Connect with us

Alappuzha

കെ സി വേണുഗോപാലിനെതിരെ ലീഗ് സ്വതന്ത്രന്‍

Published

|

Last Updated

ആലപ്പുഴ: യു ഡി എഫ് സ്ഥാനാര്‍ഥി കെ സി വേണുഗോപാലിനെതിരെ മുസ്‌ലിം ലീഗ് നേതാവ് ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തില്‍ സ്വതന്ത്രനായി മത്സരിക്കുന്നു. ലീഗ് മുന്‍ ജില്ലാ വൈസ് പ്രസിഡന്റും നഗരസഭാ വൈസ് ചെയര്‍മാനുമായിരുന്ന എസ് ബി ബശീറാണ് പോരാട്ടത്തിനിറങ്ങിയിരിക്കുന്നത്.
ദീര്‍ഘകാലം ആലപ്പുഴ നഗരസഭാ കൗണ്‍സിലറായിരുന്ന എസ് ബി ബശീര്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ലജ്‌നത്ത് വാര്‍ഡില്‍ നിന്ന് ലീഗ് സ്ഥാനാര്‍ഥിയായി മത്സരിച്ചെങ്കിലും സി പി എമ്മിലെ എ അന്‍സാരിയോട് തോറ്റിരുന്നു. തുടര്‍ന്ന് ബശീര്‍ നല്‍കിയ തിരഞ്ഞെടുപ്പ് കേസില്‍ അനുകൂല വിധി പ്രതീക്ഷിച്ചിരിക്കെയാണ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.
കേന്ദ്ര മന്ത്രിയായ ശേഷം ആവലാതികളുമായെത്തുന്ന ജനപ്രതിനിധികള്‍ക്ക് കെ സി മുഖം കൊടുക്കാറില്ലെന്ന് എസ് ബി ബശീര്‍ ആരോപിച്ചു. പാര്‍ട്ടിയിലും ജില്ലയിലെ മുസ്‌ലിം കേന്ദ്രങ്ങളിലും ഏറെ സ്വാധീനമുള്ള എസ് ബി ബശീറിന്റെ സ്ഥാനാര്‍ഥിത്വം യു ഡി എഫിനെന്ന പോലെ പാര്‍ട്ടിക്കും തലവേദനയായിരിക്കുകയാണ്. 2004ല്‍ ലീഗിന്റെ പ്രതിഷേധം വി എം സുധീരന്റെ പരാജയത്തില്‍ കലാശിച്ചിരുന്നു. പത്ത് വര്‍ഷത്തിന് ശേഷം ലീഗിലെമുതിര്‍ന്ന നേതാവ് മത്സര രംഗത്ത് നിലയുറപ്പിച്ചത് യു ഡി എഫിന് കടുത്ത ഭീഷണി ഉയര്‍ത്തിയിരിക്കുകയാണ്. ആലപ്പുഴ, അമ്പലപ്പുഴ നിയമസഭാ മണ്ഡലങ്ങള്‍ക്ക് പുറമെ, ലോക്‌സഭാ മണ്ഡലത്തിന്റെ തെക്കേ അറ്റമായ കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി നിയമസഭാ മണ്ഡലത്തിലും തനിക്ക് ശക്തമായ സ്വാധീനമുണ്ടെന്ന് എസ് ബി ബശീര്‍ അവകാശപ്പെടുന്നു. അതേസമയം, എസ് ബി ബശീറിനെ പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് പുറത്താക്കണമെന്ന് ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തോട് അഭ്യര്‍ഥിച്ചിരിക്കയാണ്.

Latest