Connect with us

Articles

ഈ ചേരിക്കെന്തുപറ്റി ?

Published

|

Last Updated

third front

വര്‍ഗീയ താത്പര്യങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്ന സംഘ്പരിവാര്‍ ഒരുവശത്തും കുത്തക താത്പര്യങ്ങള്‍ സംരക്ഷിക്കനായി വലതുപക്ഷം മറുവശത്തുമായി നിലയുറപ്പിച്ച പ്രത്യേക സാഹചര്യത്തിലാണ് രാജ്യം നിര്‍ണായകമായ ഒരു പൊതു തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നത്. കുത്തകകള്‍ക്കും മുതലാളിമാര്‍ക്കും രാജ്യത്തിന്റെ വിഭവ സമ്പത്തുകള്‍ തീറെഴുതിക്കൊടുത്ത് അഴിമതിയില്‍ ലോകരാജ്യങ്ങളില്‍ ഇന്ത്യയെ ഒന്നാമതെത്തിക്കുന്നതില്‍ നിസ്സീമമായ പങ്ക് വഹിക്കുന്ന കോണ്‍ഗ്രസും ബി ജെ പിയും രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരെ മറന്ന മട്ടാണ്. കഴിഞ്ഞ കാലങ്ങളിലെ ഇരുപാര്‍ട്ടികളുടെയും പ്രവര്‍ത്തനങ്ങള്‍ അത് തെളിയിക്കുന്നതാണ്. ഈ ഘട്ടത്തില്‍ രാജ്യത്തെ കോടിക്കണക്കിന് ആം ആദ്മികള്‍ പ്രതീക്ഷയോടെ കാണുന്നത് ഇടതു മതേതര ചേരിയെയാണെന്നതില്‍ സംശയമില്ല. എന്നാല്‍ ഈ കോടിക്കണക്കിനു വരുന്ന സാധാരണക്കാരുടെയും ദരിദ്രനാരായണന്മാരുടെയും പ്രതീക്ഷകള്‍ക്ക് ഒത്തുയരാന്‍ ഇടതുപക്ഷത്തിനും ഇടതു ചേരിക്ക് നേതൃത്വം നല്‍കുന്ന പാര്‍ട്ടികള്‍ക്കും കഴിയുന്നില്ലെന്നത് ഏറെ നിരാശാജനകമാണ്. ഇടതുപക്ഷത്തിന് ഇതെന്തുപറ്റിയെന്ന് ജനങ്ങള്‍ ചോദിച്ച് പോകുകയാണ്.
ജനങ്ങള്‍ക്ക് വേണ്ടി നിലകൊണ്ടിരുന്ന പക്ഷം ഇന്ന് പാര്‍ട്ടികള്‍ക്കും പാര്‍ട്ടി നിലപാടുകള്‍ക്കും വേണ്ടി നിലകൊള്ളുകയാണ്. ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാനുള്ളതാണ് പാര്‍ട്ടി എന്ന സങ്കല്‍പ്പത്തില്‍ നിന്ന് പാര്‍ട്ടികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാനുള്ളതാണ് ജനം എന്ന നിലയിലേക്ക് മാറിയിരിക്കുകയാണ്. ഇതാണ് ഇടതുമതേതര ചേരിയുടെ അപചയത്തിന് പ്രധാന കാരണം. ജനങ്ങളേക്കാള്‍ പാര്‍ട്ടികള്‍ വളര്‍ന്നതും പാര്‍ട്ടികളേക്കാള്‍ ചില നേതാക്കള്‍ വളര്‍ന്നതും ഇടതു ചേരിയുടെ അടിസ്ഥാന സ്വഭാവത്തില്‍ തന്നെ മറ്റത്തിന് വഴിയൊരുക്കിയിരിക്കുകയാണ്.
