ട്വന്റി-ട്വന്റി ലോകകപ്പ് ഇന്ത്യ സെമിയില്‍

Posted on: March 28, 2014 10:19 pm | Last updated: March 28, 2014 at 10:19 pm
SHARE

team india

മിര്‍പുര്‍: ട്വന്റി-ട്വന്റി ലോകകപ്പില്‍ ബംഗ്ലാദേശിനെ അനായാസം കീഴടക്കി ഇന്ത്യ സെമയിലെത്തി. നേരത്തെ പാകിസ്താനെയും വിന്‍ഡീസിനെയും തോല്‍പിച്ച ഇന്ത്യ ഒരു കളി ശേഷിക്കെയാണ് ആറ് പോയിന്റും മികച്ച റണ്‍റേറ്റുമായി സെമി ഉറപ്പാക്കിയത്. ഏട്ട് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം.

രോഹിത് ശര്‍മ്മ വിരാട് കോലി കൂട്ടുകെട്ടാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. രോഹിത് 56 ഉം കോലി പുറത്താകാതെ 57 ഉം റണ്‍സെടുത്തു. ഇരുവരും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 100 റണ്‍സിന്റെ വിലപ്പെട്ട കൂട്ടുകെട്ടുണ്ടാക്കി. വിന്‍ഡീസിനെതിരെയും ഇവര്‍ സെഞ്ച്വറി കൂട്ടുകെട്ട് തികച്ചിരുന്നു. ധോനി 22 റണ്‍സുമായി പുറത്താകാതെ നിന്നു.

ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിനെ ഏഴിന് 138 ലൊതുക്കിയ ബൗളര്‍മാരാണ് വിജയ വഴിയൊരുക്കിയത്. അശ്വിനും(നാല് ഓവറില്‍ 15 റണ്‍സിന് രണ്ട് വിക്കറ്റ്), അമിത് മിശ്രയും( നാല് ഓവറില്‍ 26ന് മൂന്നു വിക്കറ്റ്) ചേര്‍ന്നാണ് ബംഗ്ലാദേശിനെ തകര്‍ത്തത്.

അനാമുള്‍ ഹക്കും(44), മഹ്മദുള്ളയുമാണ്(പുറത്താകാതെ 33) ആതിഥേയരുടെ പ്രധാന സ്‌കോറര്‍മാര്‍.

സൂപ്പര്‍ ടെന്‍ റൗണ്ടില്‍ തുടര്‍ച്ചയായി മൂന്നു മത്സരവും കാര്യമായ വെല്ലുവിളിയില്ലാതെ ജയിച്ചാണ് സെമിയിലേക്ക് യോഗ്യത നേടിയത്. ഇതുവരെയുള്ള കളികളില്‍ സെമിബര്‍ത്ത് ഉറപ്പിക്കാന്‍ കഴിഞ്ഞ ഏക ടീമും ഇന്ത്യയാണ്. നേരത്തെ വിന്‍ഡീസിനോടും തോറ്റ ഓസ്‌ട്രേലിയ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി. ഓസീസിനെതിരെയാണ് ഇന്ത്യയുടെ സൂപ്പര്‍ ടെന്‍ റൗണ്ടിലെ അവസാന മത്സരം.