നന്ദിയോട് ഗവ. ഹൈസ്‌കൂള്‍ ശതാബ്ദി ആഘോഷ സമാപനം നാളെ

Posted on: March 28, 2014 9:36 am | Last updated: March 28, 2014 at 9:36 am
SHARE

ചിറ്റൂര്‍: അതിര്‍ത്തി പ്രദേശത്തെ ആയിരങ്ങള്‍ക്ക് അക്ഷര വെളിച്ചം പകര്‍ന്ന നന്ദിയോട് ഗവ. ഹൈസ്‌കൂളിലെ ശതാബ്ദി ആഘോഷ പരിപാടികള്‍ 29ന് സമാപിക്കും. കിഴക്കന്‍ മേഖലയില്‍ അക്ഷരാഭ്യാസത്തിന് മാര്‍ഗമില്ലാതിരുന്ന കാലത്താണ് ആഴിചിറ പ്രഭാകരന്‍ തന്റെ വീട്ടില്‍ കുടിപ്പള്ളിക്കൂടം ആരംഭിച്ചത്.
വളര്‍ച്ചയുടെ പടവുകള്‍ താണ്ടി എല്‍ പി മുതല്‍ ഹൈസ്‌കൂള്‍ തലംവരെ എത്തിനില്‍ക്കുകയാണിന്ന്. ഒരു നാടിന്റെ സാംസ്‌കാരിക പുരോഗതിക്ക് നന്ദിയോട് ഗവ. ഹൈസ്‌കൂള്‍ വഹിച്ച പങ്ക് വലുതാണ്. ഇതിന്റെ ഭാഗമായി ഒരുവര്‍ഷം നീണ്ടുനിന്ന ശതാബ്ദിയാഘോഷങ്ങളാണ് സ്‌കൂളില്‍ ഒരുക്കിയിരുന്നത്. ആയിരത്തിലേറെ കുട്ടികള്‍ പഠിക്കുന്ന ഈ വിദ്യാലയം പഠനത്തില്‍ മാത്രമല്ല, കലാസാംസ്‌കാരിക കായിക രംഗങ്ങളിലും മികവ് തെളിയിച്ചിട്ടുണ്ട്.
പാലക്കാട് ഡയറ്റ് നടപ്പാക്കിയ സ്‌റ്റെപ്പ്‌സ്‌കൂള്‍ ആന്‍ഡ് ടീച്ചര്‍ എംപവര്‍മെന്റ് പ്രോഗ്രാം എന്ന പരിപാടിയില്‍ സബ് ജില്ലയിലെ മികച്ച യു പി സ്‌കൂളായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
ശതാബ്ദിയാഘോഷങ്ങളുടെ ഭാഗമായി സൗജന്യ നേത്രചികിത്സാ ക്യാമ്പ്, മെഡിക്കല്‍ ക്യാമ്പ്, രക്തഗ്രൂപ്പ് നിര്‍ണയ ക്യാമ്പ്, അവയവ, ശരീരദാന സമ്മതപത്ര സമര്‍പ്പണം എന്നിവയും സംഘടിപ്പിച്ചു. പൂഴിമണ്ണില്‍ ആദ്യാക്ഷരം കുറിച്ച് അക്ഷരാഭ്യാസം തുടങ്ങിയ ഈ സരസ്വതീക്ഷേത്രം പട്ടഞ്ചേരി പഞ്ചായത്തിലെ ആദ്യ വിദ്യാലയം കൂടിയാണ്.
29ന് സാംസ്‌കാരിക ഘോഷയാത്രയോടെ ആരംഭിക്കുന്ന ശതാബ്ദിയാഘോഷ സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി എന്‍ കണ്ടമുത്തന്‍ ഉദ്ഘാടനംചെയ്യും.