നാട്ടില്‍ വിഭാഗീയതയുണ്ടാക്കാന്‍ ശ്രമിച്ചവരെ പിടികൂടി

Posted on: March 28, 2014 9:35 am | Last updated: March 28, 2014 at 9:35 am
SHARE

ചെര്‍പ്പുളശേരി: മത പ്രബോധകരെന്ന വ്യാജേന നാട്ടില്‍ ചുറ്റിക്കറങ്ങി യുവാക്കള്‍ക്കിടയില്‍ ദൂരുഹ ചിന്ത പ്രചരിപ്പിച്ചവരെ നാട്ടുകാര്‍ പിടികൂടി. ചെര്‍പ്പുളശേരി മഠത്തിപ്പറമ്പിലാണ് സംഭവം.
ഏതാനും ദിവസങ്ങളായി ചെര്‍പ്പുളശേരി കേന്ദ്രീകരിച്ച് ഒരു സംഘം ആളുകള്‍ ദുരുഹ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. പള്ളികളില്‍ പ്രാര്‍ഥനക്കെത്തുന്ന വിശ്വാസികളെ തടഞ്ഞ് നിര്‍ത്തി വിഭാഗീയത ചര്‍ച്ച ചെയ്യുകയും യുവാക്കള്‍ക്ക് സ്വകാര്യ ക്ലാസുകള്‍ നല്‍കുകയുമാണ് ഇവര്‍ ചെയ്തിരുന്നത്.
ചെര്‍പ്പുളശേരി ഒറ്റപ്പാലം റോഡിലുളള ജമാഅത്തെ ഇസ്‌ലാമിയുടെ പള്ളിയില്‍ അനുമതി വാങ്ങാതെ ക്ലാസ് നടത്താന്‍ ശ്രമിച്ചതിന് ഇവരെ കഴിഞ്ഞ ദിവസം പള്ളിയില്‍ നിന്നും ഇറക്കി വിട്ടിരുന്നു.
എന്നാല്‍ മഠത്തിപ്പറമ്പിലെ വിഘടിത സമസ്തയുടെ നേതാവ്, തന്റെ വീട് ഇവര്‍ക്ക് ക്യാമ്പ് ചെയ്യുന്നതിനായി നല്‍കുകയായിരുന്നു. ഈ വീട്ടില്‍ ക്യാമ്പ് ചെയ്താണ് ഇവര്‍ പരിസര പ്രദേശങ്ങളില്‍ പ്രവര്‍ത്തനം നടത്തിയിരുന്നത്. ഇവരുടെ പ്രവര്‍ത്തനം ദുരൂഹമായി തുടര്‍ന്നതോടെ മഠത്തിപ്പറമ്പ് മഹല്ല് ഭാരവാഹികളും ഉസ്താദുമാരും സുന്നി സംഘടനാ പ്രവര്‍ത്തകരും ഇവരെ താക്കീത് ചെയ്യുകയും മഹല്ല് പരിധിയിലെ വീടുകളില്‍ കയറി ഇറങ്ങുന്നത് നിര്‍ത്താന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. പ്രവര്‍ത്തനം തുടര്‍ന്നപ്പോള്‍ വീടൊഴിപ്പിക്കാന്‍ ആവശ്യപ്പെടുകയുണ്ടായി. ചെര്‍പ്പുളശേരി എസ് ഐ ചന്ദ്രന്റെ നേതൃത്വത്തില്‍ പോലീസെത്തി കാര്യങ്ങള്‍ അന്വേഷിക്കുകയും വിഘടിത നേതാവിന്റെ വിട്ടിലെത്തി തെളിവെടുക്കുകയും ചെയ്തു. എന്നാല്‍ ഇതൊന്നും ഗൗനിക്കാതെ ഇന്നലെയും ചില വീടുകളില്‍ കയറി ഇറങ്ങുകയും വീട്ടിലുള്ളവരോടും പള്ളി ഇമാമിനോടും മോശമായി സംസാരിക്കുകയും ചെയ്തതോടെ ജനങ്ങള്‍ സംഘടിച്ച് ഇവരോട് ക്യാമ്പ് അവസാനിപ്പിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.
താമസിച്ചിരുന്ന വീട് നിര്‍ബന്ധപൂര്‍വം ഒഴിപ്പിക്കാന്‍ ആവശ്യപ്പെട്ടതോടെ ഗത്യന്തരമില്ലാതെ ഇവര്‍ സ്ഥലം വിട്ടു. ക്യാമ്പ് അംഗങ്ങള്‍ സിമി പ്രവര്‍ത്തകരാണെന്ന അഭ്യൂഹവും പരന്നിരുന്നു.