ഡല്‍ഹിയിലെ മൊട്ടുസൂചിയും മുംബൈയിലെ നൂലും; തിരഞ്ഞെടുപ്പിന് ഒന്നര കോടിയുടെ സാമഗ്രികള്‍

    Posted on: March 28, 2014 11:54 pm | Last updated: March 28, 2014 at 11:54 pm
    SHARE

    election stationary..തിരുവനന്തപുരം: കേന്ദ്ര ഭരണം ആര്‍ക്കെന്നറിയാനുള്ള ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ രഹസ്യസ്വഭാവം ‘ഉറപ്പിച്ചു നിര്‍ത്താനുളള’ സൂചിയെത്തുന്നത് ഡല്‍ഹിയില്‍ നിന്ന്. തിരഞ്ഞെടുപ്പ് രേഖകളൊന്നും നഷ്ടപ്പെടാതെ ജനാധിപത്യം ‘ഉറപ്പിച്ചു കെട്ടാനുള്ള’ നൂലെത്തുന്നത് മുംബൈയില്‍ നിന്ന്. സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് നടത്തിപ്പിനുള്ള സാമഗ്രികളുടെ വിശേഷങ്ങളാണിത്. മൊട്ടുസൂചിയില്‍ തുടങ്ങി മെഴുകുതിരി വരെയുള്ള തിരഞ്ഞെടുപ്പ് സാമഗ്രികള്‍ വേര്‍തിരിച്ച് ജില്ലകളിലേക്ക് അയക്കുന്ന തിരക്കിലാണ് സംസ്ഥാന സ്റ്റേഷനറി വകുപ്പ്. 14 ജില്ലകളിലേക്ക് ഒന്നരക്കോടിയുടെ സ്റ്റേഷനറി സാധനങ്ങളാണ് സ്റ്റേഷനറി കണ്‍ട്രോളറുടെ ഓഫീസില്‍ സംഭരിച്ചിട്ടുള്ളത്.
    23 സാമഗ്രികളാണ് തിരഞ്ഞെടുപ്പിനായി വേണ്ടത്. പോളിംഗ് ബൂത്തില്‍ വോട്ട് ചെയ്യുമ്പോള്‍ രഹസ്യസ്വഭാവം നിലനിര്‍ത്തി ഇലക്‌ട്രോണിക് യന്ത്രത്തിന് മറയൊരുക്കാനുള്ള വോട്ടിംഗ് കംപാര്‍ട്ടുമെന്റ് എന്ന ബോര്‍ഡ് വരുന്നത് ബംഗളൂരുവില്‍ നിന്നാണ്. മൊത്തം 47,240 വോട്ടിംഗ് കംപാര്‍ട്ട്‌മെന്റുകളാണ് സംഭരിച്ചിട്ടുള്ളത്. ഈ മറ ഉറപ്പിക്കാനുള്ള ഡ്രോയിംഗ് പിന്‍ എത്തുന്നത് ഡല്‍ഹിയില്‍ നിന്നാണ്. 5668.8 പാക്കറ്റ് പിന്നാണ് ഇതിനായി വാങ്ങിയിട്ടുള്ളത്. 23,620 പെന്‍സിലുകളും ചുവന്ന റീഫില്‍ പേനകളും അത്ര തന്നെ ബ്ലെയ്ഡുകളും പര്‍പ്പിള്‍ നിറത്തിലെ സ്റ്റാംപ് പാഡും പശക്കുപ്പിയും സെല്ലോടാപ്പും മെറ്റല്‍ സ്‌കെയിലുകളും പേനയും പെന്‍സിലും ഇട്ടുവെക്കാനുള്ള പ്ലാസ്റ്റിക് കപ്പും കരുതിയിട്ടുണ്ട്. 70860 നീല ബോള്‍ പോയിന്റ് പേനകളും അത്ര തന്നെ പാക്കറ്റ് കാര്‍ബണ്‍ പേറ്ററുകളുമാണ് തിരഞ്ഞെടുപ്പിനായി വേണ്ടത്. 