ചേരമാന്‍ പെരുമാളിനെക്കുറിച്ച് സിനിമ; മമ്മൂട്ടി നായകനായി ഒമാനില്‍ ചിത്രീകരണം

Posted on: March 30, 2014 6:08 pm | Last updated: March 30, 2014 at 6:10 pm
SHARE

mammoottyമസ്‌കത്ത്: ചേരമാന്‍ പെരുമാളിന്റെ ചരിത്രം സിനിമയാക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും താന്‍ പ്രധാന വേഷത്തില്‍ അഭിനയിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഒമാനില്‍ വെച്ചായിരിക്കുമെന്നും മോഗാസ്റ്റാര്‍ മമ്മൂട്ടി. മസ്‌കത്ത് രാജ്യാന്തര ചലച്ചിത്ര മേളയില്‍ അതിഥിയായി എത്തിയ അദ്ദേഹം ചടങ്ങില്‍ സംസാരിക്കവേയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
കേരളവുമായും ഒമാനുമായും ബന്ധമുള്ള ചരത്രിത്തിന്റെ ആവിഷ്‌കാരമായിരിക്കും സിനിമയുടെ ഇതിവൃത്തം. സിനിമയുടെ ശില്‍പികള്‍ തന്നെ സമീപിച്ചിട്ടുണ്ട്. താന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. കൂടുതല്‍ ചര്‍ച്ചകള്‍ നടന്നു വരികിയാണെന്നും മമ്മൂട്ടി പറഞ്ഞു. കേരളത്തിലെ നാട്ടുരാജാവായിരുന്നു ചേരമാന്‍ പെരുമാള്‍ എ ഡി ആറാം നൂറ്റാണ്ടില്‍ ഇസ്‌ലാം മതം സ്വീകരിച്ചുവെന്നും ശേഷം വ്യാപാരാവശ്യത്തിനും അറബി പഠിക്കുന്നതിനുമായി ഒമാനില്‍ വന്നുവെന്നും ചരിത്രം പറയുന്നു. മക്കയില്‍ ഹജ്ജ് നിര്‍വഹിച്ച് തിരികെ നാട്ടിലേക്കുള്ള യാത്രക്കിടെ സലാലയില്‍ വെച്ച് അസുഖം ബാധിച്ചു മരണപ്പെട്ടുവെന്നും ചരിത്രത്തിലുണ്ട്. താജുദ്ദീന്‍ എന്നു പേരു സ്വീകരിച്ച ചേരമാന്‍ പെരുമാളിന്റെ ഖബറിടം സലാലയിലുണ്ട്.
ഫിലിം ഫെസ്റ്റിനോടനുബന്ധിച്ച് നടന്ന ഇന്ത്യ-ഒമാന്‍ സെഷനിലാണ് മമ്മൂട്ടി അതിഥിയായി എത്തിയത്. മേള ഇന്നലെ സമാപിച്ചു. മലയാളത്തില്‍ നിന്നും അഞ്ചു സിനിമകള്‍ മേളയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. സംവിധാകന്‍ ശ്യാമപ്രസാദും എത്തിയിരുന്നു.