ഷൊര്‍ണൂര്‍ റയില്‍വേ സ്‌റ്റേഷന്‍ ചീഞ്ഞുനാറുന്നു

Posted on: March 28, 2014 9:36 am | Last updated: March 28, 2014 at 9:36 am
SHARE

പാലക്കാട്: മാലിന്യനീക്കം നിലച്ചതോടെ പാലക്കാട്-ഷൊര്‍ണൂര്‍ റയില്‍വേ സ്‌റ്റേഷന്‍ ചീഞ്ഞുനാറുന്നു. ശുചീകരണ തൊഴിലാളികളുടെ സമരത്തെത്തുടര്‍ന്നാണ് മാലിന്യനീക്കം തടസപ്പെട്ടത്. സേവനവേതന വ്യവസ്ഥകള്‍ പരിഷ്‌കരിക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. ഷൊര്‍ണൂര്‍ റയില്‍വേ സ്‌റ്റേഷനില്‍ ശുചീകരണത്തൊഴിലാളികളുടെ സമരം തുടങ്ങിയിട്ട് രണ്ടാഴ്ചയായി. മാലിന്യങ്ങള്‍ കുന്നുകൂടിയതോടെ ദുര്‍ഗന്ധം വമിക്കുന്ന പ്ലാറ്റ്‌ഫോമില്‍ നില്‍ക്കാന്‍ പറ്റാത്ത അവസ്ഥയാണ്.
സേവനവേതന വ്യവസ്ഥകള്‍ പരിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ 15 മുതല്‍ തുടങ്ങിയ സമരത്തില്‍ 72 തൊഴിലാളികളാണ് പങ്കെടുക്കുന്നത്. നിലവില്‍ ഒരു ദിവസം 207 രൂപയാണ് ഒരു തൊഴിലാളിയുടെ കൂലി. ഇത് കാലോചിതമായി വര്‍ധിപ്പിക്കണമെന്നും ശുചീകരണ ഉപകരണങ്ങള്‍ നല്‍കണമെന്നുമാണ് തൊഴിലാളികളുടെ ആവശ്യം. കോഴിക്കോട്, പാലക്കാട് എന്നിവിടങ്ങളില്‍ നിന്ന് തൊഴിലാളികളെ എത്തിച്ച് റയില്‍വേ ശുചീകരണം നടത്തുന്നുണ്ടെങ്കിലും ഇത് പര്യാപ്തമല്ല.
തൊഴിലാളി സംഘടകളെയും കരാറുകാരനെയും ഉള്‍പ്പെടുത്തി പ്രശ്‌നപരിഹരിക്കാനാകാത്തത് റെയില്‍വെയുടെ കടുംപിടിത്തമാണെന്ന് സംഘടനകള്‍ ആരോപിക്കുന്നു.