മുഖ്‌രിന്‍ രാജകുമാരന്‍ സഊദി കിരീടാവകാശിയുടെ പിന്‍ഗാമി

Posted on: March 28, 2014 11:49 pm | Last updated: March 28, 2014 at 11:49 pm
SHARE

muqri princeറിയാദ്: കിരീടാവകാശിയുടെയോ രാജാവിന്റെയോ പദവി ഒഴിവു വരുന്ന മുറക്ക് മുഖ്‌രിന്‍ രാജകുമാരനെ കിരീടാവകാശിയായും രാജാവായും അംഗീകരിച്ച് കൂറു പ്രഖ്യാപിക്കാന്‍ (ബൈഅത്ത് ചെയ്യാന്‍) തീരുമാനിച്ചതായി രാജകീയ കോടതി അറിയിച്ചു. രണ്ടാം ഉപപ്രധാനമന്ത്രി പദവിയില്‍ മുഖ്‌രിന്‍ രാജകുമാരന്‍ തുടരും. കിരീടാവകാശിയുടെയോ രാജാവിന്റെയോ നിര്യാണത്തെത്തുടര്‍ന്ന് പദവികള്‍ ഒഴിവുവരുന്ന മുറക്ക് ഈ പദവികള്‍ മുഖ്‌രിന്‍ രാജകുമാരന് ലഭിക്കുകയാണ് ചെയ്യുക. സുഗമമായ അധികാര കൈമാറ്റം ലക്ഷ്യമിട്ടാണ് ഇങ്ങനെയൊരു തീരുമാനമെന്നാണ് വിലയിരുത്തപ്പെടുന്നത്.
മുഖ്‌രിന്‍ രാജകുമാരനെ കിരീടാവകാശിയുടെ പിന്‍ഗാമിയായി തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ പിന്തുടര്‍ച്ചാ സമിതി അംഗങ്ങളുടെ അഭിപ്രായം അറിയാന്‍ തിരുഗേഹങ്ങളുടെ സേവകന്‍ അബ്ദുല്ല രാജാവും കിരീടാവകാശി സല്‍മാന്‍ രാജകുമാരനും താത്പര്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് നാലില്‍ മൂന്നിലധികം അംഗങ്ങള്‍ മുഖ്‌രിന്‍ രാജകുമാരനെ കിരീടാവകാശിയുടെ പിന്‍ഗാമിയായി അംഗീകരിക്കുന്നതിനെ പിന്തുണക്കുകയായിരുന്നെന്ന് ഔദ്യോഗിക വക്താക്കള്‍ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊതുതാത്പര്യം മുന്‍നിര്‍ത്തി മുഖ്‌രിന്‍ രാജകുമാരനെ കിരീടാവകാശിയുടെ പിന്‍ഗാമിയായി തിരഞ്ഞെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. നിലവില്‍ രണ്ടാം ഉപപ്രധാനമന്ത്രിയായി മുഖ്‌രിന്‍ രാജകുമാരന്‍ തുടരും. കിരീടാവകാശിയുടെ പിന്‍ഹാമിയായി മുഖ്‌രിന്‍ രാജകുമാരനെ അംഗീകരിച്ച് കൂറു പ്രഖ്യാപിക്കണം. രാജാവിന്റെയും കിരീടാവകാശിയുടെയും പദവികള്‍ ഒരുമിച്ച് ഒഴിവുവരുന്ന പക്ഷം മുഖ്‌രിന്‍ രാജകുമാരനെ രാജാവായി അംഗീകരിച്ച് കൂറു പ്രഖ്യാപിക്കണമെന്നും രാജകല്‍പന പറയുന്നു.
മുഖ്‌രിന്‍ രാജകുമാരനെ കിരീടാവകാശിയുടെ പിന്‍ഗാമിയായി തിരഞ്ഞെടുക്കാനുള്ള തീരുമാനവും ഇതിന് പിന്തുടര്‍ച്ചാ സമിതി നല്‍കിയ പിന്തുണയും അംഗീകാരവും രാജകല്‍പന പുറത്തുവന്നതു മുതല്‍ പ്രാബല്യത്തില്‍ വന്നു. ഒരു സാഹചര്യത്തിലും ആരും തന്നെ ഇത് മാറ്റാനോ ഭേദഗതിചെയ്യാനോ പാടില്ല. ഭാവിയില്‍ കിരീടാവകാശിയുടെ പിന്‍ഗാമിയെ തിരഞ്ഞെടുക്കാന്‍ രാജാവ് ആഗ്രഹിക്കുന്ന പക്ഷം ആ പദവിയിലേക്ക് താന്‍ തിരിഞ്ഞെടുക്കാന്‍ ഉദ്ദേശിക്കുന്ന വ്യക്തിയെ പിന്തുടര്‍ച്ചാ സമിതി അംഗങ്ങള്‍ക്കുമുമ്പില്‍ അവതരിപ്പിക്കണമെന്നും പിന്തുടര്‍ച്ചാ സമിതി അംഗങ്ങളുടെ ഭൂരിപക്ഷത്തിന്റെ സമ്മതപ്രകാരം തീരുമാനം കൈക്കൊള്ളണമെന്നും രാജകല്‍പന പറഞ്ഞു.
മുന്‍ ജനറല്‍ ഇന്റലിജന്‍സ് മേധാവിയായിരുന്ന മുഖ്‌രിന്‍ രാജകുമാരന്‍ അബ്ദുല്ല രാജാവിന്റെ പ്രത്യേക ദൂതനും ഉപദേഷ്ടാവുമാണ്. 1964ല്‍ സഊദി റോയല്‍ എയര്‍ഫോഴ്‌സില്‍ ചേര്‍ന്നുകൊണ്ടാണ് ഔദ്യോഗിക ജീവിതത്തിന് തുടക്കം കുറിച്ചത്. 1968ല്‍ ബ്രിട്ടനില്‍ നിന്ന് ഏവിയേഷന്‍ സയന്‍സില്‍ ബിരുദം നേടി. 1980വരെ റോയല്‍ എയര്‍ഫോഴ്‌സില്‍ സേവനം തുടര്‍ന്നു. 1980 മാര്‍ച്ച് 18ന് ഹായില്‍ ഗവര്‍ണറായി നിയമിതനായി. 1999 നവംബര്‍ 29ന് മദീന ഗവര്‍ണറായി നിയമിതനാകുന്നതു വരെ ഈ പദവിയില്‍ തുടര്‍ന്നു. നവാഫ് രാജകുമാരന്റെ പിന്‍ഗാമിയായി 2005 ഒക്‌ടോബര്‍ 22നാണ് ജനറല്‍ ഇന്റലിജന്‍സ് മേധാവിയായി നിയമിക്കപ്പെട്ടത്. 2012 ജൂലൈ 19ന് രാജാവിന്റെ പ്രത്യേക ദൂതനും ഉപദേഷ്ടാവുമായി നിയമിതനാകുന്നതു വരെ ജനറല്‍ ഇന്റലിജന്‍സ് മേധാവി പദവിയില്‍ തുടര്‍ന്നു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി ഒന്നിനാണ് രണ്ടാം ഉപപ്രധാനമന്ത്രിയായി നിയമിതനായത്.