ഒരു കാലത്ത് ലോക്‌സഭയില്‍ പ്രതിപക്ഷത്തിരുന്ന ഇടതു പാര്‍ട്ടികള്‍ ഇന്ന് തിരഞ്ഞാല്‍ പോലും കാണാത്ത അവസ്ഥയിലേക്ക് ചുരുങ്ങിയത് ഇതിന്റെ ഫലമാണ്. ഇടതു പാര്‍ട്ടികള്‍ ജനങ്ങള്‍ക്ക് വേണ്ടി തീരുമാനങ്ങളെടുത്തപ്പോള്‍ ജനങ്ങള്‍ ഒപ്പം നിന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ പാര്‍ട്ടിക്കു വേണ്ടി മാത്രം എടുക്കുന്ന തീരുമാനങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ ജനങ്ങളെ നിര്‍ബന്ധിക്കേണ്ട അവസ്ഥയാണ്. ഇതുകാരണം ജനങ്ങള്‍ക്കു വേണ്ടി എടുക്കുന്ന തീരുമാനങ്ങള്‍ അവരെപ്പോലും ബോധ്യപ്പെടുത്താന്‍ കഴിയാത്ത അവസ്ഥ സംജാതമായിരിക്കുന്നു. മാറുന്ന കാലത്തിനനുസരിച്ച് പ്രായോഗികതയില്‍ മാറ്റം വരുത്താതെ എന്തിന് വേണ്ടിയാണോ ഇടതുപക്ഷം നിലകൊള്ളുന്നത് അതിന്റെ കടയ്ക്കല്‍ കത്തിവെക്കുന്ന നയപരിപാടികളുമായി മുന്നോട്ടു പോകാന്‍ ശ്രമിച്ചപ്പോഴാണ് ജനം ഇടതുപക്ഷത്തെ നിരാശയോടെ നോക്കിക്കാണാന്‍ നിര്‍ബന്ധിതരായിരിക്കുന്നത്. ഒപ്പം നില്‍ക്കാനും സഹകരിക്കാനും മാനസികമായി തയ്യാറുള്ളവരെ പോലും വിശ്വാസത്തിലെടുക്കാത്ത തീരുമാനങ്ങളുമായി മുന്നോട്ടുപോകുന്നത് ഇടതു ചേരിയുടെ അകാല ചരമത്തിന് വഴിയൊരുക്കുമെന്ന ആശങ്കയാണുണര്‍ത്തുന്നത്.
ഒന്നാം യു പി എ സര്‍ക്കാറിന്റെ കാലഘട്ടം വരെ ദേശീയ രാഷ്ട്രീയത്തില്‍ നിര്‍ണായക സ്ഥാനം കാത്തുസൂക്ഷിച്ചിരുന്ന ഇടതുപക്ഷത്തിന് എന്നുമുതലാണ് ഇത് നഷ്ടപ്പെട്ടു തുടങ്ങിയത്. ഒന്നോ രണ്ടോ സംസ്ഥാനങ്ങളിലാണ് സാന്നിധ്യമറിയിച്ചിരുന്നതെങ്കിലും ഇത് നന്നായി ഉപയോഗപ്പെടുത്തിയിരുന്ന ഇടതുപക്ഷം പക്ഷേ ദേശീയ തലത്തിലെ പ്രായോഗിക രാഷ്ട്രീയത്തിന്റെ ഗതിവിഗതികള്‍ വിലയിരുത്തുന്നതിലും ഇതിന്റെ വരുംവരായ്കകള്‍ ദീര്‍ഘ വീക്ഷണത്തോടെ കണ്ടെത്തുന്നതില്‍ വീഴ്ച വരുത്തുകയും ചെയ്‌തെന്ന് പറഞ്ഞാല്‍ അത് തെറ്റാകാനിടയില്ല. ഇടതുപക്ഷത്തിന്റെ സഹകരണത്തോടെ നിലവില്‍ വന്ന ഒന്നാം യു പി എ സര്‍ക്കാര്‍ അതിന്റെ അവസാന കാലഘട്ടത്തില്‍ അമേരിക്കയുമായി ആണവ കരാറില്‍ ഒപ്പ് വെച്ചതോടെയാണ് ഇടതുപക്ഷത്തിന്റെ ശനിദശ തുടങ്ങിയത്. ആണവ കരാറിനെ എതിര്‍ത്ത് മുന്നണിക്കുള്ള പിന്തുണ പിന്‍വലിച്ചത് ജനങ്ങളുടെ ഭാവി കരുതിയാണെങ്കിലും ഇതിന്റെ അനന്തര ഫലങ്ങളെ കുറിച്ച് കൂടുതല്‍ ആലോചിക്കാനോ വിശകലനം ചെയ്യാനോ ഇടതുപക്ഷത്തിന് കഴിഞ്ഞില്ലെന്ന് വേണം കരുതാന്‍. ഇടതു പിന്തുണയേക്കാള്‍ അമേരിക്കയുമായുള്ള ആണവ കരാര്‍ ഏറെ പ്രാധാന്യത്തോടെ കണ്ടിരുന്ന മന്‍മോഹന്‍ സിംഗും യു പി എ സര്‍ക്കാറും ഇതുമൂലമുണ്ടാകുന്ന ഇടതുപക്ഷത്തിന്റെ വിടവ് നികത്താന്‍ എന്തുവഴിയും സ്വീകരിക്കുമെന്ന സാമാന്യബോധ്യം കാട്ടിയില്ല. എന്നാല്‍ യു പി എ സര്‍ക്കാറിന് നാല് വര്‍ഷത്തിലേറെ നല്‍കി വന്ന പിന്തുണ ആണവകരാറിന്റെ പേരില്‍ പിന്‍വലിച്ചത് ജനങ്ങള്‍ക്ക് വേണ്ടിയാണെന്ന് ബോധ്യപ്പെടുത്താനും ഇടതുപക്ഷത്തിന് കഴിഞ്ഞില്ല. തൊട്ടടുത്ത ലോക്‌സഭാ തിരഞ്ഞടുപ്പ് കഴിഞ്ഞപ്പോള്‍ എം പി മാരുടെ എണ്ണം അറുപതില്‍ നിന്ന് പതിനാലിലേക്ക് ചുരുങ്ങിയത് ഇതാണ് വ്യക്തമാക്കുന്നത്. ഒപ്പം നാല് പതിറ്റാണ്ടോളം ഇടതുപക്ഷത്തെ മനസ്സുകെണ്ട് പിന്തുണച്ച ബംഗാള്‍ ഇടതു ചേരിയെ നിഷ്‌കരുണം തള്ളിക്കളയുന്ന ദയനീയ കാഴ്ചയും രാജ്യം കണ്ടു. ആണവ കരാറിന്റെ പേരില്‍ കോണ്‍ഗ്രസിനെ തള്ളിയ ഇടതുപക്ഷം, തങ്ങളുടെ കടുത്ത എതിരാളിയായ മമതാ ബാനര്‍ജിയെ ഒപ്പം ചേര്‍ത്ത് ബംഗാളില്‍ കോണ്‍ഗ്രസ് നടത്താന്‍ പോകുന്ന വെട്ടി നിരത്തലും ദീര്‍ഘവീക്ഷണത്തോടെ കാണാന്‍ ഇടതുപക്ഷത്തിന് കഴിഞ്ഞില്ല. ഇതോടൊപ്പം പാര്‍ട്ടി നിലവിലുള്ള സംസ്ഥാനങ്ങളില്‍ മുന്നണിക്കകത്ത് നിലനില്‍ക്കുന്ന ആഭ്യന്തര പ്രശ്‌നങ്ങള്‍ പഠിച്ച് പരിഹരിക്കുന്നതിലും പരാജയപ്പെട്ടു. ഇതാണ് കേരളത്തിലുള്‍പ്പെടെ 2009 ലെ പൊതുതിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കിയത്. ഒപ്പം നില്‍ക്കുന്ന പാര്‍ട്ടികളെ വിശ്വാസത്തിലെടുത്ത് പ്രവര്‍ത്തിക്കേണ്ടതിനു പകരം സ്വന്തം മേധാവിത്വം നിലനിര്‍ത്താനാണ് മുന്നണിക്ക് നേതൃത്വം നല്‍കുന്ന പാര്‍ട്ടികള്‍ കേരളത്തിലുള്‍പ്പെടെ ശ്രമിച്ചത്.
കേരളത്തില്‍ തങ്ങള്‍ക്ക് നേരത്തെയുണ്ടായിരുന്ന ലോക്‌സഭാ സീറ്റ് തിരികെ നല്‍കണമെന്ന ആര്‍ എസ് പിയുടെ ആവശ്യം നിരാകരിച്ചതും ജനതാദളിന്റെയും സി പി ഐയുടെയും സീറ്റ് പിടിച്ചെടുത്തതും ലാഘവത്തോടെയായിരുന്നു. ഈ പാര്‍ട്ടികളുടെ വികാരം മനസ്സിലാക്കാന്‍ മുന്നണി നേതൃത്വത്തിന് കഴിയാതെ പോയതിന്റെ വില ആ തിരഞ്ഞെടുപ്പില്‍ മുന്നണിക്ക് നല്‍കേണ്ടി വന്നിരുന്നു. എന്നാല്‍ അഞ്ച് വര്‍ഷത്തിന് ശേഷവും ആ തെറ്റ് തിരുത്താന്‍ തയ്യാറല്ലെന്ന വാശിയാണ് കേരളത്തില്‍ ഈ അടുത്ത കാലത്തുണ്ടായ മുന്നണി ശൈഥില്യത്തിന് വഴിവെച്ചിരിക്കുന്നത്. നേരത്തെ മത്സരിച്ച കൊല്ലം സീറ്റ് തിരികെ നല്‍കണമെന്ന ആര്‍ എസ് പിയുടെ ആവശ്യം പാടെ നിരാകരിച്ച മുന്നണിക്ക് നേതൃത്വത്തിനും സി പി എമ്മിനും ഘടകക്ഷിയെ പിടിച്ചു നിര്‍ത്താനുള്ള നയതന്ത്ര വൈദഗ്ധ്യമുണ്ടായില്ല. പിന്നീട് സമവായത്തിന്റെ ഭാഗമായി ആര്‍ എസ് പിക്ക് വെച്ചു നീട്ടുമെന്നു പറഞ്ഞു കേട്ട പത്തനംതിട്ടയിലും മുന്നണിക്ക് യാതൊരു ബാധ്യതയുമില്ലാത്ത കോണ്‍ഗ്രസ് നേതാവിന് സീറ്റ് നല്‍കി. മുന്നണിയുടെ സംരക്ഷണത്തിനായി മുപ്പത് വര്‍ഷത്തിലേറെ വിയര്‍പ്പൊഴുക്കിയ ആര്‍ എസ് പിയേക്കാള്‍ എന്തു ബാധ്യതയാണ് പീലിപ്പോസ് തോമസിനുള്ളതെന്ന ചോദ്യമുയര്‍ന്നത് സ്വാഭാവികം. സാമ്രാജ്യത്വ, കുത്തകവത്കരണമുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വലതുപക്ഷത്തിനെതിരെ ആഞ്ഞടിക്കാന്‍ കേരളത്തിലെ ഇടതുപക്ഷത്ത് മറ്റാരേക്കാളും മുന്നില്‍ നിന്നിരുന്ന എന്‍ കെ പ്രേമചന്ദ്രന് കാണാത്ത എന്ത് വിജയ സാധ്യതയാണ് പിലിപ്പോസ് തോമസിനുള്ളതെന്നും ചോദ്യമുയരുകയുണ്ടായി.
ഇത്രയും കാര്യങ്ങളില്‍ രാജ്യ, ജന താത്പര്യങ്ങളേക്കാള്‍ ഇടതുപക്ഷത്തിന് സ്വന്തം താത്പര്യങ്ങള്‍ പ്രധാനമാകുമ്പോള്‍ ജനങ്ങള്‍ ഇടതുപക്ഷത്തില്‍ അര്‍പ്പിച്ചിരുന്ന വിശ്വാസത്തിന് കോട്ടം തട്ടുമെന്ന കാര്യത്തില്‍ സംശയമില്ല. കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ നയ, ഭരണ വൈകല്യങ്ങളും അഴിമതിയും ജനവിരുദ്ധ നടപടികളും ഏറെയുണ്ടായിട്ടും ഒരു തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഇടതുപക്ഷം വിയര്‍ക്കുന്നതിന്റെ കാരണം പരിശോധിച്ചാല്‍ ഇടതു മതേതര ചേരിയുടെ അപചയം വ്യക്തമാകും. രാജ്യ, ജന താത്പര്യങ്ങളെ മുന്‍നിര്‍ത്തി ഇടതുപക്ഷം സ്വന്തം നിലപാടുകള്‍ തിരുത്തിയില്ലെങ്കില്‍ അത് മതേതര ഇന്ത്യയെന്ന സങ്കല്‍പ്പത്തെ എത്രത്തോളം പ്രതികൂലമായി ബാധിക്കുമെന്ന് കണ്ടറിയണം.

---- facebook comment plugin here -----

Latest