Connect with us

Kerala

സലീംരാജ് കേസ്: ജനകീയ കോടതി വിധിപറയട്ടെ എന്ന് മുഖ്യമന്ത്രി

Published

|

Last Updated

ആലപ്പുഴ: സലീംരാജ് പ്രതിയായ ഭൂമിതട്ടിപ്പ് കേസില്‍ സര്‍ക്കാറിന് ഒന്നും ഒളിക്കാനില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സി ബി ഐ അന്വേഷണമാവശ്യപ്പെട്ട് സര്‍ക്കാറിന് മുന്നില്‍ വന്ന എല്ലാ കേസിലും തുറന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. സലീംരാജ് കേസ് സി ബി ഐക്ക് വിടാന്‍ സര്‍ക്കാന്‍ നേരത്തെ തയ്യാറായിരുന്നു. എന്നാല്‍ സി ബി ഐ വേണ്ട ജുഡീഷ്യല്‍ അന്വേഷണമാണ് വേണ്ടതെന്ന് പറഞ്ഞത് പ്രതിപക്ഷമാണ്.

കേസിന്റെ ആദ്യഘട്ടം മുതല്‍ തുറന്ന സമീപനമാണ് താനും സര്‍ക്കാറും സ്വീകരിച്ചത്. സര്‍ക്കാറിന്റെ നടപടികളെല്ലാം സുതാര്യമായിരുന്നു. കേസില്‍ സി ബി ഐ അന്വേഷണവും ജുഡീഷ്യല്‍ അന്വേഷണവും നടക്കും. പോരാത്തതിന് തിരഞ്ഞെടുപ്പില്‍ ജനകീയ കോടതിക്ക് മുന്നിലും ഈ വിഷയം വരികയാണ്. ജനകീയ കോടതി വിധി പറയട്ടെ എന്നും മുഖ്യമന്ത്രി പറഞ്ഞു.

ഭൂമിതട്ടിപ്പ് കേസ് സി ബി ഐക്ക് വിടാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കേസ് പരിഗണിക്കവെ മുഖ്യമന്ത്രിക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് കോടതി നടത്തിയത്. കേസില്‍ ഉന്നതതല ഗൂഢാലോചന നടന്നിട്ടുണ്ടെന്നും സംസ്ഥാനത്തെ വിജിലന്‍സ് അടക്കമുള്ള ഏജന്‍സികളുടെ അന്വേഷണം തൃപ്തികരമല്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.