നിയന്ത്രണം വിട്ട കാര്‍ വാഹനങ്ങളിലേക്ക് ഇടിച്ച് കയറി എട്ട് പേര്‍ക്ക് പരുക്ക്‌

Posted on: March 28, 2014 9:34 am | Last updated: March 28, 2014 at 9:34 am
SHARE

എടപ്പാള്‍: നിയന്ത്രണം വിട്ട കാര്‍ എതിരെ വന്ന ടാറ്റാസുമോയിലും ഇന്നോവയിലും ഇടിച്ചുകയറി. ഇടിയുടെ ആഘാതത്തില്‍ ടാറ്റാസുമോ റോഡിലേക്ക് വശം ചെരിഞ്ഞു വീണു. അപകടത്തില്‍ ഗര്‍ഭിണിയടക്കം എട്ട് പേര്‍ക്ക് പരുക്ക്.
സംസ്ഥാനപാതയിലെ നടുവട്ടത്ത് ഇന്നലെ ഉച്ചക്ക് രണ്ടിനാണ് അപകടം. എടപ്പാള്‍ ഭാഗത്ത് നിന്നും വരികയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് എതിരെ വന്ന ടാറ്റാസുമോയിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിന്റെ ഇടതുഭാഗത്തെ ഡ്രൈനേജിന് മുകളിലേക്ക് ടാറ്റാസുമോ വശം ചേര്‍ന്ന് ചെരിഞ്ഞു വീണു. ടാറ്റാസുമോയിലിടിച്ചതിന് ശേഷം എതിരെ തലശ്ശേരിയിലേക്ക് വരികയായിരുന്ന ഇന്നോവ കാറിന്റെ വശത്ത് കാര്‍ ഇടിച്ചുകയറി. ഇടിയുടെ ആഘാതത്തില്‍ ഇന്നോവ കാര്‍ എതിര്‍ ദിശയിലേക്ക് തിരിഞ്ഞ് ഡ്രൈനേജുകളില്‍ കയറി നിന്നു.
മറിഞ്ഞ ടാറ്റാസുമോയില്‍ നിന്നും യാത്രക്കാരെ ഏറെ പ്രയാസപ്പെട്ടാണ് നാട്ടുകാര്‍ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്. പരുക്കേറ്റ കാര്‍ യാത്രികരായ എടപ്പാള്‍ കോലൊളമ്പ് പറമ്പത്തേരി ജാനകി (80), പറമ്പത്തേരി ഹരിദാസന്‍ (48), പറമ്പത്തേരി നീതു (24) എന്നിവരെയും ടാറ്റാസുമോയിലെ യാത്രക്കാരി ഒറ്റപ്പാലം കീഴൂര്‍ അരിക്കത്തൊടി പത്തായപ്പുരയില്‍ രത്‌നമ്മ (75)യെയും എടപ്പാള്‍ ആശുപത്രിയിലും ഒപ്പമുണ്ടായിരുന്ന നാരായണന്‍ നായര്‍ (71), ഐശ്വര്യ (24), ശോഭ (43), സുലോചന (45) എന്നിവരെ ശുകപുരം ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടത്തില്‍ പെട്ട കാറിലെ യാത്രക്കാര്‍ വളാഞ്ചേരിയില്‍ നിന്നും കോലൊളമ്പിലേക്കും ടാറ്റാസുമോയിലെ യാത്രക്കാര്‍ ഗുരുവായൂരില്‍ നിന്നും ഒറ്റപ്പാലത്തേക്കും ഇന്നോവ കാറിലെ യാത്രക്കാര്‍ പെരുമ്പിലാവില്‍ നിന്നും തലശ്ശേരിയിലേക്കും വരികയായിരുന്നു.