Connect with us

Ongoing News

കാര്യം നേടാന്‍ ബഹിഷ്‌കരണ ഭീഷണി; ആളാകാന്‍ പിന്തുണ പ്രഖ്യാപനം

Published

|

Last Updated

തിരഞ്ഞെടുപ്പ് കാലം ചിലര്‍ക്ക് കാര്യം നേടിയെടുക്കാനുള്ള സുവര്‍ണ കാലമാണ്. പ്രാദേശിക പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയും നിരന്തരമുന്നയിക്കുന്ന ആവശ്യങ്ങള്‍ നേടിയെടുക്കാനുമായി ബഹിഷ്‌കരണ ഭീഷണി പതിവു പോലെ ഇത്തവണയും വ്യാപകമാണ്. റോഡ്, പാലം, കുടിവെള്ളം, ആശുപത്രി തുടങ്ങി ഏതൊരാളും ആഗ്രഹിക്കുന്ന അടിസ്ഥാന സൗകര്യങ്ങള്‍ തന്നെയാണ് പല പ്രദേശക്കാരും തിരഞ്ഞെടുപ്പ് ബഹിഷ്‌കരണത്തിന് കാരണമായി പറയുന്ന കാര്യങ്ങള്‍. ദീര്‍ഘനാളുകളായി അവഗണിക്കപ്പെടുന്ന തങ്ങളുടെ ആവശ്യങ്ങള്‍ തിരഞ്ഞെടുപ്പ് കാലത്തല്ലാതെ മറ്റേത് സമയത്താണ് നേടിയെടുക്കുകയെന്നാണ് ജനങ്ങളുടെ ചോദ്യവും. ആയിരവും രണ്ടായിരവുമൊക്കെ വോട്ടുകളുള്ള ചില പ്രദേശമാകെ വോട്ട് ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിക്കുമ്പോള്‍ അതിന് ചെവി കൊടുക്കാതിരിക്കാന്‍ ഒരു സ്ഥാനാര്‍ഥിക്കും കഴിയുകയുമില്ല. ഇതുവരെ ആവലാതികള്‍ അങ്ങോട്ട് പോയി പറഞ്ഞപ്പോള്‍ നടന്നില്ല. ഇനി ഇങ്ങോട്ട് വരും. വോട്ടുറപ്പിക്കാനും ബഹിഷ്‌കരണത്തില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെടാനും. കാര്യം സാധിക്കുമെന്ന് ഉറപ്പായാല്‍ “കുറുപ്പിന്റെ ഉറപ്പാ”കരുതെന്ന ഓര്‍മപ്പെടുത്തലോടെ നാട്ടുകാരും അയയും. ആവശ്യങ്ങള്‍ പലതാകാം. പക്ഷെ അവ നേടിയെടുക്കാന്‍ ബഹിഷ്‌കരണ പ്രഖ്യാപനം തന്നെയാണ് നല്ല ആയുധമെന്ന് പലരും തിരിച്ചറിഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് ബഹിഷ്‌കരണ പ്രഖ്യാപനങ്ങള്‍ കൂടിവരുന്നതും. ചില പ്രദേശങ്ങളിലെ ജനങ്ങള്‍ ഒറ്റക്കെട്ടായി ബഹിഷ്‌കരണ പ്രഖ്യാപനം നടത്തുന്നതിന് പുറമെ ചില സംഘടനകളും ബഹിഷ്‌കരണം പ്രഖ്യാപിച്ച് രംഗത്തുവരാറുണ്ട്.

തിരഞ്ഞെടുപ്പ് കാലം ആഘോഷമാക്കി മാറ്റുന്ന കടലാസ് സംഘടനകളും നാട്ടില്‍ ധാരാളമായുണ്ട്. ലെറ്റര്‍ പാഡും സീലും പ്രസിഡന്റും മാത്രമായിരിക്കും ഇത്തരം സംഘടനകളുടെ കരുത്ത്. എന്നാല്‍ തിരഞ്ഞെടുപ്പ് സമയം ഏതെങ്കിലും മുന്നണി സ്ഥാനാര്‍ഥികള്‍ക്ക് ഇവര്‍ പിന്തുണയുമായെത്തും. കേരളത്തില്‍ ഇത്തരം “സംസ്ഥാന”, “ദേശീയ” സംഘടനകള്‍ നിരവധിയുണ്ട്. ഇത്തരം സംഘടനകളുടെ പേരും ലക്ഷ്യവുമൊക്കെ കേട്ടാല്‍ തന്നെ ഞെട്ടും.
മുന്നണി സ്ഥാനാര്‍ഥികളൊക്കെ തിരഞ്ഞെടുപ്പ് ചൂടില്‍ അമരുമ്പോള്‍ ഇത്തരം കടലാസ് സംഘടനകള്‍ പിന്തുണ പ്രഖ്യാപനവുമായി പത്രസമ്മേളനം നടത്താറുണ്ട്. ഇതിനകം തന്നെ ഇത്തരം സംഘടനകളില്‍ ചിലത് രംഗപ്രവേശം ചെയ്തുകഴിഞ്ഞു. വോട്ടില്ലെങ്കിലും പിന്തുണ കുറക്കേണ്ടല്ലോ. അങ്ങിനെയെങ്കിലും സംഘടനയുടെ പേര് നാലാളറിയട്ടെയെന്നാണ് കടലാസ് സംഘടനക്കാരുടെ ആഗ്രഹം.

---- facebook comment plugin here -----

Latest