സലാല മിര്‍ബാത്തില്‍ സ്രാവുകളുടെ ചാകര

Posted on: March 30, 2014 6:06 pm | Last updated: March 30, 2014 at 6:06 pm
SHARE

fishermanസലാല: ദോഫാറിലെ മത്സ്യ സമ്പത്ത് കൊണ്ടനുഗ്രഹീതമായ മിര്‍ബാത്തില്‍ വമ്പന്‍ സ്രാവുകള്‍ ചൂണ്ടയില്‍ കുരുങ്ങി. യന്ത്രവത്കൃത മത്സ്യബന്ധന ഉരുവില്‍ കടലിന്റെ കനിവു തേടി പോയ തൊഴിലാളികളാണ് കഴിഞ്ഞ ദിവസം മിര്‍ബാത്ത് പോര്‍ട്ടില്‍ നൂറുകണക്കിന് വമ്പന്‍ സ്രാവുകളുമായി തിരിച്ചെത്തിയത്. സമൃദ്ധിയുടെ ചാകരക്കാഴ്ച കാണാനും മൊബൈല്‍ ക്യാമറയില്‍ പകര്‍ത്താനുമായി സ്വദേശികളും വിദേശികളുമായ നിരവധി പേരും പോര്‍ട്ടില്‍ എത്തിയിരുന്നു.
ഇരുമ്പിന്റെ കൊളുത്തും കയറുമുപയോഗിച്ച് പത്തോളം പേര്‍ ചേര്‍ന്നാണ് സ്രാവുകളെ പുറത്തെടുത്തത്. 15 ദിവസത്തോളമായി മത്സ്യബന്ധനത്തിന് ഏര്‍പ്പെട്ട ഉരുവില്‍ ശീതീകരണ സംഭരണിയിലും അല്ലാതെയും സൂക്ഷിച്ച സ്രാവുകളെ ശ്രമകരമായി കരക്കെത്തിക്കുന്നത് അപൂര്‍വ കാഴ്ചയായി. ഓരോ സ്രാവുകള്‍ക്കും ശരാശരി 200 റിയാലോളം മാര്‍ക്കറ്റ് വില ലഭിക്കുമെന്ന് മത്സ്യ വിപണനരംഗത്ത് വര്‍ഷങ്ങളായി മിര്‍ബാത്തില്‍ പ്രവര്‍ത്തിക്കുന്ന തൃശൂര്‍ സ്വദേശി പ്രസന്നന്‍ പറഞ്ഞു. കയറും കൊളുത്തുമുപയോഗിച്ച് കരയിലേക്ക് സ്രാവുകളെ വലിച്ചടുപ്പിക്കുന്നതിന് അകമ്പടിയായി പ്രത്യേക ശബ്ദങ്ങളും വിവിധ ഭാഷകളിലെ താളങ്ങളും കൊഴുപ്പു പകര്‍ന്നു. മിര്‍ബാത്ത് പോര്‍ട്ടിലെ തറയില്‍ നിരത്തിയിട്ട സ്രാവുകള്‍ സായാഹ്നക്കാഴ്ചകളാസ്വദിക്കാനെത്തിയവര്‍ക്ക് കൗതുകക്കാഴ്ചയൊരുക്കി. ശരാശരി രണ്ടു മീറ്റര്‍ നീളമുളള വമ്പന്‍ സ്രാവുകളായിരുന്നു മിക്കതും.
ഉരുവില്‍ നിന്നും കരക്കടുപ്പിക്കാന്‍ സ്രാവിന്റെ കണ്ണിലാണ് ഇരുമ്പിന്റെ കൊളുത്ത് കുരുക്കുന്നത്. ചൂണ്ട ഉപയോഗിച്ചാണ് സ്രാവുകളെ പിടിക്കുന്നതെന്ന് ഉരു തൊഴിലാളികള്‍ പറഞ്ഞു. സ്വദേശികളെ കൂടാതെ ബംഗ്ലാദേശ് സ്വദേശികളും മലയാളികള്‍ ഉള്‍പ്പെടെയുളള തൊഴിലാളികളും ഉരുവില്‍ തൊഴിലെടുക്കുന്നുണ്ട്.
