Connect with us

National

കടല്‍ക്കൊല: വിചാരണ നടപടികള്‍ സുപ്രീം കോടതി സ്‌റ്റേ ചെയ്തു

Published

|

Last Updated

ന്യൂഡല്‍ഹി: കടല്‍ക്കൊലക്കേസില്‍ ഇറ്റാലിന്‍ നാവികര്‍ക്കെതിരായ വിചാരണ നടപടികള്‍ സുപ്രീം കോടതി സ്‌റ്റേ ചെയ്തു. എന്‍ഐഎ അന്വേഷണം പ്രഖ്യാപിച്ച കോടതി ഉത്തരവിനെതിരേ നാവികര്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ജസ്റ്റീസ് ബി.എസ് ചൗഹാന്‍ അധ്യക്ഷനായ ബെഞ്ചിന്റെ നടപടി. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് കോടതി ആരാഞ്ഞു. വിചാരണ സ്‌റ്റേ ചെയ്തതോടെ വികര്‍ക്കെതിരേ കുറ്റപത്രം സമര്‍പ്പിക്കുന്നതും വൈകും.

കേസില്‍ ഇന്ത്യയ്ക്ക് മേല്‍ ഇറ്റലി അന്താരാഷ്ട്ര സമ്മര്‍ദ്ദം ശക്തമാക്കുന്നതിനിടെയാണ് നാവികര്‍ക്ക് അനുകൂലമായ വിധിയുണ്ടായിരിക്കുന്നത്. 2013 ജനുവരി 18 നാണ് കേസ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടത്. ഇന്ത്യയിലെ കോടതികള്‍ക്ക് കേസ് പരിഗണിക്കാന്‍ അവകാശമില്ലെന്ന ഇറ്റലിയുടെ വാദം തള്ളിക്കൊണ്ടായിരുന്നു വിധി. ഇതിനെതിരേയാണ് ഇന്ത്യയിലെ ഇറ്റാലിയന്‍ സ്ഥാനപതിയായിരുന്ന ഡാനിയേല മന്‍ചീനിയും നാവികരും കോടതിയെ സമീപിച്ചത്.

2012 ഫെബ്രുവരി 15 ന് കൊല്ലം തീരത്ത് രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവെച്ചു കൊന്നുവെന്നതാണ് നാവികര്‍ക്കെതിരായ കേസ്. ഇറ്റാലിയന്‍ ചരക്കുകപ്പലായ എന്റിക്ക ലെക്‌സിയില്‍ നിന്നായിരുന്നു വെടിവെപ്പ്. കപ്പലിന്റെ സുരക്ഷാചുമതല വഹിച്ചിരുന്ന മാസിമിലാനോ ലത്തോറെ, സാല്‍വത്തോറെ ഗീറോണ്‍ എന്നിവരെ പിന്നീട് അറസ്റ്റ് ചെയ്യുകയായിരുന്നു.

Latest