റുബെല്ല വാക്‌സിന്‍ പദ്ധതി ആര്‍ക്കു വേണ്ടി?

Posted on: March 29, 2014 6:00 am | Last updated: March 28, 2014 at 10:05 pm
SHARE

മരുന്ന് കമ്പനികളുടെ താത്പര്യമാണ് സംസ്ഥാനത്തെ കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്ക് റുബെല്ലാ വാക്‌സിന്‍ നല്‍കാനുള്ള തീരുമാനത്തിന് പിന്നിലെന്ന ആരോപണത്തിന് ശക്തി പകരുന്നതാണ് ആരോഗ്യ വകുപ്പ് ഡയറക്ടറുടെ ഓഫീസ് കഴിഞ്ഞ ദിവസം നല്‍കിയ വിശദീകരണക്കുറിപ്പിലെ വിവരങ്ങള്‍. വേണ്ടത്ര പഠനം നടത്താതെയാണ് റുബെല്ലാ വാക്‌സിന്‍ നല്‍കിയതെന്നും സംസ്ഥാനത്ത് 222 പെണ്‍കുട്ടികളില്‍ ഇത് പാര്‍ശ്വഫലങ്ങള്‍ പ്രകടമാക്കുകയുണ്ടായെന്നുമാണ് വിവരാവകാശ നിയമപ്രകാരം നല്‍കിയ വിശദീകരണത്തില്‍ ആരോഗ്യ വകുപ്പ് അറിയിച്ചത്.
ഗര്‍ഭാവസ്ഥയില്‍ കുട്ടികളിലുണ്ടാകുന്ന അംഗവൈകല്യങ്ങള്‍ തടയാനെന്ന പേരിലാണ് ആരോഗ്യ, വിദ്യാഭ്യാസ, സാമൂഹികനീതി വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തില്‍ സ്‌കൂളുകളില്‍ റുബെല്ല പ്രതിരോധ കുത്തിവെപ്പ് നല്‍കാന്‍ തീരുമാനിച്ചത്. സ്ത്രീകള്‍ക്ക് ഗര്‍ഭകാലത്ത് ആദ്യത്തെ മൂന്ന് മാസക്കാലയളവില്‍ റുബെല്ലാ രോഗം പിടിപെട്ടാല്‍ ജനിക്കാനിരിക്കുന്ന കുട്ടിക്ക് വൈകല്യങ്ങള്‍ ബാധിക്കാമെന്ന് പഠനങ്ങള്‍ കണ്ടെത്തിയ പശ്ചാതലത്തിലാണത്രെ പദ്ധതി ആവിഷ്‌കരണം. ഗവണ്‍മെന്റ്, എയ്ഡഡ് സ്‌കൂളുകളിലെ ഒന്‍പത് മുതല്‍ പ്ലസ്-ടു വരെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്കാണ് വാക്‌സിനേഷന്‍ നല്‍കുന്നത്. ആരോഗ്യ വിദഗ്ധരില്‍ നിന്നുള്‍പ്പെടെ ഇതിനെതിരെ വിമര്‍ശം ഉയരുകയുണ്ടായി. സാധാരണയില്‍ അത്ര മാരകമല്ലാത്ത റുബെല്ലാ വൈറല്‍ രോഗത്തെ പെരുപ്പിച്ച് കാണിച്ചു മരുന്ന് കമ്പനികള്‍ക്ക് കൊള്ള ലാഭമുണ്ടാക്കാന്‍ അവസരമൊരുക്കുന്നതുള്‍പ്പെടെയുള്ള ചില ഗൂഢതാത്പര്യങ്ങളാണ് ഇതിന് പിന്നിലെന്നാണ് വിമര്‍ശം. മുംബൈയിലെ സീറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യാ ലിമിറ്റഡ് കമ്പനിയില്‍ നിന്നാണ് വാക്‌സിനേഷന്‍ മരുന്ന് വാങ്ങുന്നത്. ഈ കമ്പനിയുമായി സംസ്ഥാനത്തെ ഒരു മന്ത്രിക്ക് അവിഹിത ഇടപാടുണ്ടെന്നും പരാതിയുണ്ട്. ദേശീയ രോഗപ്രതിരോധ ഉപദേശക സമിതി (എന്‍ ടി എ ജി ജെ)യുടെ വാക്‌സിനേഷന്‍ പദ്ധതി അവലോകന യോഗത്തിലും റൂബെല്ല വാക്‌സിനേഷന്‍ വിമര്‍ശിക്കപ്പെട്ടിരുന്നു. കൗമാര പ്രായത്തില്‍ ഇതാവശ്യമില്ലെന്ന അഭിപ്രായക്കാരാണ് വിദഗ്ധ ഡോക്ടര്‍മാറിലേറെയും.