60 ഓളം ഇനം സ്രാവുകള്‍ ഒമാനിലെ തീരക്കടലില്‍ എത്താറുണ്ടെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. പുരാതന കാലം തൊട്ടേ നിരവധി ആവശ്യങ്ങള്‍ക്ക് സ്രാവുകളെ ഉപയോഗിച്ചു വരുന്നുണ്ട്. മാംസം ഉണക്കിയും അല്ലാതെയും വിവിധ രൂപങ്ങളില്‍ ഭക്ഷണമായി ഉപയോഗിക്കുന്നു. സ്രാവിന്റെ കരളില്‍ നിന്നും എടുക്കുന്ന എണ്ണ ഉരു നിര്‍മാണ രംഗത്ത് പഴയ കാലം തൊട്ടേ ഉപയോഗിച്ചിരുന്നു. ഉരു നിര്‍മിക്കുമ്പോള്‍ അടിഭാഗത്ത് ഷാര്‍ക് ലിവര്‍ ഓയില്‍ ഉപയോഗിക്കുന്നത് വെളളം ഉരുവില്‍ കയറാതിരിക്കാന്‍ സഹായകമാണത്രെ. ഒമാന്‍ ചരിത്രത്തില്‍ സ്രാവുകളുടെ സ്ഥാനം വ്യക്തമാക്കുന്ന നിരവധി വിവരങ്ങളും ആര്‍ക്കിയോളജിക്കല്‍ പഠനങ്ങളില്‍ വ്യക്തമായിട്ടുണ്ട്.
സ്രാവിന്റെ വാലും ചിറകുമൊക്കെ വൈവിധ്യങ്ങളായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതായി മത്സ്യവിപണനമേഖലയിലെ തൊഴിലാളി പ്രസന്നന്‍ പറഞ്ഞു. ആശുപത്രികളില്‍ സര്‍ജറിക്കു ശേഷം തുന്നാനുപയോഗിക്കുന്ന സര്‍ജിക്കല്‍ സ്യൂച്ചര്‍ നിര്‍മിക്കാനും സ്രാവുകളുടെ ചിറക് ഉപയോഗിക്കുന്നുണ്ട്. ചരിത്രാതീത കാലം മുതല്‍ ഒമാന്റെ മത്സ്യ സമ്പത്തില്‍ സ്രാവുകള്‍ക്ക് പ്രമുഖ സ്ഥാനമാണുളളത്. കൂട്ടമായി സഞ്ചരിക്കുന്ന സ്രാവുകള്‍ മിര്‍ബാത്തിലെ തീരക്കടലിലേക്ക് ഇടക്കിടെ എത്തിപ്പെടുകയും ചാകര ലഭിക്കാറുമുണ്ടെന്ന് തൊഴിലാളികള്‍ പറയുന്നു. നാലുമീറ്റര്‍ വരെ നീളമുളളസ്രാവുകളെയാണ് ഒമാന്‍ തീരക്കടലില്‍ കണ്ടെത്തിയിട്ടുളളത്.
മിര്‍ബാത്തില്‍ മത്സ്യ സമ്പത്തിലെ വൈവിധ്യം പോലെ സമ്പന്നമാണ് സമുദ്രാന്തര്‍ ഭാഗത്തെ വിസ്മയക്കാഴ്ചകളും. ജി സി സി യിലെ ഏറ്റവും മനോഹരമായ ഡൈവിംഗ് സ്‌പോട്ടാണ് മിര്‍ബാത്തെന്ന് ഡൈവിംഗ് രംഗത്തെ പ്രമുഖര്‍ വിലയിരുത്തിയിട്ടുണ്ട്. 74 കിലോമീറ്ററാണ് സലാലയില്‍ നിന്നും മിര്‍ബാത്തിലേക്കുളള ദൂരം.