Connect with us

International

ജെന്‍സ് സ്റ്റോല്‍ടെന്‍ബര്‍ഗ് അടുത്ത നാറ്റോ സെക്രട്ടറി

Published

|

Last Updated

വാഷിംഗ്ടണ്‍: നാറ്റോ സൈന്യത്തിന്റെ സെക്രട്ടറി ജനറലായി നോര്‍വെയുടെ മുന്‍ പ്രധാനമന്ത്രി ജെന്‍സ് സ്റ്റോല്‍ടെന്‍ബര്‍ഗ് നിയമിതനായി. ഡെന്‍മാര്‍കിലെ ആന്‍ഡേഴ്‌സ് ഫോഘ് റസ്മുസ്സനെ മാറ്റിയാണ് 55കാരനായ സ്റ്റോല്‍ടെന്‍ബര്‍ഗിനെ നിയമിച്ചത്. 28 രാജ്യങ്ങളുടെ സഖ്യ സൈന്യമായ നാറ്റോയുടെ തലപ്പത്ത് ഒക്‌ടോബറിലാണ് ബര്‍ഗ് ചുമതലയേല്‍ക്കുന്നത്. നാറ്റോയുടെ വെയില്‍സില്‍ നടക്കുന്ന ഉച്ചകോടിയില്‍ നിലവിലെ നാറ്റോ സെക്രട്ടറി റസ്മുസ്സന്‍ സ്ഥാനമൊയിഴുന്നതിന് പിന്നാലെ ജെന്‍സ് ചുമതലയേല്‍ക്കും.
അഞ്ച് വര്‍ഷമായി അദ്ദേഹം തലപ്പത്ത് സേവനം ചെയ്യുന്നു. ആന്‍ഡേഴ്‌സ് ബ്രീവിക്ക് ഓസ്‌ലോയില്‍ സര്‍ക്കാര്‍ കെട്ടിടങ്ങളും യുവാക്കളെയും ലക്ഷ്യം വെച്ച് നടത്തിയ ആക്രമണത്തില്‍ 77 പേരെ കൊലപ്പെട്ട സമയത്ത് രാജ്യം ഭരിച്ച പ്രധാനമന്ത്രിയാണ് സ്റ്റോല്‍ടെന്‍ബര്‍ഗ്. 2000-2001 കാലയളവില്‍ 18 മാസവും 2005 മുതല്‍ 2013 വരെയും നോര്‍വെ പ്രധാനമന്ത്രിയായിട്ടുണ്ട്. സ്റ്റോല്‍ടെന്‍ബര്‍ഗിന് നാറ്റോ സൈന്യത്തിന്റെ ശക്തിയും വിജയവും ഉയര്‍ച്ചയിലേക്ക് കൊണ്ടുപോകാന്‍ കഴിയുമെന്ന് പുറത്തുപോകുന്ന റസ്മുസ്സന്‍ ട്വിറ്ററില്‍ കുറിച്ചിട്ടുണ്ട്.
ബ്രിട്ടന്‍ പ്രധാനമന്ത്രി ഡേവിഡ് കാമറൂണും സ്റ്റോല്‍ടെന്‍ബര്‍ഗിന്റെ സൈന്യത്തിനെ നിയന്ത്രിക്കാനുള്ള ശേഷിയും അനുഭവസമ്പത്തും നാറ്റോ സൈന്യത്തിന് ഗുണകരമാണെന്ന് പറഞ്ഞു. അഫ്ഗാനില്‍ സൈനിക പിന്‍മാറ്റത്തിന് സ്റ്റോല്‍ടെന്‍ബര്‍ഗ് നേതൃത്വം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.