥാനപ്പെടുത്തി വാര്‍ത്തകള്‍ വന്നിരുന്നു. ലേബര്‍ ക്യാമ്പുകള്‍ നവീകരിക്കപ്പെട്ടതോടെ വിമാനം പോലെ പ്രതീകവത്കരിക്കപ്പെട്ട ഒരു ചിഹ്നത്തിനു കാലഹരണം സംഭവിച്ചു. എന്നാലും പ്രവാസിയുടെ അവസ്ഥക്കു മാറ്റം വന്നില്ല.
ഗള്‍ഫുകാരെന്നും പ്രവാസികളെന്നും കേള്‍ക്കുമ്പോഴേക്കും നെറ്റി ചുളിയുന്ന രാഷ്ട്രീയക്കാര്‍ക്കു കൂടി വേണ്ടിയാണ് മേല്‍ പറഞ്ഞത്. “പണമുണ്ടാക്കാന്‍ വേണ്ടി പോകുകയും പണമുണ്ടാക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്നവരുടെ” രാഷ്ട്രീയം ചര്‍ച്ച ചെയ്യാനോ പത്രികകളില്‍ ഉള്‍പ്പെടുത്തി നയം രൂപപ്പെടുത്താനോ തയാറാകാത്ത ഇടതുവലതു രാഷ്ട്രീയ പ്രഭുത്വം അടിസ്ഥാന വര്‍ഗത്തെ മാത്രമല്ല, മധ്യനിര, മുന്‍നിര പ്രവാസത്തെയും പരിധിക്കു പുറത്താണ് നിര്‍ത്തിയിരിക്കുന്നത്. വ്യവസായപ്രമുഖരില്‍ ചിലര്‍ക്ക് വീതം വെച്ചു നല്‍കുന്ന എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് കമ്മിറ്റി, നോര്‍ക, വെല്‍ഫെയര്‍ ബോര്‍ഡ്, പ്രവാസി ഭാരതീയ ദിവസ് തുടങ്ങിയവയിലെ അംഗത്വം കൊണ്ട് പൂരിപ്പിക്കപ്പെടുന്നതല്ല പ്രവാസികളുടെ രാഷ്ട്രീയം.
ക്ഷേമനിധി ബോര്‍ഡും ക്ഷേമ പദ്ധതികളും പുനരധിവാസവുമൊക്കെയായി കേന്ദ്രത്തിലെയും കേരളത്തിലെയും ഇടതു വലതു സര്‍ക്കാറുകള്‍ നടത്തിയ ഗുണപരമായ ഇടപെടലുകളെ പ്രശംസിക്കേണ്ടതുണ്ട്. ഗള്‍ഫ് സര്‍ക്കാറുകളുമായി കേന്ദ്ര പ്രവാസി, വിദേശ കാര്യ മന്ത്രാലയങ്ങള്‍ ഉണ്ടാക്കിയ തൊഴില്‍ സുരക്ഷിതത്വ കരാറുകളും ശുഭോദര്‍ക്കമാണ്. പക്ഷേ, ഒരുകോടിയലധികം വരുന്ന ഇന്ത്യന്‍ പ്രവാസി സമൂഹത്തിന്റെ സ്വത്വം ഏതു പാര്‍ലിമെന്റ് തിരഞ്ഞെടുപ്പോടെയാണ് തിരിച്ചറിയപ്പെടുക എന്ന ചോദ്യം അവശേഷിപ്പിച്ചാണ് ഈ തിരഞ്ഞെടുപ്പും കടന്നു പോകുന്നത്. ഒരു സമൂഹം എന്ന നിലയില്‍ പ്രവാസികള്‍ അംഗീകരിക്കപ്പെട്ടിട്ടില്ല എന്നതാണ് പറഞ്ഞതിന്റെ ചുരുക്കം.
30 ലക്ഷത്തോളം പ്രവാസികളാണ് കേരളത്തിലുള്ളത്. ഇത്രയും പേര്‍ക്ക് വോട്ടു ചെയ്യാന്‍ നാട്ടിലെത്താനാകില്ല. എന്നാല്‍ മുപ്പത് ലക്ഷത്തോളം പേരുടെ വോട്ടെങ്കിലും പ്രവാസികള്‍ക്ക് നിശ്ചയിക്കാവുന്നവിധം അവരുടെ കുടുംബങ്ങളിലുണ്ട്. രാഷ്ട്രീയത്തില്‍ പരിധിക്കു പുറത്തു നിര്‍ത്തിയിട്ടുള്ള ഈ വോട്ടുകളാണ് ഈ തിരഞ്ഞെടുപ്പ് കാലത്ത് വിമാനത്തില്‍ വരിക. സ്വത്വം അംഗീകരിച്ചു കിട്ടാത്ത ഈ വോട്ടുകള്‍ക്ക് കേരളത്തിലെ ഓരോ മണ്ഡലത്തിലും ഗതി നിര്‍ണയിക്കാന്‍ ശേഷിയുണ്ടായിരിക്കും എന്നെങ്കിലും തിരഞ്ഞെടുപ്പു രാഷ്ട്രീയക്കാര്‍ മനസ്സിലാക്കണം.

Latest