മഅദനിയെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റണമെന്ന് സുപ്രീംകോടതി

Posted on: March 28, 2014 11:39 am | Last updated: March 29, 2014 at 1:40 pm
SHARE

madaniന്യൂഡല്‍ഹി: സ്‌ഫോടനക്കേസ് ചുമത്തപ്പെട്ട് ബാംഗ്ലൂരുവിലെ പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന പിഡിപി നേതാവ് അബ്ദുല്‍ നാസര്‍ മഅദനിയെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റണമെന്ന് സുപ്രീംകോടതി. വിദഗ്ദ ചികിത്സക്കായി ജാമ്യം നല്‍കണമെന്നാവശ്യപ്പെട്ട് മഅദനി നല്‍കിയ ഹരജി പരിഗണിച്ചാണ് ഉത്തരവ്.

ബാംഗ്ലൂരിലെ മണിപ്പാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്നാണ് നിര്‍ദേശം. മദനിയുടെ അഡ്മിറ്റ് റിപ്പോര്‍ട്ട് തിങ്കളാഴ്ച്ച ഹാജരാക്കണമെന്നും കോടതി ഉത്തരവിട്ടു. മദനിയുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതി ഇക്കാര്യം ആവശ്യപ്പെട്ടത്. മദനിക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നും ഇല്ലാത്തതിനാല്‍ ജാമ്യം അനുവദിക്കരുതെന്നാണ് കര്‍ണാടക സര്‍ക്കാരിന്റെ ആവശ്യം. മണിപ്പാല്‍ ആശുപത്രിയില്‍ പരിശോധന നടത്തിയെങ്കിലും പ്രശ്‌നങ്ങള്‍ ഒന്നും കണ്ടെത്തിയിട്ടില്ലെന്നാണ് കര്‍ണാടക സര്‍ക്കാര്‍ സത്യവാങ്മൂലത്തിലൂടെ ഇന്നലെ സുപ്രീം കോടതിയെ അറിയിച്ചിരുന്നത്. കോടതിയുടെ സഹതാപത്തിനും ജാമ്യത്തിനുമായാണ് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെന്ന് മദനി പറയുന്നതെന്നും കര്‍ണാടക കഴിഞ്ഞദിവസം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കര്‍ണ്ണാടക ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നാല്‍ സര്‍ക്കാരും ആശുപത്രികളും ഒത്തുകളിക്കുകയാണെന്നും ചികിത്സ ലഭ്യമാക്കാന്‍ ജാമ്യം അനുവദിക്കണമെന്നുമാണ് മദനിയുടെ ആവശ്യം. കഴിഞ്ഞ മാര്‍ച്ച് 15ന് സുപ്രീം കോടതി കേസ് പരിഗണിച്ചപ്പോള്‍ മദനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.