മസ്‌കത്ത് എയര്‍പോര്‍ട്ടില്‍ പാര്‍കിംഗ് നിരക്കില്‍ വര്‍ധന

Posted on: March 29, 2014 2:05 pm | Last updated: March 29, 2014 at 2:05 pm
SHARE

Airport parkingമസ്‌കത്ത്: രാജ്യാന്തര വിമാനത്താവളത്തിലെ കാര്‍ പാര്‍കിംഗ് നിരക്കുകള്‍ വീണ്ടും പരിഷ്‌കരിച്ചു. ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുമായി നടത്തി വന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് നിരക്കു വര്‍ധിപ്പിക്കാന്‍ ഒമാന്‍ എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് കമ്പനി തീരുമാനിച്ചത്. പുതുക്കിയ നിരക്കുകള്‍ കഴിഞ്ഞ ദിവസം മുതല്‍ നലവില്‍ വന്നു.
പരിഷ്‌കരിച്ച നിരക്കു ഘടനയനുസരിച്ച് എയര്‍പോര്‍ട്ട് പാര്‍കിംഗ് നാലില്‍ രാജ്യത്തിനു പുറത്തു പോകുന്നവര്‍ക്ക് കൂടുല്‍ സമയം വാഹനങ്ങള്‍ നിര്‍ത്തിയിടാന്‍ അനുമതി നല്‍കും. ആദ്യ രണ്ടു ദിവസം രണ്ടു റിയാല്‍ വീതവും മൂന്നാം ദിവസത്തേക്ക് മൂന്നു റിയാല്‍, നാലാം ദിവസം നാലു റിയാല്‍ അഞ്ചാം ദിവസം അഞ്ചു റിയാല്‍ എന്ന തോതിലായിരിക്കും നിരക്ക് ഈടാക്കുക. ഇതനിസരിച്ച് ഇവിടെ ഒരാഴ്ച കാര്‍ നിര്‍ത്തിയിടുന്നവര്‍ 24 റിയാല്‍ ഒടുക്കേണ്ടി വരും. രണ്ടാമത്തെ ആഴ്ച 35 റിയാലും അടയ്ക്കണം.
പാര്‍കിംഗ് രണ്ടിലെ നിരക്കുകളില്‍ മാറ്റമില്ല. ഇവിടെ ആദ്യ അര മണിക്കൂറിന് 500 ബൈസയും തുടര്‍ന്നുള്ള ഓരോ മണിക്കൂറിനും ഒരു റിയാല്‍ വീതവുമാണ് ഈടാക്കുക. എയര്‍പോര്‍ട്ടില്‍ പാര്‍കിംഗ് ഫീ അഞ്ചു റിയാലാക്കി ഉയര്‍ത്തിയതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നു വന്നിരുന്നു. കൂടാതെ ഇവിടെ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ ഗണ്യമായി കുറയുകയും ചെയ്തു. പരാതികള്‍ വ്യാപകമായതിനെത്തുടര്‍ന്നാണ് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി ഇടപെട്ട് എയര്‍പോര്‍ട്ട് കമ്പനിയുമായി ചര്‍ച്ച നടത്തിയ പാര്‍കിംഗ് നിരക്കുകള്‍ പുതുക്കി നിശ്ചയിക്കാന്‍ ധാരണയായത്.
ഒരു വര്‍ഷത്തിനടെ എയര്‍പോര്‍ട്ട് പാര്‍കിംഗ് സൗകര്യം പല തവണ വികസിപ്പിച്ചിരുന്നു. സൗകര്യങ്ങളുടെ അപര്യാപ്തതകള്‍ പരിഗണിച്ചായിരുന്നു വികസനം. എന്നാല്‍ ഇവിടെ പാര്‍കിംഗ് പ്രശ്‌നം ഇനിയും പരിഹരിക്കപ്പെട്ടിട്ടില്ല. വാഹനങ്ങള്‍ കുരുക്കിലകപ്പെടുന്നത് പതിവാണ്. കൂടുതല്‍ വിമാനങ്ങള്‍ വരുന്ന സമയത്താണ് തിരക്ക്. ഗതാഗതക്കുരുക്ക് യാത്രക്കാര്‍ എത്തിപ്പെടാന്‍ വൈകുന്നതു മൂലം വിമാനങ്ങളുടെ സമയത്തെയും ബാധിക്കുന്നതായി വിവിധ വിമാന കമ്പനികള്‍ അധികൃതരോട് പരാതിപ്പെട്ടിരുന്നു.