Connect with us

Gulf

എക്‌സ്‌പോ 2020: ദുബൈയില്‍ 2.5 കോടി സന്ദര്‍ശകര്‍ എത്തും

Published

|

Last Updated

ദുബൈ: വേള്‍ഡ് എക്‌സപോ 2020ന് സാക്ഷിയാവാന്‍ 2.5 കോടി സന്ദര്‍ശകരാവും ദുബൈയിലേക്ക് ഒഴുകകയെന്ന് അധികൃതര്‍. സന്ദര്‍ശകരെ സ്വീകരിക്കാനുള്ള ഒരുക്കങ്ങള്‍ക്ക് ദുബൈ തയ്യാറെടുക്കയാണ്.
നാളിതുവരെ നടന്നതില്‍ വെച്ച് ഏറ്റവും മികച്ച അന്തരീക്ഷത്തില്‍ ശാന്തമായി എക്‌സ്‌പോക്ക് ആതിഥ്യം അരുളാനാണ് ദുബൈ ഒരുക്കം നടത്തുന്നത്. എക്‌സ്‌പോയിലൂടെ ലോകത്തിന്റെ ഹൃദയമായി മാറാനാണ് ദുബൈ ലക്ഷ്യമിടുന്നതെന്ന് ദുബൈ നഗരസഭ ആസൂത്രണ വിഭാഗത്തിലെ ആസൂത്രണ-ഗവേഷണ വിഭാഗം തലവന്‍ നജീബ് മുഹമ്മദ് സാലിഹ് വ്യക്തമാക്കി. ആസൂത്രണത്തിന്റെ മുഖ്യ അജണ്ട 2020 ആകുമ്പോഴേക്കും നഗരം എത്രമാത്രം വളരുമെന്നതാണ്. ഇതിന്റെ അടിസ്ഥാനത്തിലാവും എത്രത്തോളം സൗകര്യങ്ങളാണ് എക്‌സ്‌പോക്കായി ഒരുക്കേണ്ടത് എന്ന് തീരുമാനിക്കുക. എക്‌സ്‌പോ 2020യുമായി ബന്ധപ്പെട്ട് വിശ്രമമില്ലാത്ത പ്രവര്‍ത്തനമാണ് വകുപ്പിനു കീഴില്‍ നടന്നു കൊണ്ടിരിക്കുന്നത്. നഗരത്തില്‍ സാമാന്യരീതിയിലുള്ള വികസനമാണ് സ്വാഭാവികമായും ഉണ്ടാവേണ്ടിയിരിക്കുന്നത്. ഇതുകൂടി പരിഗണിച്ചാണ് എക്‌സ്‌പോക്കായുള്ള ബൃഹത്തായ ആസൂത്രണം നടത്തുക.
നഗരവികസനം ആസൂത്രിതമായി നിര്‍വഹിക്കുന്നതിനായി 2010ല്‍ തന്നെ നഗരസഭ എക്‌സിക്യൂട്ടീവ് കൗണ്‍സിലിനെ നിയോഗിച്ചിട്ടുണ്ട്. ആര്‍ ടി എ, ദിവ, ദുബൈ സിവില്‍ ഏവിയേഷന്‍, ലാന്റ് ഡിപാര്‍ട്ട്‌മെന്റ്, ദുബൈ മാരിടൈംസിറ്റി എന്നിവയുടെ കൂടി സഹകരണത്തോടെയാണ് പദ്ധതി തയ്യാറാക്കി നടപ്പാക്കുക. ഈ അഞ്ച് സര്‍ക്കാര്‍ വിഭാഗങ്ങളും ചേര്‍ന്നാണ് ദുബൈ 2020 മാസ്റ്റര്‍ പ്ലാനിന്റെ ആസൂത്രണവും നടപ്പാക്കലും മേല്‍നോട്ടവും നിര്‍വഹിക്കുക.
അടുത്ത പതിറ്റാണ്ടില്‍ നഗരം എങ്ങിനെയിരിക്കുമെന്നതിനെ സംബന്ധിച്ച് എക്‌സ്‌പോ 2020നായി പേര്‍ നല്‍കുന്നതിനു മുമ്പു തന്നെ പദ്ധതി ആവിഷ്‌കരിച്ചിരുന്നു. 2008 ലെ സാമ്പത്തിക മാന്ദ്യത്തിന്റെ കൂടി പാശ്ചാത്തലത്തിലായിരുന്നു ഇത്തരം ഒരു വന്‍ പദ്ധതി രൂപപ്പെടുത്തിയിരുന്നത്. ഇതില്‍ മാന്ദ്യകാലത്ത് ആവശ്യമായ തിരുത്തലുകളും വരുത്തിയിരുന്നു.
നിലവിലെ 4.1 ശതമാനം എന്ന ജനസംഖ്യാ വളര്‍ച്ച എക്‌സ്‌പോ ആവുമ്പോഴേക്കും 4.2 ശതമാനമായി വര്‍ധിക്കും. 2010 ല്‍ 19 ലക്ഷം താമസക്കാരായിരുന്നു ദുബൈയില്‍ ഉണ്ടായിരുന്നത്. 2013ല്‍ ഇത് 22.3 ലക്ഷമായി വര്‍ധിച്ചു.
നിലവില്‍ 93.106 ഹെക്ടറാണ് ദുബൈ നഗരത്തിന്റെ മൊത്തം വിസ്തൃതി. നിലവിലെ ആവശ്യങ്ങള്‍ക്ക് മതിയാവുമെങ്കിലും എക്‌സ്‌പോ ആവുമ്പോഴേക്കും 25,000 ഹെക്ടര്‍ കൂടി ഇതിനോട് ചേര്‍ക്കും. ജനസംഖ്യാ വര്‍ധനവ് പ്രതീക്ഷിക്കുന്നതിലും കൂടിയാല്‍ 25,000ന് പകരം 35,000 ഹെക്ടര്‍ ആക്കി ഇത് ഉയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.

 

Latest