Connect with us

Kozhikode

കൊടിയത്തൂരിന് കൊടിയ ദുരിതം; ഓമശ്ശേരിക്കാര്‍ക്കും കുടിവെള്ളമില്ല

Published

|

Last Updated

ഭാവിയെ കുറിച്ച് ആശങ്കയില്ലാത്തവരുടെ സൃഷ്ടികൂടിയാണ് കൊടിയത്തൂര്‍, ഓമശ്ശേരി പഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമം. ചാലിയാറിന്റെയും ഇരുവഴിഞ്ഞിപ്പുഴയുടെയും ഇരുതുള്ളി പുഴയുടെയും ജലസമൃദ്ധി ഇരു പഞ്ചായത്തുകാരും മറക്കാറായിട്ടില്ല.
കൊടിയത്തൂര്‍, ഓമശ്ശേരി പഞ്ചായത്തുകളിലെ ജലാവശ്യം നല്ലൊരു പരിധി വരെ നിറവേറ്റുന്നതില്‍ ഈ മൂന്ന് നദികള്‍ വഹിച്ച പങ്ക് ചെറുതല്ല. പുഴകളുടെ മാറ് പിളര്‍ന്നുള്ള അമിതമായ മണലെടുപ്പ് ഈ പുഴകളെ ശോഷിപ്പിച്ചു. പുഴകളിലെ നീരൊഴുക്ക് കുറയാന്‍ തുടങ്ങിയപ്പോ ള്‍ സമീപങ്ങളിലെ മറ്റ് ജലസ്രോതസ്സുകള്‍ വരളാന്‍ തുടങ്ങി. ഇതു മൂലം ഒട്ടേറെ കുടിവെള്ള പദ്ധതികള്‍ താളംതെറ്റി. കൊടിയത്തൂര്‍ പഞ്ചായത്തിലെ പൊലുകുന്ന്, മൂതപ്പറമ്പ് കോളനികള്‍, മറത്തുംമൂല നാല് സെന്റ് കോളനി, എരഞ്ഞിമാവ് തഞ്ചീരിപ്പറമ്പ്, പന്നിക്കോട് പരപ്പില്‍, ഉണിക്കോരന്‍കന്ന്, കളക്കൊടിക്കുന്ന്, ചാലക്കല്‍ കുന്ന്, കാരക്കുറ്റി, ചെറുവാടി പ്രദേശങ്ങളിലാണ് കുടിവെള്ളക്ഷാമമനുഭവപ്പെടുന്നത്. ആയിരക്കണക്കിനാളുകള്‍ ഉപയോഗിച്ചിരുന്നത് കൊടിയത്തൂര്‍ ശുദ്ധജല പദ്ധതിയായിരുന്നു. 1983ല്‍ പ്രവര്‍ത്തനമാരംഭിച്ച പദ്ധതിയില്‍ തെയ്യത്തുംകടവില്‍ നിന്നും കോട്ടമുഴിക്കടവില്‍ നിന്നുമായിരുന്നു വെള്ളമെടുത്തിരുന്നത്. മുപ്പത് വര്‍ഷം മുമ്പ് സ്ഥാപിച്ച പൈപ്പുകള്‍ കാലപ്പഴക്കത്താല്‍ ദ്രവിച്ചതുമൂലം പലയിടങ്ങളിലും ജലവിതരണം നിലച്ചു. ഒരു ഗ്രാമപഞ്ചായത്തിലെ ഭൂരിഭാഗം ജനങ്ങളും ആശ്രയിക്കുന്ന കുടിവെള്ളപദ്ധതിക്ക് പൈപ്പ് മാറ്റുന്നതിനാവശ്യമായ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടില്ലെന്നതാണ് സത്യം. കുടിവള്ളക്ഷാമം രൂക്ഷമായ പ്രദേശങ്ങളില്‍ സ്ഥാപിച്ച കുഴല്‍ക്കിണറുകളില്‍ ഭൂരിഭാഗവും ഇന്ന് പ്രവര്‍ത്തിക്കുന്നില്ല.