റൂബെല്ല രോഗാണുവിന്റെ വീര്യം കുറച്ചു ശരീരത്തില്‍ കയറ്റിവിട്ടാണ് വാക്‌സിന്‍ നല്‍കുന്നത്. വീര്യം കുറക്കുന്നതിന് ഉപയോഗിക്കുന്ന രാസവസ്തുക്കളുടെ കാര്യത്തിലും ആശങ്ക നിലനില്‍ക്കുന്നു. ഓട്ടിസം ഉള്‍പ്പെടെയുള്ള ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഇത് കാരണമായേക്കാമെന്ന് ചില പഠനങ്ങള്‍ കണ്ടെത്തുകയുണ്ടായി. വാക്‌സിനേഷനുകളെ ജനസംഖ്യാ നിയന്ത്രണ പദ്ധതിയുമായി ബന്ധപ്പെടുത്തി ഉപയോഗപ്പെടുത്താമെന്ന് റോക്ക്‌ഫെല്ലര്‍ അടക്കമുള്ള ആഗോള സംഘടനകളുടെ വാര്‍ഷിക റിപ്പോര്‍ട്ടുകളില്‍ പ്രസ്താവിച്ചിരിക്കെ, അത്തരമൊരു ഗൂഢലക്ഷ്യവും പദ്ധതിക്ക് പിന്നിലുണ്ടോ എന്ന സന്ദേഹവുമുണ്ട്.
ഗര്‍ഭിണികള്‍ക്ക് റുബെല്ല ബാധിച്ച കേസുകള്‍ സംസ്ഥാനത്ത് അടുത്ത കാലങ്ങളിലൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യവകുപ്പ് തന്നെ സ്ഥിരീകരിക്കുന്നു. നിലവില്‍ അഞ്ച് വയസ്സിനു താഴെയുള്ള കുട്ടികള്‍ക്ക് എം എം ആര്‍ വാക്‌സിന്‍ നല്‍കി വരുന്നുണ്ട്. റൂബെല്ലയെ പ്രതിരോധിക്കുക കൂടിയാണ് ഇതിന്റെ ലക്ഷ്യം. ചെറുപ്പത്തില്‍ എം എം ആര്‍ എടുത്തവരും ഒരിക്കല്‍ റുബെല്ല ബാധിച്ചവരും റുബെല്ലക്കെതിരെ പ്രതിരോധ ശക്തി ആര്‍ജിച്ചിരിക്കുമെന്നതിനാല്‍ വീണ്ടും കുത്തിവെപ്പെടുക്കേണ്ടതില്ലെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. പിന്നെയെന്തിനാണ് ആവശ്യമായ പഠനങ്ങള്‍ നടത്താതെ കോടികള്‍ മുടക്കി തിടുക്കപ്പെട്ടു സര്‍ക്കാര്‍ ഇത്തരമൊരു പദ്ധതി നടപ്പാക്കിയത്? സര്‍ക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളിലെ കുട്ടികള്‍ക്ക് മാത്രമാണ് വാക്‌സിന്‍ നല്‍കുന്നതെന്നതും ദുരൂഹത ഉണര്‍ത്തുന്നു. എന്തേ ഉന്നതരുടെയും പണക്കാരുടെയും മക്കള്‍ പഠിക്കുന്ന സി ബി എസ് സി സ്‌കൂളുകളെ ഇതില്‍ നിന്നൊഴിവാക്കി? മനുഷ്യ ശരീരത്തില്‍ മരുന്ന് എന്തെല്ലാം പ്രതിഫലനങ്ങള്‍ സൃഷ്ടിക്കുന്നു, അത് നടപ്പാക്കിയ മറ്റു രാജ്യങ്ങളില്‍ പാര്‍ശ്വഫലങ്ങള്‍ പ്രകടമായിരുന്നോ തുടങ്ങി വിശദമായ പഠനങ്ങളും അന്വേഷണങ്ങളും നടത്തി സുരക്ഷിതത്വം ബോധ്യപ്പെട്ടതിന് ശേഷമേ വികസിത രാജ്യങ്ങളില്‍ പതിയൊരു വാക്‌സിന്‍ പദ്ധതി അനുവദിക്കുകയുള്ളു. ഇവിടെ അത്തരം പഠനങ്ങളൊന്നും നടത്തിയിട്ടില്ലെന്ന് അധികൃതര്‍ സമ്മതിച്ചിരിക്കെ, ആരോഗ്യ വകുപ്പിലും ഭിഷഗ്വര സമൂഹത്തിലും വിശ്വാസമര്‍പ്പിക്കുന്ന കേരളീയ ജനതയോടുള്ള കൊടിയ വഞ്ചനയും മനുഷ്യാവകാശ ധ്വംസനവുമാണ് അധികൃതരുടെ ഈ നടപടി. ആതുരാലയങ്ങളിലെത്തുന്ന രോഗികളെ അവരറിയാതെ മരുന്ന് പരീക്ഷണത്തിന് വിധേയമാക്കാന്‍ ആഗോള കുത്തകകള്‍ക്ക് ഒത്താശ ചെയ്യുന്ന ഭരണാധികാരിളും ഭിഷഗ്വര സമൂഹവും വാഴുന്ന രാജ്യത്ത് ഇതൊക്കെ നടന്നില്ലെങ്കിലല്ലേ അത്ഭുതം!