പാലക്കാട് സി പി എം വിമതരുടെ പിന്തുണ യു ഡി എഫിന്

Posted on: March 30, 2014 12:07 pm | Last updated: March 31, 2014 at 10:03 am
SHARE

veerendrakumarഒറ്റപ്പാലം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി എം പി വീരേന്ദ്രകുമാറിനെ പിന്തുണക്കാന്‍ സി പി എം വിമതര്‍ തീരുമാനിച്ചു. പ്രചാരണത്തിന്റെ ഭാഗമായി ഒറ്റപ്പാലത്ത് വിമതരുടെ കണ്‍വന്‍ഷന്‍ ചേരും. ലോക്കല്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ താഴേതട്ടില്‍ വരെ കണ്‍വന്‍ഷനുകള്‍ വിളിച്ചുചേര്‍ക്കും. കണ്‍വന്‍ഷനുകള്‍ക്ക് ശേഷം വീരന്ദ്രകുമാറിനായി പരസ്യ പ്രവര്‍ത്തനത്തിന് ഇറങ്ങാനാണ് വിമതരുടെ തീരുമാനം.

അതേസമയം പിന്തുണ വീരന്ദ്രകുമാറിന്റെ രാഷ്ട്രീയ വ്യക്തിത്വത്തിനുള്ള അംഗീകാരമാണെന്നും യു ഡി എഫിനുള്ള പിന്തുണയായി ഇതിനെ വ്യാഖ്യാനിക്കേണ്ടതില്ലെന്നുമാണ് സി പി എം വിമതരുടെ വിശദീകരണം.

ഒറ്റപ്പാലം നഗരസഭയിലെ അഞ്ചു കൗണ്‍സിലര്‍മാരും അനങ്ങനടി പഞ്ചായത്തിലെ രണ്ട് അംഗങ്ങളും നേതൃത്വം കൊടുക്കുന്നതാണ് ഒറ്റപ്പാലത്തെ സി പി എം വിമത കൂട്ടായ്മ. ഒറ്റപ്പാലം, അനങ്ങനടി, വാണിയംകുളം, ലക്കിടി പേരൂര്‍ എന്നിവിടങ്ങളില്‍ ലോക്കല്‍ കമ്മിറ്റികള്‍ രൂപീകരിച്ചാണ് പ്രവര്‍ത്തനം. 2008 ല്‍ വിഭാഗീയത രൂക്ഷമായ സമയത്ത് എസ് ആര്‍ പ്രകാശിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം പ്രവര്‍ത്തകര്‍ പാര്‍ട്ടിവിട്ട് സമാന്തര പ്രവര്‍ത്തനം തുടങ്ങുകയായിരുന്നു. ഇതേസമയത്ത് പാര്‍ട്ടിവിട്ട ഷൊര്‍ണൂരിലെ എം ആര്‍ മുരളി സി പി എമ്മുമായി അടുത്തെങ്കിലും ഒറ്റപ്പാലത്തെ പ്രവര്‍ത്തകര്‍ വിമതരായി തന്നെ ഇപ്പോഴും നിലകൊളളുന്നു.