Connect with us

International

അഫ്ഗാനില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്ത് ആക്രമണം

Published

|

Last Updated

കാബൂള്‍: പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ബാക്കി നില്‍ക്കെ അഫ്ഗാനിസ്ഥാനില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്തിന് നേരെ ആക്രമണം. കനത്ത സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയ കിഴക്കന്‍ കാബൂളിലെ ആസ്ഥാനത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഇലക്ഷന്‍ കമ്മീഷന്‍ ഓഫീസിന് തൊട്ടടുത്തുള്ള വീട് കൈയേറിയ അക്രമികള്‍ ആസ്ഥാനം സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന് നേരെ വെടിവെക്കുകയും ബോംബെറിയുകയുമായിരുന്നുവെന്ന് പോലീസ് മേധാവികള്‍ അറിയിച്ചു.
ആക്രമണത്തില്‍ നാല് അക്രമികള്‍ കൊല്ലപ്പെടുകയും രണ്ട് പോലീസുകാര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ആക്രമണത്തിന്റെ ഉത്തരവാദിത്വം താലിബാന്‍ ഏറ്റെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി മുപ്പതോളം പേരെ അറസ്റ്റ് ചെയ്തതായി അഫ്ഗാന്‍ രഹസ്യാന്വേഷണ വിഭാഗം മേധാവികള്‍ അറിയിച്ചു.
ഏറെ ആസൂത്രിതമായി നടന്ന ആക്രമണത്തില്‍ സ്ത്രീ വസ്ത്രം ധരിച്ചാണ് അക്രമികള്‍ തൊട്ടടുത്ത വീട്ടില്‍ കയറിയത്. പിന്നീട് ഓട്ടോമാറ്റിക് ആയുധങ്ങളും മറ്റും ഉപയോഗിച്ച് ആക്രമണം അഴിച്ചുവിടുകയായിരുന്നു. തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്ത താലിബാന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നടപടികള്‍ അട്ടിമറിക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു.
കാബൂളിലെ പാര്‍ലിമെന്റ് ആസ്ഥാനത്തിന് സമീപം സ്‌ഫോടനം നടന്നതിന്റെ പിറ്റേദിവസമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിന് നേരെയുള്ള ആക്രമണം. തിരഞ്ഞെടുപ്പടുത്തതിനാല്‍ ഏകദേശം മുഴുവന്‍ ജീവനക്കാരും ഉദ്യോഗസ്ഥരും ഓഫീസിലുണ്ടായിരുന്നു. ആക്രമണത്തില്‍ കെട്ടിടത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെങ്കിലും ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വക്താവ് അറിയിച്ചു.
ആക്രമണം നേരിടാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ നിരന്നതോടെ അക്രമികള്‍ ഗ്രനേഡ് ആക്രമണവും ചാവേര്‍ ആക്രമണവും നടത്തി. മണിക്കൂറുകള്‍ നീണ്ടുനിന്ന ഏറ്റുമുട്ടലിനൊടുവിലാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ അക്രമികളെ പരാജയപ്പെടുത്തിയത്. ആക്രമണ സമയം വീട്ടുടമസ്ഥന്‍ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്.