Connect with us

Kozhikode

സമസ്തയുടെ ആദര്‍ശ സംരക്ഷണത്തിന് പണ്ഡിതര്‍ ഒത്തുചേരണം -എം എ

Published

|

Last Updated

കോഴിക്കോട്: ഇസ്‌ലാമിന്റെ യഥാര്‍ഥ രൂപമായ അഹ്‌ലുസുന്നവല്‍ജമാഅയുടെ ആശയ ആദര്‍ശങ്ങളുടെ തനിമ നിലനിര്‍ത്തുകയാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ലക്ഷ്യമിടുന്നതെന്നും ഈ ആശയസംഹിത മുറുകെ പിടിച്ച് ജീവിക്കാന്‍ എല്ലാ വിശ്വാസികളും തയ്യാറാകണമെന്നും സമസ്ത പ്രസിഡന്റ് എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ പറഞ്ഞു.
ഭൗതിക രാഷ്ട്രീയത്തിന്റെ പേരിലോ മറ്റു സ്വാര്‍ഥ താത്പര്യങ്ങളുടെ പേരിലോ ഭിന്നിച്ചു പോകാതെ സമസ്തയുടെ ആദര്‍ശം നിലനിര്‍ത്തുന്നതിന് വേണ്ടി പണ്ഡിതര്‍ ഒത്തുചേരണം. വിശ്വാസിസമൂഹം സംഘടനക്ക് പിന്നില്‍ അണിനിരക്കുകയും വേണം. സമസ്ത പ്രസിഡന്റായി ചുമതലയേറ്റ ശേഷം ആദ്യമായി കോഴിക്കോട്ടെത്തിയ എം എ അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍ക്ക് സംഘടനാ ആസ്ഥാനമായ സമസ്ത ഇസ്‌ലാമിക് സെന്ററില്‍ നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ ഇസ്‌ലാമിക ചൈതന്യം നിലനിര്‍ത്തുന്നതില്‍ സമസ്തയുടെ പങ്ക് വലുതാണ്. സുന്നി ആദര്‍ശം പറയാനും പ്രചരിപ്പിക്കാനും സുന്നിസംഘടനാ നേതാക്കളും പ്രവര്‍ത്തകരും സമയം കണ്ടെത്തണം. സമസ്ത മുന്നോട്ടു വെക്കുന്ന ആശയങ്ങളും നിലപാടുകളും എല്ലാ കാലത്തും പ്രസക്തമാണ്. സമസ്തയുടെ സാന്നിധ്യം കൊണ്ടാണ് സുന്നത്ത് ജമാഅത്തിന്റെ ആശയം മുറുകെ പിടിക്കുന്ന വിശ്വാസസമൂഹത്തെയും സമുന്നതമായ ഇസ്‌ലാമിക സ്ഥാപനങ്ങളെയും കേരളത്തില്‍ കാണാന്‍ കഴിയുന്നത്.
താജുല്‍ ഉലമ സയ്യിദ് അബ്ദുര്‍റഹ്മാന്‍ അല്‍ ബുഖാരി വരെയുള്ള മഹാന്‍മാര്‍ സംഘടനയെ ശക്തിപ്പെടുത്തുകയും നമ്മുടെ കൈകളില്‍ ഏല്‍പ്പിക്കുകയും ചെയ്തിരിക്കയാണ്, അത് സംരക്ഷിക്കുകയും പിന്‍തലമുറക്ക് കൈമാറുകയും ചെയ്യേണ്ട ബാധ്യത നമുക്കുണ്ട് -എം എ പറഞ്ഞു. കേരളത്തില്‍ മതഭൗതിക വിദ്യാഭ്യാസത്തിന്റെ പ്രചാരകനായിരുന്നു എം എ ഉസ്താദെന്നും മദ്‌റസാ പ്രസ്ഥാനത്തിന്റെ ശില്‍പ്പിയെന്ന നിലയില്‍ മുസ്‌ലിം കേരളത്തിന് അദ്ദേഹം നല്‍കിയ സംഭാവനകള്‍ വലുതാണെന്നും അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു. സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി, കെ കെ അഹമ്മദ്കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ, സി മുഹമ്മദ് ഫൈസി, പൊന്‍മള മൊയ്തീന്ടകുട്ടി ബാഖവി, അബൂഹനീഫല്‍ ഫൈസി തെന്നല, പ്രൊഫ. എ കെ അബ്ദുല്‍ഹമീദ്, വി എം കോയ മാസ്റ്റര്‍ സംബന്ധിച്ചു.