പന്നിക്കോട്, ഗോതമ്പുറോഡ്, എരഞ്ഞിമാവ്, കവിലട ഭാഗങ്ങളിലെ കുടിവള്ള ദുരിതത്തിന് ഐലാക്കോട് കുടിവെള്ള പദ്ധതി വന്നതോടെ പരിഹാരമായിട്ടുണ്ട്. എന്‍ സി പി ഡി പദ്ധതി പ്രകാരം തെയ്യത്തുംകടവില്‍ നിര്‍മിച്ച പമ്പ് ഹൗസും ടാങ്കും രണ്ട് വര്‍ഷമായി ഇതുവരെ പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല. എരഞ്ഞിമാവില്‍ ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച തെഞ്ചീരിപ്പറമ്പ് പദ്ധതി കാട് മൂടി കിടക്കുകയാണ്. പത്ത് വര്‍ഷത്തിലേറെയായി ഇത് പ്രവര്‍ത്തിക്കുന്നില്ല. ചെറുവാടി കുറ്റിക്കാട് കുന്നത്ത്, കുറുവാടങ്ങല്‍ പ്രദേശങ്ങളിലെ ഇരുപതിലേറെ കുടുബങ്ങള്‍ വെള്ളത്തിന് പ്രയാസപ്പെടുകയാണ്. ഇവിടേക്ക് വെള്ളമെത്തിച്ചിരുന്ന വാട്ടര്‍ അതോറിറ്റിയുടെ കൊടിയത്തൂര്‍ ശുദ്ധജല പദ്ധതിയില്‍ നിന്ന് ഇവരെ ഐലാക്കോട് പദ്ധതിയിലേക്ക് മാറ്റിയതാണ് ദുരിതം വരുത്തിയത്.
ഓമശ്ശേരി പഞ്ചായത്തിലെ കണ്ണങ്കോട്ട് മല, മങ്ങാട് കെട്ടുങ്ങല്‍, മുടൂര്‍ ഭാഗങ്ങളില്‍ കുടിവെള്ളക്ഷാമം രൂക്ഷമാണ്. ഈ ഭാഗങ്ങളില്‍ ലക്ഷങ്ങള്‍ മുടക്കി ഗ്രാമപഞ്ചായത്ത് നിര്‍മിച്ച പദ്ധതികളില്‍ പലതും ടാങ്കുകളും പമ്പ് ഹൗസും തകര്‍ന്ന് കാടുകയറി നശിക്കുകയാണ്. പുല്ലങ്കോട് പട്ടികജാതി കോളനി പദ്ധതി, കൊളത്തക്കര ഇടിവെട്ടിമല ജലസേചന പദ്ധതി, മങ്ങാട്ട് പുറായില്‍ പദ്ധതി, കരുമ്പാലന്‍ കോളനി പദ്ധതി, നായാട്ടുപാറ- കണ്ണങ്കോട്ടുമല കുടിവെള്ള പദ്ധതി, മുട്ടൂര്‍ ചീനക്കുഴി ലക്ഷം വീട് കോളനി പദ്ധതി തുടങ്ങിയവയൊന്നും ഇന്ന് പ്രവര്‍ത്തിക്കുന്നില്ല. ചീനക്കുഴി പദ്ധതിയുടെ ജലസമൃദ്ധമായ പൊതുകുളം നോക്കുകുത്തിയായി തുടരുമ്പോഴും കോളനിയിലുള്ളവര്‍ കുടിവെള്ളം തലച്ചുമടായി കൊണ്ടുവരികയാണ്. വൈദ്യുതി ബില്ലടച്ചില്ലെന്ന കാരണത്താലാണ് ഇവിടെ പമ്പിംഗ് നിന്നുപോയത്. പിഴയടക്കമുള്ള തുക അടക്കാന്‍ നാട്ടുകാര്‍ സന്നദ്ധമായെങ്കിലും പഞ്ചായത്ത് അധികൃതര്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടില്ല. ഒന്നാം വാര്‍ഡിലെ കൂടത്തായി അമ്പലക്കുന്ന് കോളനിയിലേയും പരിസരങ്ങളിലെയും ഇരുന്നൂറോളം കുടുംബങ്ങള്‍ കുടിവെള്ളത്തിനായി അലയുകയാണ്. വാട്ടര്‍ അതോറിറ്റിയുടെ താമരശ്ശേരിയിലെ തോണിക്കടവ് പദ്ധതിയില്‍ നിന്നാണ് ഇവിടേക്ക് വെള്ളമെത്തിച്ചിരുന്നത്. ജലക്ഷാമം പരിഹരിക്കാനായി ഇരുതുള്ളിപ്പുഴക്ക് കുറുകെ കഴിഞ്ഞ വര്‍ഷം രണ്ട് ലക്ഷം രൂപ ചെലവില്‍ തടയണ നിര്‍മിച്ചിരുന്നെങ്കിലും ഒരു വിഭാഗം ആളുകള്‍ പൊളിച്ചതോടെ ഈ ഭാഗത്തേക്കുള്ള പമ്പിംഗ് നിലച്ചു. ഒന്നിടവിട്ട ദിവസങ്ങളിലാണിപ്പോള്‍ കുറഞ്ഞ തോതില്‍ ഇവര്‍ക്ക് വെള്ളം ലഭിക്കുന്നത്.
(അവസാനിച്ചു)