പുടിനും ഒബാമയും തമ്മില്‍ സംഭാഷണം നടത്തി

Posted on: March 29, 2014 11:41 pm | Last updated: March 29, 2014 at 11:41 pm
SHARE

OBAMA..putinമോസ്‌കോ/വാഷിംഗ്ടണ്‍: ഉക്രൈന്‍ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ ബരാക് ഒബാമ റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിനുമായി ചര്‍ച്ച നടത്തി. ടെലിഫോണ്‍ സംഭാഷണത്തിലൂടെയാണ് ഇരുവരും നയതന്ത്ര കാര്യങ്ങള്‍ ചര്‍ച്ച ചെയ്തതെന്ന് ഔദ്യോഗിക വക്താക്കള്‍ അറിയിച്ചു. ക്രിമിയന്‍ പ്രശ്‌നത്തിന് ശേഷം ഇതാദ്യമായാണ് ഇരു നേതാക്കളും തമ്മില്‍ സംഭാഷണം നടത്തുന്നത്.
നയതന്ത്ര തലത്തില്‍ പ്രതിസന്ധി പരിഹരിക്കുന്നതിനെ കുറിച്ചുള്ള യു എസ് തീരുമാനത്തെ സംബന്ധിച്ചാണ് ചര്‍ച്ച നടത്തിയതെന്ന് വൈറ്റ് ഹൗസ് വക്താക്കള്‍ പ്രസ്താവനയില്‍ പറഞ്ഞു. നേരത്തെ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവിന് മുമ്പില്‍ വെച്ച പരിഹാര നിര്‍ദേശങ്ങളില്‍ ചില മാറ്റങ്ങള്‍ വരുത്തിയാണ് ഇപ്പോള്‍ ഒബാമ പുടിന് മുന്നില്‍ അവതരിപ്പിച്ചത്. ഇതേ കുറിച്ച് ചര്‍ച്ചചെയ്യാന്‍ ഒബാമയെ പുടിന്‍ ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്.
ഉക്രൈനുമായും യൂറോപ്യന്‍ യൂനിയനുമായും ചര്‍ച്ച ചെയ്താണ് മാറ്റങ്ങള്‍ വരുത്തിയതെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. റഷ്യയുടെ ഉറച്ച പ്രതികരണം എഴുതിത്തരാനും അടുത്ത ഘട്ടമായി കെറിയും ലവ്‌റോവും തമ്മിലുള്ള കൂടിക്കാഴ്ച ഒരുക്കാനും ഒബാമ നിര്‍ദേശിച്ചിട്ടുണ്ട്.
ഉക്രൈന്‍ സര്‍ക്കാറിനുള്ള പിന്തുണയോടുകൂടിയാണ് നയതന്ത്രപരമായ പരിഹാരത്തിന് തങ്ങള്‍ മുതിരുന്നതെന്ന് ഒബാമ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. റഷ്യന്‍ സൈന്യത്തെ പിന്‍വലിക്കണമെന്ന നിബന്ധന പരിഹാരത്തിന് മുന്നില്‍ വെച്ചിട്ടുണ്ടെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി. ഉക്രൈനിയന്‍ സര്‍ക്കാറുമായി പൂര്‍ണമായും സഹകരിച്ചാണ് പുതിയ പരിഹാരങ്ങള്‍ തയ്യാറാക്കിയതെന്ന് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
അതിനിടെ, ഉക്രൈനിലേക്ക് സൈനിക നടപടി സ്വീകരിക്കാന്‍ റഷ്യ ഉദ്ദേശിച്ചിട്ടില്ലെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ്. റഷ്യന്‍ ഫെഡറേഷനില്‍ അംഗമായ ക്രിമിയുടെ അതിര്‍ത്തി മേഖലയിലും മറ്റും സൈന്യത്തെ വിന്യസിച്ചത് ഉക്രൈനിലേക്കുള്ള ഇടപെടലിന് വേണ്ടിയല്ലെന്നും അങ്ങനെയൊരു സൈനിക നടപടിക്ക് തങ്ങള്‍ക്ക് ആഗ്രഹമോ താത്പര്യമോയില്ലെന്നും ലാവ്‌റോവ് വ്യക്തമാക്കി.