94,480 മെഴുകുതിരികളും 7086 പാക്കറ്റ് സീലിംഗ് വാക്‌സും ഇത് കത്തിക്കാന്‍ 23,620 തീപ്പെട്ടികളും കരുതിയിട്ടുണ്ട്. തിരഞ്ഞെടുപ്പു രേഖകള്‍ കൈമോശം വരാതെ കുത്തിക്കെട്ടാന്‍ വേണ്ടത് 4724 ടൈ്വന്‍ നൂലുണ്ട. എഴുതാനുള്ള കടലാസ് 378 റീം. വോട്ടിംഗ് യന്ത്രത്തില്‍ തിരുകാന്‍ ബാലറ്റ് അച്ചടിക്കാനുള്ള കടലാസ് വേറെ. ക്രാഫ്റ്റ് പേപ്പറിന്റെ 70,860 റീമും 26 മില്ലീമീറ്റര്‍ വലിപ്പമുള്ള മൊട്ടുസൂചിയുടെ 5905 ഷീറ്റുകളും ഉണ്ട്. സംസ്ഥാനത്താകെയുള്ള 21,424 പോളിംഗ് ബൂത്തുകളിലേക്കുള്ള സാധനങ്ങളാണ് ഇതെല്ലാം. ഒരു ബൂത്തിനാവശ്യമുള്ള ഇത്തരം സാധനങ്ങള്‍ വേര്‍തിരിച്ചു കൊണ്ടുപോകാന്‍ 23,620 ചണം കൊണ്ടുള്ള സഞ്ചിയുമുണ്ട്. ബൂത്തിലെ മേശ വൃത്തിയാക്കാന്‍ 5905 മീറ്റര്‍ പരുത്തിത്തുണിയും സംഭരിച്ചിട്ടുണ്ട്. ഒരു പാക്കറ്റില്‍ ആയിരം എണ്ണമടങ്ങുന്ന 473 പാക്കറ്റ് റബ്ബര്‍ ബാന്‍ഡാണ് സംഭരിച്ചിട്ടുള്ളത്. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളവര്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ് ഇടാനാവശ്യമായ ടാഗോടു കൂടിയ 1,18,100 പ്ലാസ്റ്റിക് പൗച്ചുകളും തയ്യാറാണ്.
    ലോക്‌സഭാ തിരഞ്ഞെടുപ്പിന് വേണ്ടി തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശപ്രകാരം സംസ്ഥാന സ്‌റ്റേഷനറി വകുപ്പ് ഒരു മാസം മുമ്പ് ദേശീയ ടെന്‍ഡര്‍ വിളിച്ചാണ് സാധനങ്ങള്‍ വാങ്ങിയത്. ഡല്‍ഹി, ബംഗളൂരു, മുംബൈ, തമിഴ്‌നാട്, കര്‍ണാടക, കേരളം എന്നിവയടക്കം അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നാണ് സാമഗ്രികള്‍ സംഭരിച്ചിട്ടുളളത്. രണ്ട് സ്റ്റോര്‍ കീപ്പര്‍മാരുടെ നേതൃത്വത്തില്‍ അഞ്ച് പേരടങ്ങുന്ന പാക്കര്‍മാരുടെ സംഘവും ഓഫീസിലെ ക്ലാസ് ഫോര്‍ ജീവനക്കാരും ചേര്‍ന്നാണ് 14 ജില്ലകളിലേക്കാവശ്യമായ സാധനങ്ങള്‍ വേര്‍തിരിക്കുന്നത്. മുന്‍ കാലങ്ങളില്‍ ഈ ഡ്യൂട്ടിക്ക് പ്രത്യേക അലവന്‍സ് ഉണ്ടായിരുന്നെങ്കിലും കഴിഞ്ഞ രണ്ട് തവണയായി പ്രത്യേക ആനുകൂല്യങ്ങള്‍ അനുവദിക്കുന്നില്ലെന്ന് ജീവനക്കാര്‍ക്ക് പരാതിയുണ്ട്. കഴിഞ്ഞ ദിവസം ആരംഭിച്ച വേര്‍തിരിക്കല്‍ പ്രക്രിയ രണ്ട് ദിവസത്തിനകം പൂര്‍ത്തിയാക്കി സാമഗ്രികള്‍ അതാത് ജില്ലകളിലെ കളക്ടറേറ്റുകളിലേക്ക് അയച്ചു തുടങ്ങുമെന്ന് സ്റ്റേഷനറി കണ്‍ട്രോളര്‍ എസ് എസ് കുമാര്‍ വ്യക്തമാക്കി. കാസര്‍കോട് ജില്ലയില്‍ നിന്ന് തെക്കോട്ട് എന്ന ക്രമത്തിലാണ് സാമഗ്രികള്‍ അയക്കുക. സംസ്ഥാനത്തുടനീളം റോഡ് മാര്‍ഗമാണ് സാമഗ്രികള്‍ എത്തിക്കുന്നത്.