സലീംരാജ് പ്രശ്‌നം: കോടതിയെ രാഷ്ട്രീയമായി നേരിടില്ലെന്ന് മുഖ്യമന്ത്രി

Posted on: March 29, 2014 6:14 pm | Last updated: March 29, 2014 at 6:14 pm
SHARE

കല്‍പ്പറ്റ: ഹൈക്കോടതി പരാമര്‍ശത്തില്‍ തുടര്‍ നടപടികള്‍ സംബന്ധിച്ച് നിയമ വിദഗ്ധരും മറ്റുമായി കൂടിയാലോചിച്ച് നടപടി കൈകൊള്ളുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.വയനാട് പ്രസ്‌ക്ലബിന്റെ മീറ്റ് ദ ലീഡേഴ്‌സ് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സലീം രാജ് പ്രശ്‌നത്തില്‍ കോടതി പരാമര്‍ശത്തെ ഒരിക്കലും രാഷ്ട്രീയമായി നേരിടില്ല. നിയമപരമായിമാത്രമായിരിക്കും നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞു. വിധി അനൂകൂലമാകുമ്പോള്‍ ജുഡീഷറിയെ പുകഴ്ത്തുകയും വിധി മറിച്ചാകുമ്പോള്‍ കുറ്റം പറയും ചെയ്യുന്ന ഒരു നിലപാട് കോണ്‍ഗ്രസിനും യു ഡി എഫിനും ഇല്ലെന്നും തുടര്‍ന്നും അത് ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. സലീം രാജ് കേസുമായി ബന്ധപ്പെട്ട് കോടതി നടത്തിയ പരാമര്‍ശങ്ങളില്‍ തന്റെ ഭാഗം കേള്‍ക്കാതെ അഭിപ്രായം പറഞ്ഞതില്‍ പരിഭവമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരു മുഖ്യമന്ത്രിയെന്ന നിലയിലോ എം എല്‍ എ എന്ന നിലയിലോ ഉള്ള ഒരു പരിഗണനയും എനിക്ക് നല്‍കണ്ട. ഒരു ഇന്ത്യന്‍ പൗരന്‍ എന്ന നിലയില്‍ മാത്രമുള്ള പരിഗണന നല്‍കി എനിക്ക് പറയാനുള്ളതു കൂടി കേള്‍ക്കാമായിരുന്നു. എന്നാല്‍ അത് ഉണ്ടായില്ല.അതില്‍ പരാതിയില്ല, പരിഭവമുണ്ട്. തിരക്കിട്ട നടപടികള്‍ ഒന്നും ഉണ്ടാകില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. എന്തു കൊണ്ട് താങ്കളുടെ അഭിപ്രായം കോടതിയില്‍ അറിയിച്ചില്ല എന്നുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന്, എന്നെ ഈ കേസുകളില്‍ ഒന്നും പ്രതിയാക്കിട്ടില്ല, അതിനാല്‍ തന്നെ എനിക്ക് എ ജി മുഖാന്തരമോ?അഡ്വക്കറ്റ് മുഖാന്തരമോ? തന്റെ കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനാധിപത്യ രാജ്യത്ത് ജുഡീഷറിക്ക് വളരെ പ്രാധാന്യമാണുള്ളത്. സര്‍ക്കാരും ജുഡീഷറിയും ഒന്നുപോലെ പ്രവര്‍ത്തിച്ചാല്‍ മാത്രമെ ജനാധിപത്യം പൂര്‍ത്തിയാകുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. സി ബി ഐ അന്വേഷണം വേണമെന്ന സര്‍ക്കാര്‍ അഭിപ്രായം കോടതിയെ നേരത്തെ വാക്കാല്‍ അറിയിക്കുകയും പിന്നീട് രേഖാമൂലം അറിയിക്കുകയും ചെയ്തിട്ടുള്ളതാണ്. ആരും ഈ ആവശ്യം ഉന്നയിക്കാതിരുന്നതാണ് വൈകാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു. ഭൂമി തട്ടിപ്പുമായി സര്‍ക്കാരിന് പാളിച്ചപറ്റിയില്ലെയെന്ന് പൂര്‍ണമായും പറയാന്‍ കഴിയില്ലെന്നും വിശദമായ അന്വേഷണത്തിലൂടെ സി ബി ഐ കണ്ടത്തട്ടെയെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. കോടതി പരാമര്‍ശങ്ങളുമായി ബന്ധപ്പെട്ട് യു ഡി എഫിലും പാര്‍ട്ടിക്കുള്ളിലും ഭിന്നത നിലനില്‍ക്കുന്നുണ്ടന്ന ആരോപണം അദേഹം നിഷേധിച്ചു. പ്രശ്‌നത്തില്‍ ഹൈക്കമാന്‍ഡ് ഇടപെട്ടുവെന്നുള്ള വാര്‍ത്തയും അടിസ്ഥാന രഹിതമാണ്. പ്രശ്‌നങ്ങളില്‍ ജനങ്ങള്‍ വിലയിരുത്തും.കോണ്‍ഗ്രസില്‍ കോടതിയുടെ പരാമര്‍ശം ഏറ്റിട്ടുള്ളവര്‍ രാജി വെച്ചിട്ടുണ്ടല്ലോയെന്ന് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ജനം വിധിയെഴുതട്ടെയെന്നും എന്തു ചോദിച്ചാലും രാജിക്കാര്യം പറയില്ലെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.